ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം കുത്തകയാക്കിവെച്ചിരുന്ന ഇന്ത്യന്‍ പുരുഷ ടീമിന് ഞെട്ടിക്കുന്ന തോല്‍വി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സെമിയില്‍ ഇന്ത്യ ഇറാനോട് തോറ്റു. സ്‌കോര്‍ 27-18. ഈ ഇനത്തില്‍ വെങ്കലം മാത്രമാണ് ഇന്ത്യയ്ക്ക് ഇത്തവണ ലഭിക്കുക. 1990 മുതല്‍ എല്ലാ ഏഷ്യന്‍ ഗെയിംസുകളിലും സ്വര്‍ണം നേടിയ ടീമാണ് ഇന്ത്യയുടെത്. ഏഷ്യന്‍ കബഡിയില്‍ അനിഷേധ്യരായുന്ന ഇന്ത്യ ഇത്തവണ കൊറിയയോടും തോറ്റിരുന്നു. മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.
ഇതോടെ നാലു സ്വര്‍ണവും നാല് വെള്ളിയും പത്ത് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് പതിനെട്ട് മെഡലുകളായി. ഗെയിംസിന്റെ മൂന്നാംദിനം പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞദിവസം വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബതും സ്വര്‍ണം നേടി.

ഗെയിംസില്‍ ഇന്ത്യ ആകെ നേടിയ നാലു സ്വര്‍ണത്തില്‍ രണ്ടെണ്ണവും ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍. പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണ്‍, 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍, പുരുഷന്മാരുടെ ഡബിള്‍ട്രാപ് ഷൂട്ടിങ്ങില്‍ പതിനഞ്ചുകാരന്‍ ശാര്‍ദുല്‍ വിഹാര്‍ എന്നിവര്‍ വെള്ളി നേടി.