ന്യൂയോര്‍ക്ക്: സ്വിസ് ഇതിഹാസവും മുന്‍ ചാംപ്യനുമായ റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നു പുറത്തായി. 24ാം സീഡായ അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് ഫെഡററെ അട്ടിമറിച്ചത്. അതേസമയം, വനിതാ സിംഗിള്‍സില്‍ കിരീടം അമേരിക്ക തന്നെ നിലനിര്‍ത്തും. കാരണം സെമി ഫൈനലില്‍ മാറ്റുരയ്ക്കുന്ന നാലു താരങ്ങളും അമേരിക്കയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കൊക്കോ വാന്‍ഡെവെഗെയും മാഡിസണ്‍ കെയസും വെന്നിക്കൊടി പാറിച്ചതോടെയാണ് ഓള്‍ അമേരിക്കന്‍ സെമിക്കു അരങ്ങൊരുങ്ങിയത്. നേരത്തേ വെറ്ററന്‍ താരം വീനസ് വില്ല്യംസും സ്ലൊവെയ്ന്‍ സ്റ്റീവന്‍സും സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തിരുന്നു. 1981നു ശേഷം ഇതാദ്യമായാണ് ടൂര്‍ണമെന്റിലെ നാലു സെമി ഫൈനലിസ്റ്റുകളും അമേരിക്കന്‍ താരങ്ങളാവുന്നത്. അതേസമയം, പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ സെമി ഫൈനലിലേക്ക് മുന്നേറി.

ആവേശകമായ ക്വാര്‍ട്ടറില്‍ 7-5, 3-6, 7-6, 6-4 എന്ന സ്‌കോറിനാണ് ഡെല്‍പോട്രോ കിരീട ഫേവറിറ്റുകളിലൊന്നായ ഫെഡററെ വീഴ്ത്തിയത്. ഫെഡറര്‍ പുറത്തായതോടെ ഫെഡറര്‍-നദാല്‍ സ്വപ്ന സെമി സാധ്യതയും അസ്തമിച്ചു. റഷ്യന്‍ കൗമാര താരം ആന്ദ്രെ റുബ്‌ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തു നദാല്‍ നേരത്തേ സെമിയിലെത്തിയിരുന്നു. 6-1, 6-2, 6-2 എന്ന സ്‌കോറിനാണ് 31 കാരനായ നദാല്‍ 19 കാരനായ റഷ്യന്‍ താരത്തെ നിഷ്പ്രഭനാക്കിയത്. ഒരു മണിക്കൂറും 37 മിനിറ്റും കൊണ്ട് മല്‍സരം അവസാനിച്ചു.

വനിതകളുടെ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ചെക്ക് റിപബ്ലിക് താരം കരോലിന പ്ലിസ്‌കോവയെയാണ് വാന്‍ഡെവെഗ ഞെട്ടിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 7-6, 6-3. മറ്റൊരു ക്വാര്‍ട്ടറില്‍ എസ്റ്റോണിയയുടെ കെയ കനെപ്പിയെ 15ാം സീഡായ കെയസ് കെട്ടുകെട്ടിക്കുകയായിരുന്നു. തികച്ചും അനായാസമായിരുന്നു കെയസിന്റെ വിജയം. സ്‌കോര്‍: 6-3, 6-3.