PKL: പവര്‍ പര്‍ദീപ്, പ്രോ കബഡിയില്‍ മറ്റാര്‍ക്കുമില്ലാത്ത ചരിത്ര നേട്ടം- യുപി നായകന്‍ തകര്‍ത്തു
പ്രോ കബഡി ലീഗ് ആവേശകരമായി പുരോഗമിക്കുകയാണ്. 10ാം സീസണ്‍ പുരോഗമിക്കുമ്പോഴും ലീഗിലെ സൂപ്പര്‍ താരമെന്ന വിശേഷണം പര്‍ദീപ് നര്‍വാളിന് അവകാശപ്പെട്ടതാണ്. ഇതിനോടകം നിരവധി റെക്കോഡുകള്‍ നേടിയെടുത്ത പര്‍ദീപ് ഇത്തവണത്തെ സീസണിലൂടെ മറ്റൊരു വമ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. 1600 കരിയര്‍ റൈഡ് പോയിന്റ് നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലേക്കാണ് പര്‍ദീപ് എത്തിയിരിക്കുകയാണ്.
കബഡിയില്‍ എളുപ്പത്തില്‍ നേടാന്‍ സാധിക്കുന്ന നേട്ടമല്ലിത്. കബഡി ലീഗിലെ ഏറ്റവും മികച്ച താരമെന്ന സ്ഥിരതയോടെ കസറുന്ന പര്‍ദീപ് ഇപ്പോള്‍ തന്റെ സ്വപ്‌നത്തെക്കുറിച്ചും ഭാവിയിലെ ലക്ഷ്യങ്ങളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ്. 'ഭാവിയില്‍ എന്റെ ഏറ്റവും വലിയ റെക്കോഡുകള്‍ പോലും തകര്‍ക്കപ്പെടും. പല താരങ്ങളും എന്നെക്കാള്‍ കൂടുതല്‍ മത്സരം കളിക്കാന്‍ സാധ്യതയുണ്ട്. മനീന്ദര്‍ സിങ്ങിന് ഇതിനോടകം 1200 പോയിന്റിലധികമുണ്ട്. കബഡിയുടെ ഭാവിയും സുരക്ഷിതമാണ്.

പ്രതീക്ഷ നല്‍കുന്ന നിരവധി യുവതാരങ്ങളുണ്ട്. എന്റെ ഇപ്പോഴത്തെ ശ്രമം പരമാവധി പോയിന്റുകള്‍ നേടി കഴിയുന്നിടത്തോളം കളിക്കുകയെന്നതാണ്'- യുപി യോദ്ധാസ് നായകനായ പര്‍ദീപ് പറഞ്ഞു. മികച്ച ഫിറ്റ്‌സനുള്ള താരമാണ് പര്‍ദീപ്. ഇപ്പോഴത്തെ തന്റെ കരിയറിലെ ലക്ഷ്യത്തെക്കുറിച്ച് പര്‍ദീപ് പറയുന്നത് ഇങ്ങനെയാണ്. 'കഴിയുന്ന കാലമത്രയും കളിക്കണം. എന്റെ നിലവിലെ ലക്ഷ്യം 2000ലധികം പോയിന്റ് നേടണമെന്നതാണ്. ആദ്യമായി ഈ നേട്ടത്തിലെത്തുന്ന താരമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്.
സ്‌പോര്‍ട്‌സ് താരമെന്ന നിലയില്‍ പരിശീലനത്തിന് വലിയ പ്രാധാന്യമുണ്ട്. ഡയറ്റില്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുന്നു. പ്രത്യേക ഭക്ഷണമൊന്നും കഴിക്കാറില്ല. പാലും വെണ്ണയുമാണ് കൂടുതല്‍ കഴിക്കുന്നത്. ഭക്ഷണത്തോടൊപ്പം പരിശീലനത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല. എനിക്ക് ദുബ്ക്കി വളരെ ഇഷ്ടമാണ്. അത് കൂടുതല്‍ മത്സരത്തില്‍ ഉപയോഗിക്കുന്നതിനാലാണ് ആരാധകര്‍ എന്നെ ഈ പേര് വിളിക്കുന്നത്.
എന്റെ കുടുംബം പര്‍ദീപ് എന്നാണ് വിളിക്കുന്നത്. മറ്റുള്ള പേരുകള്‍ ആരാധകര്‍ വിളിക്കുന്നതില്‍ സന്തോഷമാണ്'- പര്‍ദീപ് പറഞ്ഞു. പ്രോ കബഡി ലീഗിന്റെ വരവോടെ കബഡി താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നുണ്ടെന്നും പര്‍ദീപ് പറഞ്ഞു. 'എല്ലാ താരങ്ങള്‍ക്കും വലിയ സൗകര്യമാണ് കബഡി ലീഗില്‍ ലഭിക്കുന്നത്. ഫിസിയോയും പരിശീലകനും മസാജ് സ്‌പെഷ്യലിസ്റ്റുമുണ്ട്. മികച്ച പരിശീലകരുടെ സേവനം താരങ്ങളുടെ പ്രതിഭയും ഫിറ്റ്‌നസും ഉയര്‍ത്തുന്നു.
ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ അവസരമാണ് ലീഗിലൂടെ ലഭിക്കുന്നത്. ഉത്തര്‍ പ്രദേശിനായി ഇത്തവണ കിരീടം നേടാനായി ടീമെന്ന നിലയില്‍ ശക്തമായ ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ താരങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്' - പര്‍ദീപ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications