തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളിലൊരാളായ അജിത് സിനിമക്ക് ഇടവേളയിട്ട് റേസിങ് ട്രാക്കിലേക്കിറങ്ങാന്‍ പോവുകയാണ്. ആരാധകര്‍ തലയെന്ന വിശേഷണം നല്‍കി നെഞ്ചേറ്റുന്ന നായകനാണ് അജിത്. അജിത്തിന് അഭിനയം പോലെ തന്നെ പ്രിയപ്പെട്ടതാണ് കാര്‍ റേസിങ്ങും. അദ്ദേഹത്തിന്റെ കാറുകളോടുള്ള ഇഷ്ടവും ഡ്രൈവിങ്ങിലെ കഴിവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. നേരത്തെ പ്രൊഫഷനല്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന അജിത് പിന്നീട് സിനിമക്കായി ട്രാക്കിനോട് വിടപറഞ്ഞിരുന്നു.
ഇടവേളക്ക് ശേഷം വീണ്ടും ശക്തമായി ട്രാക്കിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന അജിത്തിന്റെ പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. അജിത് കുമാര്‍ റേസിങ് എന്നാണ് ടീമിന്റെ പേര്. അജിത് കുമാറും സംഘവും മത്സരത്തിനായി തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കവെ മത്സരത്തിനായുള്ള കാത്തിരിപ്പിന്റെ ആവേശം പങ്കിടുകയാണ് പ്രമുഖ സിനിമാ താരവും അജിത്തിന്റെ സുഹൃത്തുമായ മാധവന്‍.
അജിത്തിന്റെ ട്രാക്കിലെ വീഡിയോ വൈറല്‍
ട്രാക്കില്‍ റേസിങ് കാറുമായി മത്സരത്തിനായി തയ്യാറെടുത്തു നില്‍ക്കുന്ന അജിത്തിന്റേയും സംഘത്തിന്റേയും ഷോര്‍ട്ട് വീഡിയോ പുറത്തുവന്നിരുന്നു. നിമിഷങ്ങള്‍ക്കകം ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ഈ വീഡിയോ പങ്കുവെച്ച് നിരവധി ആരാധകരാണ് അജിത്തിന് ആശംസകള്‍ നേര്‍ന്നത്. മാധവനും അജിത്തിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് താനും മത്സരത്തിനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞത്. മാധവന്റെ പോസ്റ്റും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
'ഇതാണ് ടീം. ഇവര്‍ ട്രാക്കിലിറങ്ങുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ല. മറ്റൊന്നും ചിന്തിക്കാതെ തന്റെ സ്വപ്‌നങ്ങളുടെ പിന്നാലെ പോകുന്നവനാണ് അജിത്തെന്നും മറ്റൊന്നും ചിന്തിക്കാതെ തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകുന്ന അജിത് അത്ഭുതമാണെന്നുമാണ് മാധവന്‍ കുറിച്ചത്. എന്തായാലും തലയുടെ ട്രാക്കിലെ വിളയാട്ടം കാണാന്‍ കാത്തിരിക്കുകയാണ് എല്ലാ ആരാധകരും.

അജിത് മത്സരിക്കുക യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍
സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് വീണ്ടും ട്രാക്കിലേക്ക് പോവുകയാണെന്ന അജിത്തിന്റെ പ്രഖ്യാപനത്തെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 2025ല്‍ നടക്കുന്ന യൂറോപ്യന്‍ ജിടി 4 ചാമ്പ്യന്‍ഷിപ്പിലാണ് അജിത് മത്സരിക്കാനിറങ്ങുന്നത്. ഇന്ത്യയില്‍ നടന്ന പ്രധാന കാര്‍ റേസിങ് മത്സരങ്ങളിലെല്ലാം പങ്കെടുക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരങ്ങളിലൊരാളാണ് അജിത് കുമാര്‍.
ഫോര്‍മുല ഏഷ്യ ബിഎം ഡബ്ല്യു ചാമ്പ്യന്‍ഷിപ്പ്, 2010 ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും ഭാഗമായിരുന്നു അജിത്. 2004ല്‍ ഇന്ത്യയിലെ മികച്ച കാറോട്ട താരങ്ങളില്‍ മൂന്നാമനാവാനും അജിത്തിനായിരുന്നു. എന്തായാലും ആരാധകരുടെ പ്രതീക്ഷ കാത്ത് കാറോട്ട പോരാട്ടത്തില്‍ ജയിക്കാന്‍ അജിത്തിനും സംഘത്തിനും സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.