പ്രോ കബഡി ലീഗിന്റെ 10ാം സീസണിലെ മല്‍സരങ്ങള്‍ പ്ലേഓഫിലേക്കു അടുക്കുകയാണ്. ഈ മാസവും അടുത്ത മാസവുമായി നടക്കാനിരിക്കുന്ന പ്ലേഓഫ്, ഫൈനല്‍ എന്നിവയുടെ വേദിയായി ഹൈദരാബാദിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ലീഗില്‍ പങ്കെടുക്കുന്ന 12 ടീമുകളില്‍ നിലവിലെ ചാംപ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനു മാത്രമേ ഇതിനകം പ്ലേഓഫ് ഉറപ്പിക്കാനായിട്ടുള്ളൂ. 17 മല്‍സരങ്ങളില്‍ 12ലും ജയിച്ചിട്ടുള്ള അവര്‍ക്കു 71 പോയിന്റാണ് ഇപ്പോഴുള്ളത്. മുഴുവന്‍ ടീമുകളും 17-18 മല്‍സരങ്ങള്‍ സീസണില്‍ ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ലീഗിലെ നിയമപ്രകാരം പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരാണ് നേരിട്ടു സെമി ഫൈനലിലേക്കു യോഗ്യത നേടുക. ശേഷിച്ച നാലു സ്ഥാനങ്ങളിലുള്ളവര്‍ സെമി ടിക്കറ്റിനായി എലിമിനേറ്ററില്‍ ഏറ്റുമുട്ടുകയും ചെയ്യും. ഇത്തവണ ഓരോ ടീമുകളുടെയും പ്ലേഓഫ് സാധ്യതകൾ നമുക്കു പരിശോധിക്കാം.

പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നവരാണ് പുനേരി പള്‍ത്താന്‍. 16 മല്‍സരങ്ങളില്‍ നിന്നും 12 ജയമുള്‍പ്പെടെ 68 പോയിന്റാണ് അവര്‍ക്കുള്ളത്. അടുത്ത മല്‍സരത്തില്‍ ദബാങ് ഡല്‍ഹി കെസിയെ തോല്‍പ്പിക്കാനായാല്‍ പള്‍ത്താന് പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാം. ഇത്തവണ പ്ലേഓഫിലെത്തുമെന്നു ഉറപ്പുള്ള ടീം കൂടിയാണ് അവര്‍.
ദബാങ് ഡല്‍ഹി കെസിയാണ് പ്ലേഓഫ് ലക്ഷ്യമിടുന്ന മറ്റൊരു ടീം. 18 മല്‍സരങ്ങളില്‍ നിന്നും 11 ജയമുള്‍പ്പെടെ 65 പോയിന്റുമായി അവര്‍ ലീഗില്‍ മൂന്നാംസ്ഥാനത്തുണ്ട്. സൂപ്പര്‍ താരമായ നവീന്‍ കുമാറിനെ സീസണിന്റെ തുടക്കത്തില്‍ തന്നെ നഷ്ടമായിട്ടും ഈ പ്രതിസന്ധിയെ മറികടന്നാണ് ഡല്‍ഹി മുന്നേറിയത്. പള്‍ത്താനുമായുള്ള അടുത്ത മല്‍സരം കടുപ്പമായിരിക്കുമെങ്കലും വിജയപ്രതീക്ഷയിലാണ് അവര്‍.
ഹരിയാന സ്റ്റീലേഴ്‌സാണ് പ്ലേഓഫിലേക്കു രംഗത്തുള്ള മറ്റൊരു ടീം. 17 മല്‍സരങ്ങളില്‍ നിന്നും 10 വിജയമുള്‍പ്പെടെ അവര്‍ക്കു 55 പോയിന്റുണ്ട്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു നില്‍ക്കുകയാണ് അവര്‍. പക്ഷെ വരാനിരിക്കുന്ന ചില മല്‍സരങ്ങളില്‍ തിരിച്ചടി നേരിട്ടാല്‍ അതു അവരുടെ പ്ലേഓഫ് സാധ്യതയെ ബാധിച്ചേക്കും. യുപി യോദ്ധാസുമായിട്ടാണ് ഹരിയാനയുടെ അടുത്ത മല്‍സരം.
