പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേഓഫിലേക്കു അടുക്കുകയാണ്. ഈ മാസം അവസാനത്തോടെയാണ് പ്ലേഓഫ് മല്‍സരങ്ങൾ ഹൈദരാബാദില്‍ നടക്കാനിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ആദ്യത്തെ ആറു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരാണ് പ്ലേഓഫിലേക്കു യോഗ്യത നേടുക. ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവര്‍ക്കു സെമി ഫൈനലിലേക്കു നേരിട്ടു യോഗ്യത ലഭിക്കും. മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളവര്‍ എലിമിനേറ്ററില്‍ കളിക്കുകയും ചെയ്യും. ജയിക്കുന്നവര്‍ക്കാണ് സെമിയിലേക്കു യോഗ്യത ലഭിക്കുക.
നിലവിലെ സീസണില്‍ രണ്ടു ടീമുകള്‍ ഇതിനകം പ്ലേഓഫിലേക്കു ടിക്കറ്റെടുത്തു കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, കഴിഞ്ഞ തവണത്തെ റണ്ണറപ്പായ പുനേരി പള്‍ത്താന്‍ എന്നിവരാണ് പ്ലേഓഫില്‍ കടന്നിരിക്കുന്നത്. ശേഷിച്ച നാലു സ്ഥാനങ്ങളിലേക്കായി പോരാട്ടം മുറുകുകയാണ്.

പ്രോ കബഡി ലീഗിന്റെ ആദ്യത്തെ നാലു സീസണുകളില്‍ പോയിന്റ് പട്ടികയിലെ ആദ്യത്തെ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കായിരുന്നു പ്ലേഓഫിലേക്കു അര്‍ഹത ലഭിച്ചിരുന്നത്. കാരണം എട്ടു ടീമുകള്‍ മാത്രമേ അപ്പോള്‍ ലീഗിലുണ്ടായിരുന്നുള്ളൂ.
പക്ഷെ അഞ്ചാമത്തെ സീസണ്‍ മുതല്‍ നാലു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ലീഗിലേക്കു വന്നതോടെ ആകെ ടീമുകളുടെ എണ്ണം 12 ആയി വര്‍ധിക്കുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിലെ ആദ്യത്തെ ആറു സ്ഥാനക്കാര്‍ക്കു പ്ലേഓഫിലേക്കു യോഗ്യതയും ലഭിക്കുകയായിരുന്നു.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റുമധികം തവണ പ്ലേഓഫില്‍ കടന്നിട്ടുള്ള ടീമുള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. മൂന്നു ടീമുകള്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ്. ബെംഗളൂരു ബുള്‍സ്, പാറ്റ്‌ന പിറേറ്റ്‌സ്, പുനേരി പള്‍ത്താന്‍ എന്നിവയാണ് ഈ ടീമുകള്‍. ഈ ഫ്രാഞ്ചൈസികളെല്ലാം ആറു തവണ വീതം പ്രോ കബഡി ലീഗിന്റെ പ്ലേഓഫില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
പ്രഥമ സീസണില്‍ പ്ലേഓഫ് കളിച്ച ടീമാണ് ബെംഗളൂരു. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് അവര്‍. ആറാം സീസണില്‍ കിരീടം ചൂടാനും ബെംഗളൂരു ടീമിനായിരുന്നു. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കളിച്ച അവര്‍ ഇത്തവണയും അതു സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
മൂന്നു തവണ പ്രോ കബഡി ലീഗില്‍ ചാംപ്യന്‍മാരായിട്ടുള്ള ടീമാണ് പാറ്റ്‌ന പിറേറ്റ്‌സ്. ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുള്ള അവര്‍ തുടര്‍ച്ചയായി അഞ്ചു തവണ പ്ലേഓഫില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. ആറ്, ഏഴ് സീസണുകളില്‍ പാറ്റ്‌നയ്ക്കു പ്ലേഓഫിലെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ എട്ടാം സീസണില്‍ ആദ്യത്തെ ആറു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് അവര്‍ വീണ്ടും പ്ലേഓഫ് കളിച്ചു. ഈ സീസണിലും പ്ലേഓഫ് യോഗ്യതയിലേക്കു അടുത്തുകൊണ്ടിരിക്കുകയാണ് പിറേറ്റ്‌സ്.
പ്രോ കബഡി ലീഗില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു ടീമാണ് പുനേരി പള്‍ത്താന്‍. കഴിഞ്ഞ സീസണില്‍ അവര്‍ കിരീടത്തിനു കൈയെത്തും ദൂരത്ത് എത്തിയെങ്കിലും ഫൈനലില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ആറു തവണ പ്ലേഓഫില്‍ പള്‍ത്താന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. മൂന്നാം സീസണ്‍ മുതല്‍ അഞ്ചാം സീസണ്‍ വരെ തുടര്‍ച്ചയായി മൂന്നു തവണ അവര്‍ പ്ലേഓഫ് കളിക്കുകയും ചെയ്തു. ഈ സീസണില്‍ ഇതിനകം പള്‍ത്താന്‍ പ്ലേഓഫില്‍ സ്ഥാനമുറപ്പാക്കുകയും ചെയ്തിരിക്കുകയാണ്.