ഇഞ്ചിയോണ്‍: ഏഷ്യയില്‍ ചൈനയ്ക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. 149 സ്വര്‍ണമെഡലുകള്‍ നേടി ഏഷ്യന്‍ ഗെയിംസില്‍ ചൈന തങ്ങളുടെ അപ്രമാദിത്വം ആവര്‍ത്തിച്ചു. ആകെ മൊത്തം 337 മെഡലുകളാണ് പതിനേഴാമത് ഏഷ്യാഡില്‍ ചൈനയുടെ നേട്ടം. 228 മെഡലുകള്‍ സ്വന്തമാക്കിയ ആതിഥേയരായ ദക്ഷിണ കൊറിയയാണ് മെഡല്‍ വേട്ടയില്‍ രണ്ടാമത്. ചൈനയ്ക്കും ദക്ഷിണ കൊറിയയ്ക്കും പിന്നില്‍ മെഡല്‍വേട്ടയില്‍ ജപ്പാനാണ് മൂന്നാമത്.
2010 ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിനെ അപേക്ഷിച്ച് നോക്കിയാല്‍ നിരാശയോടെയാണ് ഇന്ത്യന്‍ ടീം മടങ്ങുന്നത്. മെഡല്‍ വേട്ടയില്‍ മാത്രമല്ല രണ്ട് സ്ഥാനങ്ങളിലും ഇന്ത്യ പിന്നോക്കം പോയി. 11 സ്വര്‍ണം, പത്ത് വെള്ളി, 36 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഗ്വാങ്ഷുവില്‍ ആറാമതായിരുന്ന ഇന്ത്യ ഇഞ്ചിയോണില്‍ രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി എട്ടാമതാണ് ഫിനിഷ് ചെയ്തത്.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ തങ്ങളുടെ അവസാന മത്സര ഇനമായ തായ്ക്വണേ്ടായില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. വനിതകളുടെ മത്സരങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. 73 കിലോ വിഭാഗത്തില്‍ കുവൈറ്റിന്റെ അല്‍ഫഹാദ് അബ്‌റാറാണ് ശാലു റെയ്കവരിനെ തോല്‍പിച്ചത്. 73 കിലോ വിഭാഗത്തില്‍ ചൈനയുടെ ലീ ഡോംഗ്ഹു മാര്‍ഗരെറ്റ് മരിയയെ കീഴടക്കി.
സ്വര്‍ണം പ്രതീക്ഷിച്ചുപോയ പല ഇനങ്ങളിലും മുന്നേറ്റം നടത്താനാവാതെ പോയതാണ് ഇഞ്ചിയോണില്‍ ഇന്ത്യയെ നിരാശരാക്കിയത്. പുരുഷ ബോക്‌സിംഗ്, ഷൂട്ടിംഗ് എന്നിവയാണ് ഏറ്റവും നിരാശപ്പെടുത്തിയത്. എന്നാല്‍ ഹോക്കിയും കബഡിയും സ്വര്‍ണത്തോടെ ഇന്ത്യയ്ക്ക് അഭിമാനമായി. സ്‌ക്വാഷിലും ടെന്നീസിലും മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.