ചണ്ഡിഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വീട്ടില്‍ വെച്ച് 8 വയസുകാരന്‍ മരിച്ചു. വീടിന്റെ ഗേറ്റ് തകര്‍ന്നുവീണാണ് കുല്‍ദീപ് എന്ന കുട്ടി മരിച്ചത്. ഹരിയാനയിലെ പഞ്ചകുലയിലുള്ള വീട്ടില്‍ വെച്ചാണ് സംഭവം. സെക്ടര്‍ നാലിലെ മാനസദേവി കോംപ്ലക്‌സിലുള്ള വീടിന്റെ ഗേറ്റില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. സീമീപത്തെ ചേരിയില്‍ താമസിക്കുന്ന തൊഴിലാളിയുടെ മകനാണ് മരിച്ച കുല്‍ദീപ്.
സംഭവം നടക്കുമ്പോള്‍ യുവരാജ് സിംഗും കുടുംബവും ചണ്ഡിഗഡിലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്മ അമ്മ ശബ്‌നം സിംഗിനൊപ്പം ഗുഡ്ഗാവിലെ വീട്ടിലായിരുന്നു യുവരാജ്. അപകടം നടന്ന വീടിന്റെ പണി നടക്കുന്നതേയുള്ളൂ. ഗേറ്റ് കൃത്യമായി സ്ഥാപിച്ചിരുന്നില്ല എന്നാണ് അറിയുന്നത്. ഗേറ്റില്‍ തൂങ്ങി കളിച്ച കുല്‍ദീപിന് മേലേക്ക് ഗേറ്റ് ഇളകിവീഴുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി മാനസദേവി കോംപ്ലക്‌സ് പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ രാജേഷ് കുമാരി പറഞ്ഞു. പോലീസ് സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹത ഉള്ളതായി കരുതുന്നില്ല. കുട്ടിയുടെ വീട്ടുകാര്‍ പരാതിയൊന്നും നല്‍കിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
ഐ പി എല്‍ ഒമ്പതാം സീസണില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ താരമാണ് യുവരാജ്. പരിക്ക് മൂലം യുവരാജ് ഈ സീസണില്‍ ഇതുവരെ കളിച്ചിട്ടില്ല. മെയ് ആറിന് നടക്കുന്ന മത്സരത്തിന് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് 34കാരനായ യുവരാജ് സിംഗ്. ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടയ്ക്കാണ് യുവരാജിന് പരിക്കേറ്റത്.