പോയിന്റ് പട്ടികയിലെ അഞ്ചാംസ്ഥാനക്കാരായ പാറ്റ്‌ന പിറേറ്റ്‌സാണ് പ്ലേഓഫ് ടിക്കറ്റിനായി രംഗത്തുള്ള മറ്റൊരു ടീം. 18 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയമുള്‍പ്പെടെ 53 പോയിന്റാണ് അവരുടെ അക്കൗണ്ടിലുള്ളത്. അവസാനത്തെ അഞ്ചു മല്‍സരങ്ങളിലും പാറ്റ്‌ന തോല്‍വിയറിഞ്ഞിട്ടില്ല. ബംഗാള്‍ വാരിയഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ് എന്നിവര്‍ ഫോമിലേക്കുയര്‍ന്നാല്‍ അതു പാറ്റ്‌നയുടെ സാധ്യതകളെ സാരമായി ബാധിക്കും.
ഗുജറാത്ത് ജയന്റ്‌സും പ്ലേഓഫ് ലക്ഷ്യമിടുന്നുണ്ട്. പോയിന്റ് പട്ടികയില്‍ ആറാമതാണ് അവര്‍. 17 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തിലാണ് ഗുജറാത്ത് ജയിച്ചത്. 50 പോയിന്റ് അവരുടെ അക്കൗണ്ടിലുണ്ട്. അടുത്ത കളിയില്‍ തമിഴ് തലൈവാസിനെ തോല്‍പ്പിച്ചാല്‍ പോയിന്റ് പട്ടികയില്‍ പാറ്റ്‌നയെ ഗുജറാത്തിനു മറികടക്കാം.

17 മല്‍സരങ്ങളില്‍ നിന്നും 44 പോയിന്റോടെ 44 പോയിന്റുള്ള ബംഗാള്‍ വാരിയേഴ്‌സും പ്ലേഓഫിലെത്താന്‍ സാധ്യതയുള്ളവരാണ്. അഞ്ചു മല്‍സരങ്ങളാണ് അവര്‍ക്കു ഇനി ബാക്കിയുള്ളത്. ഇതില്‍ നാലെണ്ണത്തിലെങ്കിലും ജയിച്ചാല്‍ ബംഗാളിനു പ്ലേഓഫ് പ്രതീക്ഷയുണ്ട്.
എട്ടാംസ്ഥാനക്കാരായ ബെംഗളുരു ബുള്‍സാണ് പ്ലേഓഫിലേക്കു പോരടിക്കുന്ന മറ്റൊരു ടീം. 17 മല്‍സരങ്ങളില്‍ നിന്നും 43 പോയിന്റാണ് അവര്‍ക്കുള്ളത്. ഇനിയുള്ള മല്‍സരങ്ങളില്‍ ജയിക്കാനായാല്‍ അവര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. ഒമ്പതാംസ്ഥാനത്തുള്ള തമിഴ് തലൈവാസിനു 17 കളിയില്‍ 40 പോയിന്റാണുള്ളത്. പ്ലേഓഫിലെത്തുക കടുപ്പമാണെങ്കിലും അവര്‍ക്കു അതു അസാധ്യമല്ല.
യു മുംബയാണ് പോയിന്റ് പട്ടികയില്‍ പത്താംസ്ഥാനത്ത്. 17 കളിയില്‍ 40 പോയിന്റുള്ള അവര്‍ പ്ലേഓഫിലെത്താനുള്ള സാധ്യത തീരെ കുറവാണ്. അവസാനത്തെ അഞ്ചു കളിയില്‍ നാലിലും ബെംഗളൂരു തോറ്റിരുന്നു. യുപി യോദ്ധാസ്, തെലുഗു ടൈറ്റന്‍സ് എന്നിവരാണ് അവസാനത്തെ രണ്ടു സ്ഥാനക്കാര്‍. ഈ രണ്ടു പേരും പ്ലേഓഫിലെത്തില്ലെന്നുറപ്പാണ്. യോദ്ധാസിനു 17 കളിയില്‍ 28ഉം ടൈറ്റന്‍സിനു 18 കളിയില്‍ നിന്നും 16ഉം പോയിന്റ് മാത്രമേ ഇപ്പോഴുള്ളൂ.