പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പ്ലേ ഓഫിലേക്ക് ടൂര്‍ണമെന്റ് അടുക്കുമ്പോള്‍ വാശിയേറിയ പോരാട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സും പുനേരി പള്‍ത്താനും ഇതിനോടകം പ്ലേ ഓഫ് സീറ്റുറപ്പിച്ച് കഴിഞ്ഞു. ഇനിയുള്ള നാല് ടീമുകള്‍ ഏതൊക്കെയാണെന്നാണ് അറിയാനുള്ളത്. ഈ മാസം 26 മുതലാണ് പ്ലേ ഓഫ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ഏതൊക്കെ ടീമാവും പ്ലേ ഓഫിലേക്കെത്തുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
എന്നാല്‍ ഇത്തവണയും ചില ടീമുകള്‍ നിരാശപ്പെടുത്തി. അവസാന സീസണുകളിലെ പിഴവ് ആവര്‍ത്തിക്കുകയും ഇത്തവണയും പിന്നോക്കം പോവുകയും ചെയ്ത ടീമുകള്‍ ഏതൊക്കെയാണെന്ന് അറിയാം. തെലുങ്ക് ടൈറ്റാന്‍സാണ് ഇതിലെ പ്രധാന ടീമുകളിലൊന്ന്. സൂപ്പര്‍ താരനിരയാണ് തെലുങ്ക് ടൈറ്റന്‍സിനുള്ളത്. പവന്‍ സെഹ്‌റാവത്തിനെപ്പോലൊരു സൂപ്പര്‍ താരം നയിക്കുന്ന ടീമായിട്ടും തെലുങ്ക് ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.
2014 മുതല്‍ കളിക്കുന്ന ടീമിന് ഇതുവരെ കപ്പിലേക്കെത്താനായിട്ടില്ല. സൂപ്പര്‍ താരങ്ങളെ ഒപ്പം കൂട്ടിയിട്ടും ടീമിന് കപ്പിലേക്കെത്താനാവാത്തതിന്റെ നിരാശ തെലുങ്ക് ടീം സിഇഒ തുറന്ന് പറഞ്ഞിട്ടുണ്ട്. 10ാം സീസണില്‍ അവസാന സ്ഥാനത്താണ് തെലുങ്ക് ടീമുള്ളത്. അവസാന സ്ഥാനക്കാരായിത്തന്നെയാവും തെലുങ്ക് ടീം ഈ സീസണ്‍ അവസാനിപ്പിക്കുക. പ്രതിരോധത്തിലെ വീഴ്ച്ചയാണ് തെലുങ്ക് ടീമിനെ ഇത്തവണ വലിയ നാണക്കേടിലേക്കെത്തിച്ചത്.
തമിഴ് തലൈവാസാണ് മറ്റൊരു ടീം. 2017 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണ് തമിഴ് തലൈവാസ്. വലിയ ആരാധക പിന്തുണ തമിഴ് ടീമിനുണ്ട്. എന്നാല്‍ ഇതിനൊത്ത പ്രകടന മികവ് ടീം കാട്ടുന്നില്ല. അവസാന സീസണിലും ടീം നിരാശപ്പെടുത്തി. ഇത്തവണയും തമിഴ് ടീം പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യതയില്ല. നിലവില്‍ എട്ടാം സ്ഥാനത്താണ് തമിഴ് ടീമുള്ളത്. ഇതുവരെ കിരീടം നേടാന്‍ തമിഴ് ടീമിന് സാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.

യുപി യോദ്ധാസും ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്ത ടീമാണ്. 2017 മുതല്‍ പ്രോ കബഡിയില്‍ യുപി ടീമുണ്ട്. പര്‍ദീപ് നാര്‍വാളിനെപ്പോലൊരു മികച്ച നായകന്‍ ഒപ്പമുണ്ടായിട്ടും നിലവാരം കാട്ടാന്‍ യുപി ടീമിനായിട്ടില്ല. ഇതുവരെ കിരീടം നേടാന്‍ ടീമിന് സാധിച്ചിട്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇത്തവണ 11ാം സ്ഥാനത്താണ് യുപി ടീമുള്ളത്. 18 മത്സരത്തില്‍ നിന്ന് വെറും 4 ജയമാണ് ടീം നേടിയത്. വലിയ ആരാധക പിന്തുണ ലഭിച്ചിട്ടും പ്രകടനംകൊണ്ട് അവരോട് നന്ദികാട്ടാന്‍ യുപി ടീമിനാകുന്നില്ല.
2014ല്‍ പ്രോ കബഡി ലീഗിലേക്കെത്തിയ പുനേരി പള്‍ത്താന് ഇതുവരെ കിരീടത്തിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ടീം ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ടാം സ്ഥാനക്കാരായി ഇതിനോടകം പ്ലേ ഓഫ് ടിക്കറ്റുറപ്പിക്കാന്‍ പുനേരി പള്‍ത്താന്‍ ടീമിനായി. ഇത്തവണ കിരീടത്തിലേക്കെത്താനായാല്‍ ഈ നാണക്കേടിന്റെ പട്ടികയില്‍ നിന്ന് ടീമിന് രക്ഷപെടാം. അസ്ലം ഇനാംദാറാണ് പുനേരി ടീമിന്റെ ക്യാപ്റ്റന്‍.
ഹരിയാന സ്റ്റീലേഴ്‌സിനും ഇതുവരെ പ്രോ കബഡി കിരീടം നേടാനായിട്ടില്ല. 2017ല്‍ ടൂര്‍ണമെന്റിലേക്കെത്തിയ ടീമാണ് ഹരിയാന സ്റ്റീലേഴ്‌സ്. എന്നാല്‍ ഇതുവരെ കപ്പിലേക്കെത്താന്‍ ഹരിയാന ടീമിനായിട്ടില്ല. ഇത്തവണ പ്ലേ ഓഫ് പ്രതീക്ഷ കാത്ത് ടീം ആറാം സ്ഥാനത്തുണ്ട്. എന്നാല്‍ അവസാന ഘട്ടത്തില്‍ പിന്നോട്ട് പോയാല്‍ ഹരിയാന ടീം പ്ലേ ഓഫ് കാണാതെ പുറത്താകാനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഹരിയാന പ്ലേ ഓഫ് കളിക്കാനാണ് സാധ്യത കൂടുതല്‍.
ഗുജറാത്ത് ജയ്ന്റ്‌സും നിരാശപ്പെടുത്തുകയാണ്. 2017 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണെങ്കിലും ഇതുവരെ കപ്പടിക്കാന്‍ ഗുജറാത്ത് ടീമിനായിട്ടില്ല. ഇത്തവണ കന്നി കിരീട പ്രതീക്ഷയോടെ ടീം പ്ലേ ഓഫിനോടടുത്ത് നില്‍ക്കുകയാണ്. അഞ്ചാം സ്ഥാനത്താണ് ടീമുള്ളത്. ഗുജറാത്ത് ടീം പ്ലേ ഓഫ് കളിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.