പ്രോ കബഡി ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മോശം റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് തെലുഗു ടൈറ്റന്‍സ്. മികച്ച ആരാധക പിന്തുണയുണ്ടായിട്ടും കളിക്കളത്തില്‍ അതിനോടു നീതി പുലര്‍ത്തുന്ന പ്രകടനം ഭൂരിഭാഗം സീസണുകളിലും പുറത്തെടുക്കാന്‍ ടൈറ്റന്‍സിനായിട്ടില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 10ാം സീസണിലും അക്കാര്യത്തില്‍ മാറ്റമൊന്നുമില്ല.
12 ടീമുകളുടെ ലീഗില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ് ടൈറ്റന്‍സ്. വീണ്ടുമൊരിക്കല്‍ക്കൂടി അവര്‍ക്കു പ്ലേഓഫിലെത്താന്‍ കഴിയില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എപ്പോഴാണ് പ്രോ കബഡി ലീഗില്‍ തെലുഗു ടൈറ്റന്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടിയത്? ഇതേക്കുറിച്ചു പരിശോധിക്കാം.

2016ലെ സീസണിലായിരുന്നു തെലുഗു ടൈറ്റന്‍സിനെ അവസാനമായി പ്രോ കബഡി ലീഗിന്റെ പ്ലേഓഫില്‍ കാണാന്‍ ആരാധകര്‍ക്കു ഭാഗ്യമുണ്ടായത്. അതിനുശേഷമുള്ള ഏഴു സീസണുകളിലും അവര്‍ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാനാവാതെ നാണംകെട്ട് പുറത്താവുകയായിരുന്നു. ഇത്തവണയും ഇതു തന്നെ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.
പ്രോ കബഡി ലീഗിന്റെ നാലാമത്തെ സീസണ്‍ കൂടിയായിരുന്നു 2016ലേത്. അന്നു പ്ലേഓഫില്‍ കടക്കുക മാത്രമല്ല ഫൈനലില്‍ വരെയെത്താന്‍ അവര്‍ക്കായിരുന്നു. പക്ഷെ കലാശക്കളിയില്‍ പാറ്റ്‌ന പിറേറ്റ്‌സിനോടു ടൈറ്റന്‍സ് പൊരുതി വീഴുകയായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ അവരുടെ ഏറ്റവും മികച്ച പ്രകടനവും ഇതു തന്നെയാണ്.
ഈ സീസണിനു മുമ്പ് മുന്‍ കോച്ചായിരുന്ന ശ്രീനിവാസ് റെഡ്ഡിയെ തെലുഗു ടൈറ്റന്‍സ് തങ്ങളുടെ പരിശീലകസ്ഥാനത്തേക്കു തിരികെ കൊണ്ടുവന്നിരുന്നു. എട്ടു ടീമുകള്‍ അണിനിരന്ന 2016ലെ സീസണില്‍ ടീം റണ്ണറപ്പായത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരുന്നു. അതുകൊണ്ടു തന്നെ ടീമിനെ വീണ്ടുമൊരിക്കല്‍ കൂടി പ്ലേഓഫിലെത്തിക്കാന്‍ റെഡ്ഡിക്കു സാധിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തുന്ന ടീമിനെ കരകയറ്റാന്‍ അദ്ദേഹത്തിനുമായിട്ടില്ല.
2016ലെ സീസണ്‍ എടുക്കുകയാണെങ്കില്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തായിരുന്നു ടൈറ്റന്‍സ് ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ എട്ടെണ്ണത്തില്‍ വിജയം കൊയ്യാന്‍ അവര്‍ക്കായിരുന്നു. സെമി ഫൈനലില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനെ 34-24നു തകര്‍ത്തായിരുന്നു ടൈറ്റന്‍സ് ആദ്യമായി ഫൈനലിലേക്കു ടിക്കറ്റെടുത്തത്.
പക്ഷെ നിര്‍ഭാഗ്യവശാല്‍ ഫൈനലില്‍ അവര്‍ക്കു ഇതേ മികവ് ആവര്‍ത്തിക്കാനായില്ല. പാറ്റ്‌ന പിറേറ്റ്‌സിനോടു ടൈറ്റന്‍സ് 40-35നു പൊരുതിത്തോല്‍ക്കുകയായിരുന്നു. കന്നിക്കിരീടമെന്ന അവരുടെ മോഹം കൈയെത്തുംദൂരത്ത് വീണുടയുകയും ചെയ്തു.
രാഹുല്‍ ചൗധരിയായിരുന്നു അന്നു തെലുഗു ടൈറ്റന്‍സിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 16 മല്‍സരങ്ങളില്‍ താരം വാരിക്കൂട്ടിയത് 146 റെയ്ഡ് പോയിന്റുകളായിരുന്നു. പ്രതിരോധത്തില്‍ ടീമിന്റെ ഹീറോ സന്ദീപ് നര്‍വാളുമായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 42 ടാക്കിള്‍ പോയിന്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
അതേസമയം, ഈ സീസണില്‍ ഇതിനകം കളിച്ചിട്ടുള്ള 16 മല്‍സരങ്ങളില്‍ നിന്നും ടൈറ്റന്‍സിന്റെ സമ്പാദ്യം 16 പോയിന്റുകള്‍ മാത്രമാണ്. വെറും രണ്ടു കളിയില്‍ മാത്രമാണ് ടൈറ്റന്‍സ് സീസണില്‍ ജയിച്ചത്. ബാക്കിയുള്ള 14 മല്‍സരങ്ങളിലും തോല്‍വിയായിരുന്നു ഫലം. ഈ സീസണിനു മുമ്പ് സ്റ്റാര്‍ റെയ്ഡറായ പവന്‍ കുമാര്‍ സെഹ്‌റാവത്തിനെ 2.6 കോടി രൂപ മുടക്കി തങ്ങളുടെ ടീമിലേക്കു ടൈറ്റന്‍സ് കൊണ്ടുവന്നിരുന്നു. പക്ഷെ അതു അവരുടെ തലവര മാറ്റിയില്ലെന്നു ഇത്തവണത്തെ പ്രകടനം തെളിയിക്കുകയാണ്.