പ്രോ കബഡി ലീഗ് 10ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണയും മിന്നല്‍ നീക്കങ്ങളുമായി പര്‍ദീപ് നാര്‍വാള്‍ ടൂര്‍ണമെന്റിലുണ്ട്. പ്രോ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് പോലും വിശേഷിപ്പിക്കാവുന്ന താരമാണ് പര്‍ദീപ്. ഗംഭീര റെക്കോഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏറ്റവും കൂടുതല്‍ റൈഡിങ് പോയിന്റുള്ള താരമെന്ന റെക്കോഡ് പര്‍ദീപിന്റെ പേരിലാണ്. പ്രോ കബഡി ലീഗിലെ സൂപ്പര്‍ താരത്തിന്റെ പ്രണയം വിവാഹം റെക്കോഡ് എല്ലാം പരിശോധിക്കാം.
പര്‍ദീപ് വിവാഹം ചെയ്തിരിക്കുന്നത് സ്വാതി ബെനിവാളിനെയാണ്. 2019 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹം കഴിച്ചത്. കബഡിയുടെ വലിയ ആരാധികയായി സ്വാതിയാണ് പര്‍ദീപിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. ഗാര്‍വിത് നാര്‍വാളെന്നാണ് മകന്റെ പേര്. ഹരിയാനയിലെ ഉള്‍ഗ്രാമത്തിലാണ് സ്വാതി ജനിച്ചത്. പരമ്പരാഗത ജീവിത ശൈലിയില്‍ നിന്ന് മാറി ഉന്നത പഠനം നടത്താന്‍ സ്വാതിക്ക് സാധിച്ചു.

ഇരുവരുടേയും പ്രണയത്തില്‍ സ്വാതിയുടെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. മൂന്ന് തവണ പ്രോ കബഡി ലീഗ് കിരീടം നേടിയ പര്‍ദീപാണ് പ്രോ കബഡിയില്‍ 1600 റൈഡിങ് പോയിന്റ് നേടുന്ന ആദ്യ താരം. യുപി യോദ്ധാസിനായാണ് ഇത്തവണയും അദ്ദേഹം കളിക്കുന്നത്. 1.65 കോടിക്കാണ് പര്‍ദീപിനെ നിലനിര്‍ത്തിയിരിക്കുന്നത്. സ്ഥിരതയോടെ മികച്ച പ്രകടനം നടത്തുന്ന താരമാണ് പര്‍ദീപ്.
അതുകൊണ്ടുതന്നെ താരത്തിനായി എല്ലാ ടീമുകളും താല്‍പര്യം കാട്ടുന്നു. നാല് മത്സരത്തില്‍ നിന്ന് 35 പോയിന്റാണ് ഈ സീസണില്‍ താരം നേടിയത്. 37% റൈഡുകളും വിജയകരമാക്കാന്‍ പര്‍ദീപിനായി. എന്നാല്‍ ഇത്തവണത്തെ യുപി യോദ്ധാസിന്റെ തുടക്കം അത്ര മികച്ചതല്ല. അഞ്ച് മത്സരത്തില്‍ നിന്ന് 2 ജയമാണ് ടീം നേടിയത്. നിലവില്‍ ആറാം സ്ഥാനത്താണ് ടീമുള്ളത്. കബഡിയ്ക്കായി തന്റെ ജീവിതം മാറ്റിവെച്ച താരങ്ങളിലൊരാളാണ് പര്‍ദീപ്.
26കാരനായ താരത്തിന്റെ ശരീര ഭാരം 75 കിലോഗ്രാമാണ്. അഞ്ച് അടിയും 10 ഇഞ്ചുമാണ് ഉയരം. ദുബ്കി കിങ്, റെക്കോഡ് ബ്രേക്കര്‍, റെക്കോഡ് മേക്കര്‍ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വിളിപ്പേരുകള്‍. 2016ലെ കബഡി ലോകകപ്പ് കിരീടം, ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കിരീടം, കബഡി മാസ്റ്റേഴ്‌സ് ദുബായ്, ബെസ്റ്റ് റൈഡര്‍ അവാര്‍ഡ്, മോസ്റ്റ് സൂപ്പര്‍ റൈഡ് ഇന്‍ എ സീസണ്‍, ഒരു സിംഗിള്‍ റൈഡില്‍ കൂടുതല്‍ ടെച്ച് പോയിന്റ് എന്നിവയെല്ലാം താരത്തിന്റെ പ്രധാന നേട്ടങ്ങളാണ്.