പ്രോ കബഡി ലീഗിന്റെ പത്താം സീസണിലെ മല്‍സരങ്ങള്‍ നോയ്ഡ ലെഗിനു ശേഷം ഇപ്പോള്‍ മുംബൈ ലെഗിലേക്കു കടന്നിരിക്കുകയാണ്. രണ്ടു ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം മുംബൈ സാക്ഷിയായത്. ആവേശകരമായ ആദ്യ മല്‍സരത്തില്‍ മൂന്നു തവണ ചാംപ്യന്‍മാരായ പാറ്റ്‌ന പിറേറ്റ്‌സ് പൊരുതി വീണിരുന്നു. ദബാങ് ഡല്‍ഹി കെസിയോടു ഒരു പോയിന്റിനാണ് പാറ്റ്‌ന കീഴടങ്ങിയത്. രണ്ടാമത്തെ മല്‍സരത്തിലാവട്ടെ ആതിഥേയ ടീമായ യു മുംബ 40-35നു ബെംഗളുരു ബുള്‍സിനെ തകര്‍ത്തുവിടുകയും ചെയ്തിരുന്നു.
രണ്ടു പോരാട്ടങ്ങളിലും ഒന്നിലേറെ റെയ്ഡര്‍മാര്‍ക്കു സൂപ്പര്‍ 10 ലഭിച്ചിരുന്നു. ക്യാപ്റ്റന്‍ അഷു മാലിക്ക് ഡല്‍ഹി ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. 10 റെയ്ഡ് പോയിന്റുകള്‍ അദ്ദേഹം നേടിയിരുന്നു. പാറ്റ്‌ന പിറേറ്റ്‌സിനു വേണ്ടി സച്ചിന്‍ തന്‍വാറും 10 പോയിന്റുകള്‍ സ്വന്തമാക്കിയിരുന്നു. യു മുംബയും ബെംഗളൂരുവും തമ്മിലുള്ള കളിയില്‍ ഹോം ടീമിന്റെ ഡിഫന്‍ഡറായ ബിട്ടു ആറു ടാക്കിള്‍ പോയിന്റുകളും ടീമിനു നേടിക്കൊടുത്തു.

മുംബൈ ലെഗിലെ ഈ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം ടൂര്‍ണമെന്റിലെ റെയ്ഡര്‍മാരുടെയും ഡിഫന്‍ഡര്‍മാരുടെയും ലിസ്റ്റില്‍ ഏതൊക്കു കളിക്കാരാണ് മുന്നിട്ടു നില്‍ക്കുന്നതെന്നു പരിശോധിക്കാം. അര്‍ജുന്‍ ദേശ്‌വാളും മനീന്ദര്‍ സിങുമാണ് ഈ സീസണിലെ ഏറ്റവും മികച്ച രണ്ടു റെയ്ഡര്‍മാര്‍. സച്ചിന്‍ തന്‍വാര്‍ ഈ ലിസ്റ്റില്‍ മൂന്നംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്.
90 റെയ്ഡ് പോയിന്റുകളുമായിട്ടാണ് ജയ്പൂര്‍ പിങ്ക് പാന്ദേഴ്‌സിന്റെ അര്‍ജുന്‍ ദേശ്‌വാള്‍ ഏറ്റവുമധികം റെയ്ഡ് പോയിന്റ് നേടിയവരില്‍ തലപ്പത്തുള്ളത്. ബംഗാള്‍ വാരിയേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ മനീന്ദര്‍ സിങാണ് തൊട്ടു തഴെയുള്ളത്. 89 റെയ്ഡ് പോയിന്റുകള്‍ അദ്ദേഹം സീസണില്‍ നേടിക്കഴിഞ്ഞു.

പാറ്റ്‌ന പിറേറ്റ്‌സിന്റെ സച്ചിന്‍ തന്‍വാര്‍ ഇത്ര തന്നെ പോയിന്റുകളുമായി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. യുപി യോദ്ധാസിന്റെ പര്‍ദീപ് നര്‍വാള്‍ 87ഉം അവരുടെ തന്നെ സുരേന്ദര്‍ ഗില്ലും 86ഉം പോയിന്റുമായി നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. കഴിഞ്ഞ ദിവസം പാറ്റ്‌നയ്‌ക്കെതിരേ സൂപ്പര്‍ 10 നേടിയതോടെ 86 പോയിന്റുമായി ഡല്‍ഹി ക്യാപ്റ്റന്‍ അശു മാലിക്ക് ആറാംസ്ഥാനത്തേക്കു ഉയര്‍ന്നിരിക്കുകയാണ്.
കൂടുതല്‍ ടാക്കിള്‍ പോയിന്റ് നേടിയ ഡിഫന്‍ഡര്‍മാരുടെ ലിസ്റ്റില്‍ ആദ്യത്തെ ആറില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. യുപി യോദ്ധാസിന്റെ സുമിത്താണ് തലപ്പത്ത്. 37 പോയിന്റുകള്‍ ടാക്കിളിലൂടെ സീസണില്‍ അദ്ദേഹം സ്വന്തമാക്കിക്കഴിഞ്ഞു. രണ്ടാംസ്ഥാനത്തു പുനേരി പള്‍ത്താന്‍സിന്റെ മുഹമ്മദ്രേസ ചിയാനെയും പാറ്റ്‌ന പിറേറ്റ്‌സിന്റെ കിഷനുമാണ്. യഥാക്രമം 34ഉം 33ഉം പോയിന്റാണ് ഇരുവരുടെയും പക്കലുള്ളത്.
തമിഴ് തലൈവാസിന്റെ സാഹില്‍ ഗുലിയ 33ഉം ബെംഗളൂരു ബുള്‍സിന്റെ സൗരഭ് നന്ദല്‍ 32 പോയിന്റുമായി അഞ്ചാംസ്ഥാനത്തുമുണ്ട്. യു മുംബയ്‌ക്കെതിരേ നാലു ടാക്കിള്‍ പോയിന്റുകള്‍ നേടിയതോടെയാണ് സൗരഭ് ടോപ്പ് ഫൈവില്‍ തിരിച്ചെത്തിയത്.