പ്രോ കബഡി ലീഗിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് അര്‍ജുന്‍ ദേശ്‌വാള്‍. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിന്റെ നായകനായ അര്‍ജുന്‍ കഴിഞ്ഞ ദിവസം ചരിത്ര റെക്കോഡിലേക്കെത്തിയിരിക്കുകയാണ്. പ്രോ കബഡി ലീഗില്‍ 1000 റൈഡ് പോയിന്റ് വേഗത്തില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് അര്‍ജുന്‍. യുപി യോദ്ധാസിനെ 33-30 എന്ന പോയിന്റിന് തോല്‍പ്പിച്ചതോടെയാണ് വമ്പന്‍ നേട്ടത്തിലേക്ക് താരമെത്തിയത്. 97ാം മത്സരത്തിലൂടെയാണ് അര്‍ജുന്റെ ഉജ്ജ്വല നേട്ടം.
ഇപ്പോഴിതാ തന്റെ നേട്ടത്തെക്കുറിച്ചും പ്രോ കബഡിയിലൂടെ കരിയര്‍ മാറിയതിനെക്കുറിച്ചും അര്‍ജുന്‍ പ്രതികരിക്കുകയാണ്. 'ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം. 1000 റൈഡ് പോയിന്റ് എന്ന വ്യക്തിഗത നേട്ടത്തിന് വലിയ പ്രാധാന്യമുള്ളതായി കരുതുന്നില്ല. വിജയത്തോടൊപ്പം ഈ ചരിത്ര നേട്ടവും ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. അതുകൊണ്ട് ഞാന്‍ വളരെയധികം തൃപ്തനാണ്. നമ്മള്‍ ഇഷ്ടപ്പെട്ട് ഒരു കായിക ഇനത്തില്‍ കഠിനാധ്വാനം ചെയ്താല്‍ അല്‍പ്പം വൈകിയാണെങ്കിലും അതിന്റെ ഫലം നമുക്ക് ലഭിക്കും.
എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. എന്നാല്‍ എല്ലാത്തിനേക്കാളും ഉപരി എനിക്ക് കബഡിയാണ് വലുത്. എന്നെ പ്രശസ്തനാക്കിയതും സാമ്പത്തിക അടിത്തറ നല്‍കിയതും എല്ലാം കബഡിയാണ്. എന്റെ ജീവിതം മാറ്റിമറിച്ചതും കരിയറില്‍ എല്ലാം തന്നതും കബഡിയാണ്. എന്റെ എല്ലാ നേട്ടങ്ങള്‍ക്കും കബഡിയാണ് കാരണം. കബഡിയില്‍ ഒരു താരത്തിനും തനിച്ച് ഒന്നും നേടാനാവില്ല. ടീമിന്റെ പിന്തുണയും പരിശീലകന്റെ പിന്തുണയുമാണ് വളരെ പ്രധാനപ്പെട്ടത്.
എന്റെ മാതാ പിതാക്കളുടെ അനുഗ്രഹവും ടീമിന്റേയും പരിശീലക സംഘത്തിന്റേയും പിന്തുണയും എന്റെ നേട്ടങ്ങള്‍ക്ക് വളരെയധികം സഹായിച്ചിട്ടുണ്ട്' അര്‍ജുന്‍ പറഞ്ഞു. പ്രോ കബഡി ലീഗ് ചരിത്രത്തില്‍ 1000 റൈഡര്‍ പോയിന്റ് നേടുന്ന ഏഴാമത്തെ താരമാണ് അര്‍ജുന്‍. ഇത്തവണ അര്‍ജുന് കീഴില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് കിരീടത്തിലേക്കെത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഈ സീസണിലെ ജയ്പൂരിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഏഴ് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമടക്കം 20 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത് പിങ്ക് പാന്തേഴ്‌സാണ്. 8 മത്സരത്തില്‍ നിന്ന് 30 പോയിന്റാണ് പുനേരി ടീമിനുള്ളത്.
യു മുംബൈ 29 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഹരിയാന സ്റ്റീലേഴ്‌സ്, തെലുങ്കു ടൈറ്റന്‍സ്, ദബാങ് ഡല്‍ഹി കെസി, ബംഗാള്‍ വാരിയേഴ്‌സ്, പാട്‌ന പൈറേറ്റ്‌സ്, തമിഴ് തലൈവാസ് എന്നിവരെല്ലാം ജയ്പൂര്‍ ടീമിന് മുകളിലുണ്ട്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ ജയ്പൂരിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.