PKL: ഏറ്റവും കൂടുതല്‍ കബഡി താരങ്ങള്‍ ഏത് സംസ്ഥാനത്ത് നിന്ന്? കണക്കുകളിതാ
പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ പോരാട്ടങ്ങള്‍ ആവേശകരമായ അന്ത്യത്തിലേക്കെത്തിയിരിക്കുകയാണ്. സെമി ഫൈനല്‍ പോരാട്ടങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് 1നാണ് ഫൈനല്‍ പോരാട്ടം. ഇത്തവണ ആരാവും കപ്പടിക്കുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇത്തവണ പുനേരി പള്‍ത്താന്‍, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് ടീമുകളുടെ കുതിപ്പാണ് പ്രധാനമായും കാണുന്നത്.
ദബാങ് ഡല്‍ഹി കെസി, ഗുജറാത്ത് ജയ്ന്റ്‌സ്, ഹരിയാന സ്റ്റീലേഴ്‌സ്, പാട്‌ന പൈറേറ്റ്‌സ് ടീമുകളാണ് ഇത്തവണ പ്ലേ ഓഫ് ടിക്കറ്റെടുത്തത്. ബംഗാള്‍ വാരിയേഴ്‌സ്, ബംഗളൂരു ബുള്‍സ്, തമിഴ് തലൈവാസ്, യു മുംബെ, യുപി യോദ്ധാസ്, തെലുങ്ക് ടൈറ്റാന്‍സ് ടീമുകള്‍ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. വരുന്ന സീസണിനായുള്ള പടയൊരുക്കം ഇതിനോടകം ടീമുകള്‍ ആരംഭിച്ചുകാണും. മികച്ച താരങ്ങളെ കണ്ടെത്തുകയെന്നതാണ് ടീമുകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്.
പ്രോ കബഡിയുടെ വരവോടെ രാജ്യത്തെ കബഡി താരങ്ങള്‍ക്ക് കൂടുതല്‍ അവസരവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ കബഡിയിലേക്കെത്തുന്നത് ഏത് സംസ്ഥാനത്ത് നിന്നാണെന്ന് അറിയാമോ? പരിശോധിക്കാം. ഹരിയാന കബഡി താരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന സംസ്ഥാനമാണ്. പ്രോ കബഡിയിലേക്ക് നിരവധി താരങ്ങളാണ് ഹരിയാനയില്‍ നിന്ന് എത്തുന്നത്. ലീഗിലെ 12 ടീമുകളിലായി 50ലധികം ഹരിയാന താരങ്ങള്‍ കളിക്കുന്നുണ്ട്.
കബഡിക്ക് വലിയ പ്രോത്സാഹനവും പിന്തുണയും ഹരിയാനയില്‍ ലഭിക്കുന്നുണ്ട്. ദേശീയ കബഡി ടീമിലേക്കും നിരവധി പ്രതിഭകളെ സംഭാവന ചെയ്യാന്‍ ഹരിയാനക്ക് സാധിക്കുന്നുണ്ട്. നിരവധി കബഡി പരിശീലകരേയും ഹരിയാനയില്‍ നിന്ന് കാണാനാവും. പ്രോ കബഡി ലീഗില്‍ തമിഴ് തലൈവാസ് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിലും കബഡിയിലൂടെ നിരവധി താരങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് വളര്‍ന്നു വരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രോ കബഡി ലീഗിലെ പ്രശസ്ത പരിശീലകരിലൊരാളായ കെ ഭാസ്‌കരന്‍ തമിഴ്‌നാട്ടുകാരനാണ്. കബഡിയുടെ ചരിത്രത്തിലെത്തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായ ധര്‍മരാജ് ചേരലതന്‍ തമിഴ്‌നാട്ടുകാരനാണ്. പ്രോ കബഡി ലീഗിലും നിരവധി തമിഴ്‌നാട്ടുകാരായ താരങ്ങള്‍ കളിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും നിരവധി കബഡി താരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. കബഡി ഇന്റര്‍ സ്റ്റേറ്റ് ലീഗ് 2015ല്‍ നടത്തി എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ മഹാരാഷ്ട്രക്കായിരുന്നു. കബഡിയെ സംസ്‌കാരമായി കൊണ്ടുനടക്കുന്നവരാണ് മഹാരാഷ്ട്രക്കാരെന്ന് പറയാം. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ മഹാരാഷ്ട്ര കൂടുതല്‍ ശ്രദ്ധ കാട്ടുന്നു.
69ാം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത് മഹാരാഷ്ട്രയിലാണ്. ഉത്തര്‍ പ്രദേശിലും കബഡിക്ക് വലിയ പിന്തുണയുണ്ട്. 36ാം ദേശീയ ഗെയിംസിലെ കബഡി ചാമ്പ്യന്മാര്‍ ഉത്തര്‍ പ്രദേശായിരുന്നു. രാഹുല്‍ ചൗധരിയെപ്പോലെ മികച്ച കബഡി താരങ്ങളെ സൃഷ്ടിക്കാന്‍ ഉത്തര്‍ പ്രദേശിനായിട്ടുണ്ട്. പ്രോ കബഡിയില്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള 25ലധികം താരങ്ങളുണ്ട്.
ഹിമാചല്‍ പ്രദേശും കബഡിക്ക് വലിയ പ്രാധാന്യം നല്‍കുന്നു. വനിതാ കബഡി താരങ്ങള്‍ക്കും വലിയ പിന്തുണ നല്‍കാന്‍ ഹിമാചല്‍ പ്രദേശ് തയ്യാറാവുന്നു. വിശാല്‍ ഭരദ്വാജ്, സുനീന്ദര്‍ സിങ് എന്നിവരെല്ലാം ഹിമാചലില്‍ നിന്നുള്ള താരങ്ങളാണ്. മിക്ക സീസണിലും 20ലധികം താരങ്ങള്‍ ഹിമാചലില്‍ നിന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications