പ്രോ കബഡി ലീഡിന്റെ 10ാം സീസണില്‍ നിന്ന് പുറത്താകുന്ന ആദ്യത്തെ ടീമായി തെലുങ്ക് ടൈറ്റാന്‍സ് മാറിയിരിക്കുകയാണ്. ഇത്തവണ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ തെലുങ്ക് ടീമിന് സാധിച്ചിരുന്നില്ല. 17 മത്സരത്തില്‍ 15ലും ടീം തോറ്റപ്പോള്‍ 2 മത്സരത്തില്‍ ആശ്വാസ ജയം നേടാനും തെലുങ്ക് ടീമിന് സാധിച്ചു. എന്നാല്‍ കരുത്തിനൊത്തുയരാതെ വന്നതോടെ ടീം പുറത്തായിരിക്കുകയാണ്. ഇനിയൊരു തിരിച്ചുവരവിന് ടീമിന് കരുത്തില്ലെന്ന് തന്നെ പറയാം.
ടീമിന്റെ പ്രതിരോധനിരയാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്. സൂപ്പര്‍ താരം പവന്‍ സെഹ്‌റാവത്ത് ഒപ്പമുണ്ടായിട്ടും തെലുങ്ക് ടീമിന് മികവിനൊത്ത് ഉയരാനായിട്ടില്ല. ടീമിന്റെ പ്രകടനത്തില്‍ സിഇഒ ജീരു ത്രിനാഥ് തീര്‍ത്തും നിരാശനാണ്. ഇപ്പോഴിതാ ടീമിന് സംഭവിച്ച തകര്‍ച്ചയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. കൂടുതല്‍ തുക പവന്‍ സെഹ്‌റാവത്തിനായി ചിലവാക്കി. എന്നാല്‍ ടീം ആഗ്രഹിച്ച താരം പവനല്ലെന്നും മറ്റൊരാളായിരുന്നുവെന്നുമാണ് സിഇഒ പറയുന്നത്.
'തെലുങ്ക് ടൈറ്റന്‍സ് സൂപ്പര്‍ താരങ്ങള്‍ക്കായി വലിയൊരു ശതമാനം തുക മുടക്കിയിട്ടുണ്ട്. രാഹുല്‍ ചൗധരിക്കായി ഒരു കോടിയിലധികം ടീം ചിലവാക്കി. സിദ്ധാര്‍ത്ഥ് ദേശായിക്കായും കോടികള്‍ ചിലവാക്കി. ഇത്തവണത്തെ സീസണില്‍ പവന്‍ സെഹ്‌റാവത്തിനായാണ് കൂടുതല്‍ തുക ചിലവിട്ടത്. മികച്ച യുവതാരങ്ങളെ കണ്ടെത്താന്‍ നിരവധി യാത്രകള്‍ നടത്തുകയും ക്യാംപുകള്‍ നടത്തുകയും ചെയ്തു. യൂനിവേഴ്‌സിറ്റി ഗെയിംസ്, ജൂനിയര്‍ നാഷണല്‍സ് എന്നിവയിലെല്ലാം യുവ പ്രതിഭകളെ തിരഞ്ഞു.
ഇത്തവണ ഹൈദരാബാദില്‍ ഓപ്പണ്‍ ട്രയലാണ് ടീം തയ്യാറാക്കിയത്. 850ന് മുകളില്‍ പ്രതിഭകള്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിന്ന് 21 താരങ്ങളെ തിരഞ്ഞെടുക്കുകയും ഇവര്‍ക്കായി 15 ദിവസത്തെ ക്യാംപ് നല്‍കുകയും ചെയ്തു. ഇതില്‍ നിന്നാണ് യുവതാരങ്ങളെ തിരഞ്ഞെടുത്തത്' ടീം സിഇഒ പറഞ്ഞു. ടീമിലേക്ക് മികച്ച താരങ്ങളെ എത്തിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടീമിന്റെ പ്രതിരോധക്കരുത്ത് ഉയര്‍ത്തി വരുന്ന മത്സരങ്ങളിലെങ്കിലും ജയിക്കാന്‍ സാധിക്കുമോയെന്ന് ശ്രമിക്കണമെന്ന് സിഇഒ പറഞ്ഞു. 'ടീമിന്റെ പ്രതിരോധം ശക്തമാക്കണം. ഇറാനിയന്‍ താരങ്ങള്‍ ടീമിലുണ്ട്. സന്ദീപ് ദുല്ലിനെപ്പോലെ മികച്ച താരങ്ങളും ഒപ്പമുണ്ട്. ഞങ്ങളുടെ ടീമിലെ പ്രതിരോധം ശക്തമാണ്. എന്നാല്‍ ഇതിനൊത്ത കരുത്ത് ടീമിനുള്ളിലില്ല. എങ്കിലും ഇപ്പോഴും ശക്തമായ തിരിച്ചുവരവ് പ്രതീക്ഷയുണ്ട്' സിഇഒ കൂട്ടിച്ചേര്‍ത്തു.
പുനേരി പള്‍ത്താനാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. 66 പോയിന്റുമായി ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് രണ്ടാം സ്ഥാനത്തുമുണ്ട്. 59 പോയിന്റുള്ള ദബാങ് ഡല്‍ഹി കെ സി, 50 പോയിന്റുള്ള പാട്ട്‌ന പൈറേറ്റ്‌സ്, 50 പോയിന്റ് തന്നെയുള്ള ഹരിയാന സ്റ്റീലേഴ്‌സ് എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. എന്തായാലും വലിയ നാണക്കേട് നേരിട്ടാണ് തെലുങ്ക് ടീം പുറത്തായിരിക്കുന്നത്.