മുംബൈ: പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ വലിയ കിരീട പ്രതീക്ഷയോടെ കളിക്കുന്ന ടീമുകളിലൊന്നാണ് ഹരിയാന സ്റ്റീലേഴ്‌സ്. മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് നായകന്മാരാണ് ഹരിയാനക്കുള്ളത്. ജയ്ദീപ് ദഹിയയും മോഹിത് നന്ദാലും ഹരിയാനയുടെ നായകന്മാരാണ്. നിലവില്‍ 15 മത്സരത്തില്‍ നിന്ന് 8 ജയത്തോടെ അഞ്ചാം സ്ഥാനത്താണ് ഹരിയാന സ്റ്റീലേഴ്‌സുള്ളത്.
ഇപ്പോഴിതാ ടീമിന്റെ പ്രതീക്ഷകളും കബഡിയിലെ തന്റെ പ്രതീക്ഷകളും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ജയ്ദീപ് ദഹിയ. താന്‍ കബഡിയിലേക്ക് വന്നത് വലിയ കരിയര്‍ പ്രതീക്ഷിച്ചുകൊണ്ട് മാത്രമല്ലെന്നും നല്ലൊരു ജോലിയും ലക്ഷ്യമാണെന്നാണ് ജയ്ദീപ് പറയുന്നത്. 'ഇപ്പോള്‍ ടീമിനെ കിരീടത്തിലേക്കെത്തിക്കണമെന്ന വലിയ ലക്ഷ്യമാണ് മുന്നിലുള്ളത്. ഏറ്റവും ബെസ്റ്റ് കാഴ്ചവെക്കാന്‍ ആഗ്രഹിക്കുന്നു. പരിക്കാണ് എന്റെ മുന്നിലുള്ള വലിയ വെല്ലുവിളി.

ഒരിക്കല്‍ ഇന്ത്യക്കായി കബഡി കളിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു. മറ്റ് നെഗറ്റീവുകളെയെല്ലാം തഴഞ്ഞ് പ്രധാന ലക്ഷ്യത്തില്‍ ശ്രദ്ധ നല്‍കുകയെന്നതാണ് എന്റെ പരമമായ ലക്ഷ്യം. എന്റെ നാട്ടില്‍ കബഡി പരിശീലനം നടത്താന്‍ വലിയ സാഹചര്യമില്ലായിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങളെയെല്ലാം മറികടന്നാണ് ഇവിടെ വരെയെത്തിയത്. കബഡി ഞാന്‍ കളിക്കാന്‍ തുടങ്ങിയത് ആഗ്രഹംകൊണ്ട് മാത്രമല്ല. ജോലി കിട്ടുമെന്ന ആഗ്രഹംകൊണ്ടാണ്.
പ്രോ കബഡി ലീഗിലേക്കെത്തിയ ശേഷമാണ് വലിയൊരു കബഡി താരമാകണമെന്ന ആഗ്രഹം തുടങ്ങിയത്. എന്റെ പ്രകടനം കാണാന്‍ ഗ്രാമത്തിലെ ആളുകള്‍ കാത്തിരിക്കുന്നു. ഇത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്'- ജയ്ദീപ് പറഞ്ഞു. രണ്ട് നായകന്മാരാണ് ഹൈദരാബാദിനുള്ളത്. ഇത് സമ്മര്‍ദ്ദം നല്‍കുമോയെന്നതിനോടും ജയ്ദീപ് പ്രതികരിച്ചു. 'നന്നായാണ് ടീമിലെ സാഹചര്യം മുന്നോട്ട് പോകുന്നത്. നായകനെന്ന നിലയില്‍ ചില കാര്യങ്ങള്‍ മുന്നില്‍ നിന്ന് ചെയ്യേണ്ടതായുണ്ട്.
ടീമിനുള്ളിലെ തീരുമാനങ്ങള്‍ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണെടുക്കുന്നത്. പരിശീലകര്‍ മികച്ച തന്ത്രമൊരുക്കുന്നു. ഞങ്ങളത് നന്നായി നടത്താന്‍ ശ്രമിക്കുന്നു. രണ്ട് നായകന്മാരും തങ്ങളുടെ അഭിപ്രായം പറയും. ഇതില്‍ നിന്ന് ബെസ്റ്റ് തിരഞ്ഞെടുക്കുന്നു. രണ്ട് പേരും നായകന്മാരാവണമെന്നത് ടീമിന്റെ തീരുമാനമാണ്. ഇതിന്റെ കാരണം എന്താണെന്ന് അറിയില്ല. ഇത്തവണ അനുഭവസമ്പന്നരായ താരങ്ങള്‍ ഹൈദരാബാദ് ടീമിലുണ്ട്.
ടീമിനുള്ളില്‍ മികച്ച യുവതാരങ്ങളുണ്ട്. അവര്‍ക്ക് അനുഭവസമ്പത്ത് നല്‍കി മികച്ച താരങ്ങളാക്കാനാണ് ശ്രമിക്കുന്നത്. ദേശായി, പ്രപഞ്ചന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ ഉപദേശം ഞങ്ങള്‍ക്ക് വലിയ കരുത്താവുന്നു. ടീമിനുള്ളിലെ എല്ലാവര്‍ക്കും വ്യക്തിപരമായ പദ്ധതികളുണ്ട്. രാഹുല്‍ സേത്പാലുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ എനിക്ക് സാധിക്കുന്നു. 4-5 വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് കളിച്ചവരാണ്' ജയ്ദീപ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 63 പോയിന്റോടെ പുനേരി പള്‍ത്താനാണ് തലപ്പത്ത്. 63 പോയിന്റുള്ള ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് രണ്ടാം സ്ഥാനത്താണ്. 59 പോയിന്റുള്ള ദബാങ് ഡല്‍ഹി മൂന്നാം സ്ഥാനത്തും 49 പോയിന്റുള്ള ഗുജറാത്ത് ജയ്ന്റ്‌സ് നാലാം സ്ഥാനത്തും 45 പോയിന്റുള്ള പാട്‌ന പൈറേറ്റ്‌സ് അഞ്ചാം സ്ഥാനത്തുമാണ്.