ഗുജറാത്ത് ജയന്റ്‌സ് ടീം പ്രോ കബഡി ലീഗിന്റെ പത്താം സീസണില്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയതിനു പിന്നാലെ ക്യാപ്റ്റന്‍ ഫസെല്‍ അത്രാചലിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് കോച്ച് രാം മെഹര്‍ സിങ്. കഴിഞ്ഞ ദിവസം പഞ്ച്കുലയില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ യുപി യോദ്ധാസിനെ 36-29നു കീഴടക്കിയാണ് ഗുജറാത്ത് പ്ലേഓഫില്‍ സ്ഥാനമുറപ്പാക്കിയത്. സീസണില്‍ അവരുടെ തുടര്‍ച്ചയായ നാലാമത്തെ വിജയം കൂടിയായിരുന്നു ഇത്.
ഇറാന്റെ അന്താരാഷ്ട്ര താരം കൂടിയായ ഫസെലിന്റെ നേതൃമികവ് ഈ സീസണില്‍ ഗുജറാത്ത് ജയന്റ്‌സിനു ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് കോച്ചിന്റെ വിലയിരുത്തല്‍. ഫസെലിനേക്കാള്‍ മികച്ചൊരു ലീഡറുണ്ടാവില്ല. അദ്ദേഹം ടീമിലെ എല്ലാവരെയും പ്രചോദിപ്പിക്കുന്ന നായകനാണ്. കൂടാതെ ടീമിന്റെ പ്ലാനുകള്‍ വളരെ നന്നായി മനസ്സിലാക്കുകയും ചെയ്യുന്നു. ദൈര്‍ഘ്യമേറിയ കരിയറാണ് ഫസെലിന്റേത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിനു മുതല്‍ക്കൂട്ടാവുകയും ചെയ്യുന്നുവെന്നും രാം മെഹര്‍ സിങ് വ്യക്തമാക്കി.

നിലവില്‍ പ്രോ കബഡി ലീഗിന്റെ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്താണ് ഗുജറാത്ത് ജയന്റ്‌സുള്ളത്. ഇതുവരെ കളിച്ച സീസണിലെ 21 മല്‍സരങ്ങളില്‍ 13ലും അവര്‍ വിജയം കൊയ്യുകയും ചെയ്തു. എട്ടു മല്‍സരങ്ങളിലാണ് പരാജയം നേരിട്ടത്. 70 പോയിന്റും ഗുജറാത്തിന്റെ അക്കണ്ടിലുണ്ട്. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലും ജയിച്ച ഗുജറാത്ത് മിന്നുന്ന ഫോമിലാണ് പ്ലേഓഫിനൊരുങ്ങുന്നത്.
നാളെ (ഫെബ്രുവരി 19) ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സുമായിട്ടാണ് ഗുജറാത്തിന്റെ അവസാനത്തെ ലീഗ് മല്‍സരം. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ജയ്പൂര്‍ ഇത്തവണ ഏറ്റവുമാദ്യം പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ടീം കൂടിയാണ്. അവരെയും വീഴ്ത്തി ആത്മവിശ്വാസത്തോടെ പ്ലേഓഫില്‍ ഇറങ്ങാനായിരിക്കും ഗുജറാത്തിന്‍റെ ലക്ഷ്യം.
ഗുജറാത്ത് ജയന്റ്‌സ് കോച്ച് രാം മെഹര്‍ സിങ് വലിയ പിന്തുണയാണ് തനിക്കു നല്‍കിക്കൊണ്ടിരിക്കുന്നതെന്നു ഫസെല്‍ പറയുന്നു. മോശം ദിവസങ്ങളില്‍ നല്ലൊരു കോച്ചിനെയാണ് നിങ്ങള്‍ക്കു ആവശ്യം. ദൈര്‍ഘ്യമേറിയ സീസണാണിത്. രാം മെഹര്‍ സാര്‍ നിങ്ങളെ ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. എന്നെ അദ്ദേഹം എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ട്. കൂടാതെ വളരെ ഫ്രീയായി ഈ സീസണില്‍ കളിക്കാന്‍ ടീമിനെ സഹായിച്ചിട്ടുണ്ടെന്നും ഫസെല്‍ വിശദമാക്കി.

പ്രോ കബഡി ലീഗില്‍ ഇതുവരെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഫ്രാഞ്ചൈസികളിലൊന്നാണ് ഗുജറാത്ത് ജയന്റ്‌സ്. ആറാം സീസണില്‍ അവര്‍ ഈ ലക്ഷ്യത്തിനു അടുത്തു വരെയെത്തിയെങ്കിലും ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. അന്നു ബെംഗളൂരു ബുള്‍സിനു മുന്നിലാണ് അവര്‍ക്കു കിരീടം അടിയറവയ്‌ക്കേണ്ടി വന്നത്.
ഈ സീസണില്‍ തീര്‍ച്ചയായും കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ജയന്റ്‌സ്. ഈ സീസണില്‍ ഗുജറാത്ത് ജയന്റ്‌സിനോടൊപ്പം 61 ടാക്കിള്‍ പോയിന്റാണ് ഡിഫന്‍ഡര്‍ കൂടിയായ ഫസെല്‍ സ്വന്തമാക്കിയത്. 49 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയ ശതമാനം.
നാലു സൂപ്പര്‍ ടാക്കിളുകള്‍ നടത്താനും മൂന്ന് ഹൈ ഫൈവുകള്‍ നേടാനും ഗുജറാത്ത് ക്യാപ്റ്റനു സാധിക്കുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫന്‍ഡറാണ് ഫസെല്‍. 167 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം സ്വന്തമാക്കിയത് 485 ടാക്കിള്‍ പോയിന്റുകളാണ്.