പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ കണ്ടെത്തലുകളിലൊന്നായി മാറിയ താരമാണ് ഹരിയാന സ്റ്റീലേഴ്‌സിന്റെ യുവതാരം ശിവം പതാരെ. ഈ സീസണില്‍ ഇതിനകം 12 മല്‍സരങ്ങളില്‍ നിന്നും 54 പോയിന്റ് യുവ റെയ്ഡറായ താരം നേടിക്കഴിഞ്ഞു. ഇത്തവണ ഹരിയാനയ്‌ക്കൊപ്പം കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ലഭിക്കും മുമ്പ് സംസ്ഥാന തലത്തില്‍ പല തവണ താന്‍ അവഗണിക്കപ്പെട്ടതായി വെളിപ്പെടുത്തിയിരിക്കുകയാണ് ശിവം.
കോച്ച് മന്‍പ്രീത് സിങിന്റെ പിന്തുണയാണ് ഇത്തവണ താരത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയത്. ചില സീനിയര്‍ കളിക്കാര്‍ക്കു പോലും വിശ്രമം നല്‍കിയ കോച്ച് പകരം ശിവത്തിനു അവസരം നല്‍കുകയായിരുന്നു. ഇതു അദ്ദേഹം ശരിക്കും മുതലെടുക്കുകയും ചെയ്തു. ഒരു സൂപ്പര്‍ 10നുള്‍പ്പെടെ ഈ സീസണില്‍ നേടിയ ശിവം ഹരിയാനയുടെ ഈ സീസണിലെ സെന്‍സേഷനായി മാറിയിരിക്കുകയാണ്.

സ്വന്തം ഗ്രാമത്തില്‍ നിന്നാണ് കബഡിയിലേക്കുള്ള തന്റെ യാത്ര തുടങ്ങിയതെന്നു ശിവം പറയുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും പ്രശസ്തമായ കായിക ഇനമായിരുന്നു കബഡി. സീനിയേഴ്‌സില്‍ നിന്നും കബഡി പഠിച്ചെടുത്ത ഞാന്‍ പിന്നീട് സ്‌കൂള്‍ ഗെയിംസിലും പങ്കെടുത്തു. അതിനു ശേഷം ദേശീയ തലത്തിലും മല്‍സരിക്കാന്‍ അവസരങ്ങള്‍ ലഭിച്ചതായി താരം പറയുന്നു.
കരിയറില്‍ ഒരുപാട് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ചില സമയങ്ങളില്‍ ട്രയല്‍സിനു പോയപ്പോള്‍ ദേശീയ തലത്തിലേക്കു ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. നാല്- അഞ്ചു വര്‍ഷങ്ങള്‍ ഇതു സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഞാന്‍ പരിശീലനം തുടര്‍ന്നു കൊണ്ടേയിരുന്നു. തുടര്‍ന്നു ഗ്രാമം വിട്ട ശേഷം ഞാന്‍ മറ്റൊരു സ്ഥലത്തേക്കു മാറുകയായിരുന്നു. അധികം വൈകാതെ തന്നെ ദേശീയ തലത്തില്‍ കളിക്കാനുള്ള അവസരവും ലഭിച്ചതായി ശിവം വ്യക്തമാക്കി.
കുടുംബത്തിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടുള്ള പിന്തുണ വളരെ വലുതാണ്. എന്റെ അച്ഛന്‍ കബഡി കളിക്കാറുണ്ട്. എന്റെ അമ്മാവനും കബഡി കളിച്ചിരുന്നു. കായികാധ്യാപകന്‍ കൂടിയാണ് അച്ഛന്‍. കളിക്കാന്‍ എന്നെ എല്ലായ്‌പ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരുന്നത് അദ്ദേഹമാണ്. മാത്രമല്ല എങ്ങനെയാണ് കളിക്കേണ്ടതെന്നു എന്നെ പഠിപ്പിച്ചതും അച്ഛനാണെന്നും ശിവം കൂട്ടിച്ചേര്‍ത്തു. പ്രോ കബഡി ലീഗ് ആരംഭിച്ചപ്പോള്‍ ഇതില്‍ കളിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നതായി താരം പറയുന്നു.
വലിയൊരു പ്ലാറ്റ്‌ഫോമില്‍ കബഡി കളിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. ക്യാമറകള്‍ക്കും കബഡി ഫാന്‍സിനും മുന്നില്‍ കളിക്കാനും സ്വന്തം കളി ടെലിവിഷനില്‍ കാണാനുമെല്ലാം ആഗ്രഹിച്ചിരുന്നതായും ശിവം വ്യക്തമാക്കി.
ഹരിയാന സ്റ്റീലേഴ്‌സ് ടീമിനോടൊപ്പമുള്ള പ്രീ സീസണ്‍ ക്യാംപില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നു. കോച്ച് മന്‍പ്രീത് സാര്‍ പല കാര്യങ്ങളും എന്നെ പഠിപ്പിച്ചു. പരിശീലനത്തിനിടെ സീനിയര്‍ കളിക്കാരും എന്നെ സഹായിച്ചിരുന്നു. ഞങ്ങളുടെ പരിശീലനം, സ്‌ട്രെങ്ത്ത് ആന്റ് കണ്ടീഷനിങ് എല്ലാം വളരെ മികച്ചതാണ്. ഇതിലൂടെ പുതിയ ടെക്‌നിക്കുകളും കഴിവുകളും പഠിച്ചെടുക്കുകയും ചെയ്തുവെന്നും ശിവം കൂട്ടിച്ചേര്‍ത്തു.