Pro Kabaddi League 2023: ഇവരെ വെല്ലാന്‍ ആരുമില്ല, എക്കാലത്തെയും മികച്ച 10 റെയ്ഡര്‍മാര്‍
പ്രോ കബഡി ലീഗിന്റെ പത്താം സീസണിലെ മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചെന്നൈ പാദത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനിയുള്ള മല്‍സരങ്ങള്‍ ഉത്തര്‍ പ്രദേശിലെ നോയ്ഡയിലാണ്. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ ഒമ്പതു സീസണുകളെടുക്കുകയാണെങ്കില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള ചില താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
ഇതുവരെയുള്ള സീസണുകളില്‍ ഏറ്റവമധികം റെയ്ഡ് പോയിന്റുകള്‍ സ്വന്തമാക്കിയിട്ടുള്ള 10 പേര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. പര്‍ദീപ് നര്‍വാളാണ് പ്രോ കബഡി ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റെയ്ഡറെന്നു അദ്ദേഹം നേടിയിട്ടുള്ള പോയിന്റുകള്‍ അടിവരയിടുന്നു. 1601 പോയിന്റാണ് പര്‍ദീപ് ഇതിനകം തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. 157 മല്‍സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം.

പ്രോ കബഡി ലീഗില്‍ 1500ന് മുകളില്‍ പോയിന്റ് നേടിയിട്ടുള്ള ഒരേയൊരു താരവും പര്‍ദീപ് തന്നെയാണ്. അതു മാത്രമല്ല ഒരു സീസണില്‍ 350 റെയ്ഡ് പോയിന്റുകള്‍ സ്വന്തമാക്കിയ ഏക താരവും അദ്ദേഹം തന്നെയാണ്. അഞ്ചാം സീസണില്‍ പാറ്റ്‌ന പിറേറ്റ്‌സിനു വേണ്ടി കളിക്കവെയായിരുന്നു ഇത്. അന്നു 26 മല്‍സരങ്ങളില്‍ നിന്നും 369 റെയ്ഡ് പോയിന്റുകളാണ് പര്‍ദീപ് വാരിക്കൂട്ടിയത്.
ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് മനീന്ദര്‍ സിങാണ്. 122 മല്‍സരങ്ങളില്‍ നിന്നും 1231 പോയിന്റാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. മൂന്നാംസ്ഥാനം രാഹുല്‍ ചൗധരിക്കാണ്. 150 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 1039 റെയ്ഡ് പോയിന്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഓള്‍റൗണ്ടറായ ദീപക് ഹൂഡയാണ് കൂടുതല്‍ റെയ്ഡ് പോയിന്റ് നേടിയവരില്‍ നാലാംസ്ഥാനത്ത്. 157 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 1020 റെയ്ഡ് പോയിന്റാണ് കൈക്കലാക്കിയത്. ആദ്യത്തെ നാലു റെയ്ഡര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ ടോപ്പ് 10ലെ ബാക്കിയുള്ള ആറു പേര്‍ക്കും 1000ത്തിനു മുകളില്‍ റെയ്ഡ് പോയിന്റ് നേടാനായിട്ടില്ലെന്നു കാണാം.
ലിസ്റ്റില്‍ അഞ്ചാംസ്ഥാനം പവന്‍ സെഹ്‌റാവത്തിനാണ്. അടുത്തിടെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച അദ്ദേഹം പ്രോ കബഡി ലീഗില്‍ ഇതിനകം നേടിയിട്ടുള്ളത് 987 പോയിന്റാണ്. 105 മല്‍സരങ്ങളിലാണ് സെഹ്‌റാവത്ത് കളിച്ചിട്ടുള്ളത്. ആറാംസ്ഥാനം നവീന്‍ കുമാറിനാണ്. 85 മല്‍സരങ്ങളില്‍ നിന്നും താരം വാരിക്കൂട്ടിയത് 934 റെയ്ഡ് പോയിന്റാണ്.
ഏഴാംസ്ഥാനത്തു റെയ്ഡര്‍ അജയ് ടാക്കൂറാണ്. 120 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സമ്പാദ്യം 794 പോയിന്റാണ്. സച്ചിന്‍ എട്ടാംസ്ഥാനത്തു നില്‍ക്കുന്നു. റെയ്ഡറായ അദ്ദേഹം 106 മല്‍സരങ്ങളില്‍ നിന്നും നേടിയത് 781 പോയിന്റാണ്. ഒമ്പതും പത്തും സ്ഥാനങ്ങളില്‍ വികാഷ് കന്‍ഡോലയും രോഹിത് കുമാറുമാണ്. 101 മല്‍സരങ്ങളില്‍ നിന്നും 732ഉം 101 മല്‍സരങ്ങളില്‍ നിന്നും 683ഉം റെയ്ഡ് പോയിന്റുകളാണ് ഇരുവരും നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications