പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണയും വാശിയേറിയ പോരാട്ടങ്ങളാണ് പ്രോ കബഡി ലീഗില്‍ നടക്കുന്നത്. ഇന്ത്യയിലെ കബഡിയുടെ ആവേശത്തെ ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ത്താന്‍ പ്രോ കബഡി ലീഗിലൂടെ സാധിച്ചിട്ടുണ്ട്. ഓരോ സീസണിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് എംവിപി അവാര്‍ഡ് ( മോസ്റ്റ് വാല്യുവബിള്‍ പ്ലേയര്‍) നല്‍കാറുണ്ട്. ഇതിനോടകം ലീഗിലെ പല പ്രമുഖരും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ആരാവും ലീഗിലെ എംവിപി താരം?
ഇത്തവണ എംവിപി താരമാകാന്‍ സാധ്യതയുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം പ്രതീക് ദഹിയയാണ്. ഗുജറാത്ത് ജയ്ന്റ്‌സിന്റെ താരമാണ് പ്രതീക്. യുവ ഓള്‍റൗണ്ടറായ താരം ഒമ്പതാം സീസണില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഗുജറാത്ത് പരിശീലകന്‍ റാം മേഹര്‍ സിങ്ങിന്റെ വിശ്വസ്തനായ താരമാണ് പ്രതീക്. 19 മത്സരത്തില്‍ നിന്ന് 183 പോയിന്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഇത്തവണയും മോശമല്ലാത്ത പ്രകടനം താരം കാഴ്ചവെക്കുന്നുണ്ട്.

എംവിപി താരമായി പ്രതീക് മാറാന്‍ സാധ്യത കൂടുതലാണ്. രണ്ടാമത്തെ താരം മോഹിത് ഗോയത്താണ്. പുനീരി പള്‍ത്താന്റെ താരമാണ് മോഹിത്. പ്രതിഭാശാലിയായ താരം അവസാന രണ്ട് സീസണിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഭാവിയില്‍ പര്‍ദീപ് നാര്‍വാളിന്റെ പവന്‍ സെഹ്‌റാവത്തിന്റെയും നിലവാരത്തിലേക്ക് ഉയരാന്‍ കഴിവുള്ള താരമാണ് മോഹിത്. സ്ഥിരതയോടെ മികവ് കാട്ടുന്നുവെന്നതാണ് മോഹിത്തിന്റെ പ്രധാന സവിശേഷത.
മൂന്നാമത്തെ താരം തമിഴ് തലൈവാസിന്റെ നരേന്ദ്ര കന്‍ഡോലയാണ്. അവസാന സീസണിലും തമിഴ് തലൈവാസിനൊപ്പമായിരുന്നു നരേന്ദ്രയുണ്ടായിരുന്നത്. പവന്‍ സെഹ്‌റാവത്തിന് പരിക്കേറ്റപ്പോള്‍ ടീമിന്റെ നെടുന്തൂണായി മാറാന്‍ നരേന്ദ്രക്ക് സാധിച്ചിരുന്നു. ഇത്തവണയും ടീമിനൊപ്പം മികച്ച തുടക്കം നരേന്ദ്രക്ക് ലഭിച്ചിട്ടുണ്ട്. എംവിപി താരമായി ഇത്തവണ മാറാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. മറ്റൊരു താരം തമിഴ് തലൈവാസിന്റെ സാഗറാണ്.
അവസാന സീസണില്‍ സാഗറിന്റെ ഒറ്റയാള്‍ പോരാട്ട മികവില്‍ തമിഴ് തലൈവാസ് പല മത്സരങ്ങളും ജയിച്ചിട്ടുണ്ട്. 17 മത്സരത്തില്‍ നിന്ന് 53 ടാക്കിള്‍ പോയിന്റുകളും അഞ്ച് ഹൈ ഫൈവ്‌സും നേടാന്‍ സാഗറിനായിരുന്നു. ഇത്തവണയും സാഗര്‍ മികവ് കാട്ടുന്നുണ്ട്. പര്‍ദീപ് നാര്‍വാളാണ് മറ്റൊരാള്‍. ഇത്തവണയും ഗംഭീര പ്രകടനമാണ് സീനിയര്‍ താരം കാഴ്ചവെക്കുന്നത്. ടൂര്‍ണമെന്റില്‍ 1600 ടാക്കിള്‍ പോയിന്റ് സ്വന്തമാക്കിയിട്ടുള്ള ഏക താരമാണ് പര്‍ദീപ്. പ്രതിഭാശാലിയായ പര്‍ദീപ് ഇത്തവണ എംവിപി താരമാകാന്‍ കെല്‍പ്പുള്ളവനാണ്.