വിശാഖപട്ടണം: പ്രോ കബഡി ലീഗിന്റെ 12ാം സീസണിലെ ആദ്യപാദ മല്‍സരങ്ങള്‍ വളരെയധികം ആവേശകരമായി പുരോഗമിക്കുകയാണ്. ചില ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്കു കഴിഞ്ഞ ഒരാഴ്ചക്കിടെ ടൂര്‍ണമെന്റ് സാക്ഷിയായിരുന്നു.
ഇന്നലെ (സപ്തംബര്‍ 4) രണ്ടു കിടിലന്‍ മല്‍സരങ്ങളാണ് നടന്നത്. ഇതില്‍ എടുത്തു പറയേണ്ടത് തെലുഗു ടൈറ്റന്‍സിന്റെ വിജയമാണ്. തുടര്‍ തോല്‍വികള്‍ക്കു ശേഷം അവര്‍ സീസണിലെ ആദ്യത്തെ വിജയം സ്വന്തമാക്കിയിരിക്കുകയാണ്
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനെയാണ് ടൈറ്റന്‍സ് 37-32 എന്ന മാര്‍ജിനില്‍ വീഴ്ത്തിയത്. എട്ടു പോയിന്റുകള്‍ വീതം ടീമിനു സമ്മാനിച്ച ക്യാപ്റ്റന്‍ വിജയ് മാലിക്കും റെയ്ഡര്‍ ഭരത് ഹൂഡയുമാണ് അവരുടെ ഹീറോസ്.

photocredit: prokabaddi
ഡിഫന്‍സില്‍ അജിത് പവാറിന്റെ ഹൈ ഫൈവും എടുത്തു പറയേണ്ടതാണ് മറുഭാഗത്തു നിതീഷ് കുമാര്‍ ധന്‍കര്‍ പാന്തേഴ്‌സിനായി 13 പോയിന്റ് തനിച്ച് നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. ഈന സീസണിലെ ആദ്യ തോല്‍വി കൂടിയാണ് പാന്തേഴ്‌സിനു നേരിട്ടത്.
കഴിഞ്ഞ ദിവസത്തെ രണ്ടാമത്തെ മല്‍സരമാവട്ടെ ശരിക്കുമൊരു ക്ലാസിക്കായിരുന്നു. ഏറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ പിറന്ന മല്‍സരത്തില്‍ ദബാങ് ഡല്‍ഹി ടൈബ്രേക്കറില്‍ പുനേരി പള്‍ത്താനെ മറികടക്കുകയായിരുന്നു.
നിശ്ചിത സമയത്തു സ്‌കോര്‍ 28-28നു തുല്യമായതോടെ വിജയികളെ കണ്ടെത്താന്‍ ടൈബ്രേക്കര്‍ ആവശ്യമായി വരികയായിരുന്നു. ടൈബ്രേക്കറിലും രണ്ടു ടീമും വിട്ടുകൊടുത്തില്ല. സ്‌കോര്‍ 5-5നു വീണ്ടും തുല്യമായതോടെ കളി ഗോള്‍ഡന്‍ റെയ്ഡിലേക്ക്.
കളിയില്‍ ഇതിനകം തന്നെ സൂപ്പര്‍ 10 നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അഷു മാലിക്ക് വീണ്ടും ടീമിന്റെ ഹീറോയായി. ഗൗരവ് ഖാത്രിക്കെതിരേ ബോണസ് പോയിന്റും ടച്ച് പോയിന്റും നേടിയ അദ്ദേഹം ടീമിനു അവിസ്മരണീയ വിജയം സമ്മാനിക്കുകയും ചെയ്തു.
ഇറാന്റെ വെറ്ററന്‍ സൂപ്പര്‍ താരം ഫസെല്‍ അത്രാചെലിയും ഹൈഫവുമായി ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ചു. ഇതോടെ സീസണിലെ അപരാജിത റെക്കോര്‍ഡും അവര്‍ കാത്തുസൂക്ഷിച്ചു.
ഈ രണ്ടു മല്‍സങ്ങള്‍ക്കു ശേഷം പുനേരി പള്‍ത്താനാണ് കബഡി ലീഗ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്ത്. എങ്കിലും ഒന്നാംസ്ഥാനത്തു അവരുടെ ലീഡ് കുറഞ്ഞിരിക്കുകയാണ്. നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റാണ് ഇപ്പോള്‍ ഡല്‍ഹിക്കുള്ളത്. പുനേരിക്കു പിന്നില്‍ രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളിലായി യുപി യോദ്ധാസ്, ദബാങ് ഡല്‍ഹി, യു മുംബ എന്നീ ടീമുകളുണ്ട്.
ഇവര്‍ക്കെല്ലാം നാലു വീതം പോയിന്റാണുള്ളത്. കഴിഞ്ഞ ദിവസം നേടിയ ആദ്യ വിജയത്തോടെ 12 ടീമുകളുടെ ലീഗില്‍ ടൈറ്റന്‍സ് എട്ടാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ സീസണില്‍ ഇനിയും ഒരു കളി പോലും ജയിച്ചിട്ടില്ലാത്ത പാറ്റ്‌ന പിറേറ്റ്‌സ്, ബെംഗളൂരു ബുള്‍സ്, ഗുജറാത്ത് ജയന്റ്‌സ് എന്നിവര്‍ അവാന സ്ഥാനങ്ങളിലാണ്.