പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി പിടിവലി മുറുകവെ ഹരിയാന സ്റ്റീലേഴ്‌സ് എവിടെയായിരിക്കും ഫിനിഷ് ചെയ്യുകയെന്നു പറഞ്ഞിരിക്കുകയാണ് കോച്ച് മന്‍പ്രീത് സിങ്. കഴിഞ്ഞ ദിവസം യുപി യോദ്ധാസിനെ 50-34നു തകര്‍ത്ത് ഹരിയാന സീസണിലെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയം കൊയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഹരിയാന ആറാംസ്ഥാനത്തേക്കും കയറിയിരുന്നു.
ഞങ്ങളുടെ ഹോം പാദത്തിലെ മല്‍സരങ്ങള്‍ക്കു മുമ്പ് തുടര്‍ച്ചയായി വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെയാണെന്നു മനീന്ദര്‍ സിങ് വ്യക്തമാക്കി. ഈയൊരു നിമിഷത്തില്‍ ഹരിയാന സ്റ്റീലേഴ്‌സ് ടീം വലിയ ആത്മവിശ്വാസത്തിലാണ്. പഞ്ച്കുലയില്‍ ഇനി നടക്കാനിരിക്കുന്ന മുഴുവന്‍ മല്‍സരങ്ങളിലും ജയം കൊയ്യുകയാണ് ടീമിന്റെ ലക്ഷ്യം. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മനീന്ദര്‍ പറയുന്നു.

ഈ സീസണിലെ ലീഗില്‍ ഹരിയാന ഡിഫന്‍ഡര്‍മാരുടെ പ്രകടനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഞങ്ങളുടെ പ്രതിരോധ നിര വളരെ നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതേ രീതിയിലുള്ള പ്രകടനം തന്നെ ഡിഫന്‍ഡര്‍മാര്‍ ഇനിയുള്ള മല്‍സരങ്ങളിലും ആവര്‍ത്തിക്കുകയാണെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും അവസാനത്തെ നാലു മല്‍സരങ്ങളിലും ജയിക്കും. പ്രതിരോധ നിര നന്നായി ചെയ്യുമ്പോള്‍ അതു റെയ്ഡര്‍മാരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും മനീന്ദര്‍ സിങ് പറഞ്ഞു.
ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ടീമിലെ മുഴുവന്‍ താരങ്ങളും ഫിറ്റായി തുടരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുടര്‍ച്ചയായി നാലു മല്‍സരങ്ങളിലാണ് ഞങ്ങള്‍ക്കു ഇനി ഹോംഗ്രൗണ്ടില്‍ കളിക്കാനുള്ളത്. അതിനു ശേഷം ഞങ്ങള്‍ക്കു പ്ലേഓഫിലേക്കു പോവുകയും വേണം.
അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിന്റെ ഈയൊരു ഘട്ടത്തില്‍ കളിക്കാരുടെ ഫിറ്റ്‌നസ് വളരെ ക്ലോസായി നിരീക്ഷിക്കേണ്ടത് ആവശ്യമെന്നും ഹരിയാന കോച്ച് ചൂണ്ടിക്കാട്ടി. 16നു വെള്ളിയാഴ്ച പഞ്ച്കുലയിലെ തൗ ദേവിലാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് പാറ്റ്‌ന പിറേറ്റ്‌സുമായിട്ടാണ് ഹരിയാന സ്റ്റീലേഴ്‌സിന്റെ അടുത്ത മല്‍സരം.
അതേസമയം, പോയിന്റ് പട്ടികയിലേക്കു വന്നാല്‍ മൂന്നു ടീമുകള്‍ ഇതിനകം പ്ലേഓഫില്‍ ഇടം നേടിക്കഴിഞ്ഞു. ഇനി മൂന്നു ടീമുകള്‍ക്കു കൂടിയാണ് പ്ലേഓഫിലേക്കു ടിക്കറ്റ് ബാക്കിയുള്ളത്. നിലവിലെ ചാംപ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ് തലപ്പത്തുള്ളത്. ആദ്യം പ്ലേഓഫിലെത്തിയതും അവര്‍ തന്നെയാണ്. 19 മല്‍സരങ്ങളില്‍ നിന്നും 13 ജയവും മൂന്നു വീതം തോല്‍വിയും സമനിലയുമടക്കം ജയ്പൂരിന് 77 പോയിന്റാണുള്ളത്.
കഴിഞ്ഞ തവണത്തെ റണ്ണറപ്പായ പുനേരി പള്‍ത്താന്‍ തൊട്ടരികിലായി രണ്ടാംസ്ഥാനത്തുണ്ട്. ജയ്പൂരും പള്‍ത്താനും തമ്മില്‍ വെറും ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ജയ്പൂരിന്റെ ഒന്നാംസ്ഥാനം എപ്പോള്‍ വേണമെങ്കിലും തെറിക്കാം.
18 മല്‍സരങ്ങളില്‍ നിന്നും 13 ജയവും രണ്ടു തോല്‍വിയും മൂന്നു ടൈയുമടക്കം 76 പോയിന്റാണ് പള്‍ത്താനുള്ളത്. മൂന്നാമതുള്ള ദബാങ് ഡല്‍ഹി കെസിയാണ് പ്ലേഓഫിലെത്തിയ മറ്റൊരു ടീം. 20 മല്‍സരങ്ങളില്‍ നിന്നും 11 ജയവും ആറു തോല്‍വിയും മൂന്നു ടൈയുമടക്കം അവര്‍ക്കു 69 പോയിന്റുണ്ട്.