നിലവിലെ ചാംപ്യന്‍മാരായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് പ്രോ കബഡി ലീഗില്‍ വീണ്ടുമൊരു കിരീടത്തിലേക്കു കുതിക്കുകയാണ്. സുനില്‍ കുമാറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു കഴിഞ്ഞ തവണ ജയ്പൂര്‍ കിരീടം ചൂടിയത്. ഈ സീസണിലും മിന്നുന്ന ഫോം തുടരുന്ന ജയ്പൂര്‍ ഇതിനകം സെമി ഫൈനലില്‍ സ്ഥാനമുറപ്പാക്കിയിരിക്കുകയാണ്. 20 മല്‍സരങ്ങളില്‍ നിന്നു 82 പോയിന്റോടെ നിലവില്‍ തലപ്പത്തു നില്‍ക്കുകയാണ് ജയ്പൂര്‍. ലീഗ് ഘട്ടത്തില്‍ ഇനി രണ്ടു മല്‍സരങ്ങളാണ് അവര്‍ക്കു ബാക്കിയുള്ളത്.
ജയ്പൂര്‍ ടീമിന്റെ വിജയരഹസ്യത്തെക്കുറിച്ചും തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് സുനില്‍ കുമാര്‍. ഒരു ക്യാപ്റ്റന്‍ കൂടുതല്‍ സമയം മാറ്റില്‍ ചെലവഴിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. ഞാന്‍ ടീമിനു അതു വിശദീകരിച്ചു നല്‍കുകയും ചെയ്യുന്നു.

ഒരു ക്യാപ്റ്റന് ഹൈ ഫൈവ് അത്യാവശ്യ ഘടകമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല ഒരു ക്യാപ്റ്റന്‍ എല്ലായ്‌പ്പോഴും ടാക്കിള്‍ ചെയ്യണമെന്നും ഞാന്‍ കരുതുന്നില്ല. ടീമിനെ വിജയിപ്പിക്കുകയെന്നതാണ് പ്രധാനം. ഞങ്ങളുടെ ടീം നന്നായി പെര്‍ഫോം ചെയ്യുന്നുമുണ്ടെന്നും സുനില്‍ കുമാര്‍ വിശദമാക്കി.
കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ അതേ സ്‌ക്വാഡിനെ തന്നെ നിലനിര്‍ത്തിയതിലൂടെ കോച്ചുമാരും ജയ്പൂരിന്റെ മുന്നേറ്റത്തില്‍ സുപ്രധാന റോളാണ് വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ നന്നായി പരിശീലനം നടത്തുകയും വളരെ നന്നായി കളിക്കുകയും ചെയ്തു.
പരിചയസമ്പന്നരും യുവതാരങ്ങളുമുള്‍പ്പെട്ട നല്ല കോമ്പിനേഷനായിരുന്നു ടീമിനുണ്ടായിരുന്നത്. ഈ കാരണത്താലാണ് ഞങ്ങള്‍ക്കു ഇത്രയും വിജയങ്ങള്‍ കൈവരിക്കാനായത്. ഈ സീസണിലും മാനേജ്‌മെന്റും കോച്ചും കഴിഞ്ഞ തവണത്തെ ഏറെക്കുറെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയതായും സുനില്‍ വിശദമാക്കി.

ഞങ്ങളുടെ പ്ലെയിങ് 7ലും 14ലും ഒരുപാട് മാറ്റങ്ങളൊന്നുമില്ല. കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ക്കു ലഭിച്ച താളം ഇത്തവണയും നിലനിര്‍ത്തുകയായിരുന്നു. ഞങ്ങളുടെ ടീം കോമ്പിനേഷന്‍ വളരെ മികച്ചതാണ്. ഈ കാരണത്താലാണ് ടീമിനു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നതെന്നും സുനില്‍ പറഞ്ഞു.
വ്യക്തിഗത നേട്ടങ്ങളില്‍ അധികം ശ്രദ്ധിക്കാറില്ലെന്നും കവര്‍ ഡിഫന്ററായ അദ്ദേഹം വ്യക്തമാക്കി. ഈ സീസണില്‍ ഏറ്റവുമധികം ടാക്കിള്‍ പോയിന്റ് നേടിയിട്ടുള്ള ആദ്യത്തെ 20 താരങ്ങളുടെ ലിസ്റ്റില്‍ സുനിലും ഉള്‍പ്പെട്ടിട്ടുണ്ട്. 20 മല്‍സങ്ങളില്‍ നിന്നും 48 പോയിന്റാണ് അദ്ദേഹം നേടിയത്.
ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന്റെ മികച്ച പ്രകടനത്തിനു പിന്നില്‍ ആരാധകര്‍ക്കും വലിയ പങ്കുണ്ടെന്നാണ് സുനില്‍ കുമാറിന്റെ അഭിപ്രായം. ഫാന്‍സുള്ളതു കാരണമാണ് ഞങ്ങള്‍ ഇപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നത്. പ്രോ കബഡി ലീഗിന്റെ പ്ലേഓഫിലെത്തുന്ന ആദ്യത്തെ ടീമായി ഞങ്ങള്‍ ഇത്തവണ മാറുകയും ചെയ്തു. ജയ്പൂരിലെ ആരാധകരില്‍ നിന്നും അത്രയും നല്ല പിന്തുണയാണ് ടീമിനു കിട്ടിയത്. ഈ കാരണത്താല്‍ തന്നെ ഇവിടെ കളിച്ച നാലു മല്‍സരങ്ങളിലും ടീമിനു ജയിക്കാന്‍ സാധിച്ചതായും സുനില്‍ വിശദമാക്കി.