മുംബൈ: പ്രോ കബഡി ലീഗിന്റെ 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണയും വാശിയേറിയ പോരാട്ടങ്ങളാണ് കാണുന്നത്. എന്നാല്‍ ഒരുപടി മുന്നിട്ട് നിന്ന് കുതിക്കുന്നത് പുനേരി പള്‍ത്താനാണ്. 12 മത്സരം പൂര്‍ത്തിയാവുമ്പോള്‍ 52 പോയിന്റോടെ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത് പുനേരി പള്‍ത്താനാണ്. അസ്ലാം ഇനാംദാര്‍ നയിക്കുന്ന പൂനെയില്‍ നിന്നുള്ള ടീം രണ്ട് മത്സരത്തില്‍ മാത്രമാണ് ഈ സീസണില്‍ തോറ്റത്.
ഇത്തവണ ഏതെങ്കിലും ടീം കിരീടം മോഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തി തടസമായി നില്‍ക്കുന്ന ടീം പുനേരി പള്‍ത്താനാണ്. ഇത്തവണ കൂടുതല്‍ കിരീട സാധ്യത പുനേരി പള്‍ത്താനാണെന്ന് നിസംശയം പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം പുനേരി പള്‍ത്താന്റെ ടീം കരുത്താണ്. പുനേരി ടീമിന്റെ റൈഡര്‍മാരെല്ലാം മികച്ച പ്രതിരോധ മികവുള്ളവരുമാണ്. ഇവരെല്ലാം മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
മോഹിത്തിനെയാണ് ഇതില്‍ എടുത്തു പറയേണ്ടത്. ആംഗിള്‍ ഹോള്‍ഡിലൂടെ എതിരാളികളെ വിറപ്പിക്കാന്‍ മോഹിത് മിടുക്കുകാട്ടുന്നു. ഓള്‍റൗണ്ടര്‍മാരാല്‍ ടീം സമ്പന്നമാണ്. മോഹിത് 16 ടാക്കിള്‍ പോയിന്റുകളോടൊപ്പം പ്രതിരോധത്തിലും നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ടീമിന്റെ പ്രതിരോധ താരങ്ങള്‍ റൈഡര്‍മാരെന്ന നിലയിലും ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഇത് മറ്റ് ടീമുകളിലെ പല താരങ്ങള്‍ക്കും സാധിക്കാത്തതാണ്. ഓള്‍റൗണ്ട് പ്രകടനമാണ് ടീമിലെ താരങ്ങളെല്ലാം കാഴ്ചവെക്കുന്നതെന്നതാണ് എടുത്തു പറയേണ്ടത്.
ടീമെന്ന നിലയില്‍ ഇത്തവണ പുനേരി പള്‍ത്താന്‍ ഒത്തൊരുമയോടെ കളിക്കുന്നു. ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം ഈ സീസണിലും നിലനിര്‍ത്തിയത് ടീമിന് ഗുണം ചെയ്യുന്നുണ്ട്. അസ്ലം, മോഹിത്, പങ്കജ്, അഭിനേഷ് നടരാജന്‍, സങ്കേത് സാവന്ത്, ആകാശ് ഷിന്‍ദെ എന്നിവരാണ് ഇത്തവണയും ടീമിലുണ്ട്. ഇവര്‍ക്കിടയില്‍ മികച്ച പദ്ധതികളും ധാരണയുമുണ്ട്. ഇത് ടീമിന് വളരെയധികം ഗുണം ചെയ്യുന്നു. പരിശീലകന്‍ ബിസി രമേഷിന്റെ കീഴില്‍ ടീമിനുള്ളിലെ സാഹചര്യം മികച്ചതാണ്.

മറ്റൊരു കാര്യം അസ്ലാമിന്റെ ക്യാപ്റ്റന്‍സിയാണ്. ടീമിലെ യുവതാരങ്ങള്‍ക്കെല്ലാം ആത്മവിശ്വാസം നല്‍കി ടീമിനെ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ അസ്ലാമിന് സാധിക്കുന്നു. മികച്ച പദ്ധതികളുള്ള നായകനാണ് അസ്ലമെന്ന് പറയാം. മത്സരത്തിനിടെ നിര്‍ദേശങ്ങള്‍ നല്‍കി ടീമിനുള്ളില്‍ മികച്ച പോരാട്ടവീര്യം നിലനിര്‍ത്താന്‍ ക്യാപ്റ്റന് സാധിക്കുന്നുണ്ട്.
ടീമിന് ലഭിക്കുന്ന ആരാധക പിന്തുണയും വളരെ വലുതാണ്. ഒത്തിണക്കത്തോടെ കളിക്കുന്ന ടീമിന് ആത്മവിശ്വാസം നല്‍കാന്‍ വലിയ ആരാധക കൂട്ടായ്മയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയടക്കം ടീമിന് വലിയ പിന്തുണ ലഭിക്കുന്നു. ഇത്തവണ മികച്ച തുടക്കം പുനേരി പള്‍ത്താന് ലഭിച്ചുകഴിഞ്ഞു. വരുന്ന മത്സരങ്ങളിലും ഇതേ മികവ് കാട്ടാന്‍ ടീമിന് സാധിച്ചാല്‍ കപ്പിലേക്കെത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
എന്നാല്‍ പുനേരി പള്‍ത്താന് വലിയ ഭീഷണി ഉയര്‍ത്തുന്നത് ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സാണ്. 48 പോയിന്റാണ് ജയ്പൂര്‍ ടീമിനുള്ളത്. ദബാങ് ഡല്‍ഹിക്ക് 40 പോയിന്റുമുണ്ട്. ഇൗ മൂന്ന് ടീമുകളാണ് നിലവില്‍ ആദ്യ മൂന്ന് സ്ഥാനത്ത് നില്‍ക്കുന്നത്. വലിയ അട്ടിമറിക്ക് നിലവില്‍ സാധ്യതകളില്ലെങ്കിലും വരുന്ന മത്സരങ്ങളില്‍ പോരാട്ടം കൂടുതല്‍ മുറുകുമെന്ന് പറയാം.