മുംബൈ: പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ സൂപ്പര്‍ പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം ഇത്തവണ അവകാശപ്പെടാനാവുന്നില്ലെന്നതാണ് വസ്തുത. പുനേരി പള്‍ത്താനും ദബാങ് ഡല്‍ഹിയും ഗുജറാത്ത് ജയ്ന്റ്‌സും ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സുമെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ടീമുകളെല്ലാം തമ്മില്‍ ചെറിയ പോയിന്റിന്റെ വ്യത്യാസമാണുള്ളതെന്നതിനാല്‍ കപ്പിലേക്ക് ആരെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണ്.
ഇപ്പോഴിതാ കപ്പ് ആരും മോഹിക്കേണ്ടന്നും ഗുജറാത്ത് കപ്പടിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് യുവ സൂപ്പര്‍ താരം പര്‍തീക് ദഹിയ. ഗുജറാത്തിനൊപ്പം മികച്ച ഫോമിലാണ് താരം കളിക്കുന്നത്. ഫസല്‍ അത്രാചലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന ഗുജറാത്ത് മികച്ച പ്രകടനമാണ് സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രോ കബഡിയിലെ രണ്ടാം സീസണ്‍ കളിക്കുന്ന പര്‍തീക് അവസാന നാല് മത്സരത്തില്‍ നിന്ന് 44 പോയിന്റാണ് നേടിയത്.

ഗുജറാത്തിന്റെ ജയത്തില്‍ നിര്‍ണ്ണായകമാവാന്‍ പര്‍തീക്കിന് സാധിക്കുന്നു. 'ഞാന്‍ പരിശീലകരോടൊപ്പം കഠിനമായി പരിശീലിക്കുന്നു. പ്രതിരോധവും ആക്രമണവും മെച്ചപ്പെടുത്താല്‍ പരിശീലകര്‍ തുടര്‍ച്ചയായി എന്നെ സഹായിക്കുന്നുണ്ട്. ടീമിനായി കൂടുതല്‍ ബോണസ് പോയിന്റ് നേടാനായാണ് ശ്രമിക്കുന്നത്. റാം മേഹര്‍ സാര്‍ പ്രകടനത്തെക്കുറിച്ച് വ്യക്തമായി വിലയിരുത്തുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. നായകന്‍ ഫസലിന്റെ പ്രകടനമാണ് ടീമിന്റെ നട്ടെല്ല്. ടീമിന്റെ പ്രതിരോധനിര ശക്തമായ പ്രകടനം നടത്തുന്നു. യുവതാരങ്ങള്‍ക്ക് വലിയ പിന്തുണയാണ് അദ്ദേഹം നല്‍കുന്നത്.
ഈ സീസണില്‍ കിരീടം നേടാനുള്ള എല്ലാ പദ്ധതികളും ഗുജറാത്തിനൊപ്പമുണ്ട്. ടീം മാനേജ്‌മെന്റ് എല്ലാ പിന്തുണയും നല്‍കുന്നു. ടീമിന്റെ സാഹചര്യത്തില്‍ എല്ലാ താരങ്ങളും സന്തോഷവാന്മാരാണ്. അതാണ് ടീമിന്റെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനം'-പര്‍തീക്ക് പറഞ്ഞു. നിലവില്‍ 11 മത്സരത്തില്‍ നിന്ന് 7 ജയമാണ് ഗുജറാത്ത് നേടിയത്. 39 പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. 46 പോയിന്റോടെ പുനേരി പള്‍ത്താനാണ് തലപ്പത്ത്. സീസണില്‍ കപ്പിലേക്കെത്താന്‍ ഗുജറാത്ത് നന്നായി വിയര്‍ക്കേണ്ടി വരുമെന്നുറപ്പാണ്.
അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ഗുജറാത്ത് ജയ്ന്റ്‌സ്. ഇതുവരെ കിരീടത്തിലേക്കെത്താന്‍ ടീമിനായിട്ടില്ല. 2017, 2018 സീസണുകളില്‍ ഫൈനല്‍ കളിച്ചതാണ് മികച്ച പ്രകടനം. ഒരു തവണ പാട്ട്‌ന പൈറേറ്റ്‌സിനോടും രണ്ടാം തവണ ബംഗളൂരു ബുള്‍സിനോടുമാണ് തോറ്റത്. ഇത്തവണ ശക്തമായ ടീം കരുത്ത് ഗുജറാത്തിനുണ്ട്. മികച്ച യുവതാരങ്ങളാല്‍ സമ്പന്നമായ ടീമിന്റെ തുടക്കവും ഗംഭീരമായിട്ടുണ്ട്. ഫസല്‍ അത്രാചലിയെപ്പോലെ സീനിയര്‍ ഡിഫന്റര്‍ നയിക്കുന്ന ഗുജറാത്ത് ഇത്തവണ കപ്പിലേക്കെത്താന്‍ കെല്‍പ്പുള്ളവരാണ്.