പ്രോ കബഡി ലീഗിന്റെ 12ാം സീസണ്‍ വളരെ ആവേശകരമായി നീങ്ങവെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ കിരീട ഫേവറിറ്റുകളായി മാറിയിരിക്കുകയാണ് യുപി യോദ്ധാസ് ടീം. ഇത്തവണ 12 ഫ്രാഞ്ചൈസികളില്‍ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നു തങ്ങളുടതാണെന്നു വെറും മൂന്നു മല്‍സങ്ങള്‍ കൊണ്ടു തന്നെ അവര്‍ തെളിയിച്ചിരിക്കുകയാണ്.
പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അവര്‍ നാലാമതാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. തെലുഗു ടൈറ്റന്‍സിനെയും പാറ്റ്‌ന പിറേറ്റ്‌സിനെയും തകര്‍ത്തുവിട്ട യോദ്ധാസ് ടീം നിലവിലെ ചാംപ്യന്‍മാരായ ഹരിയാന സ്റ്റീലേഴ്‌സിനോടു പൊരുതിത്തോല്‍ക്കുകയായിരുന്നു.

ടീമിന്റെ ഡിഫന്‍സീവ് നിരയിലേക്കു വരികയാണെങ്കില്‍ അതു വളരെ ശക്തവും കെട്ടുറപ്പുള്ളതാണെന്നും കാണാം. ക്യാപ്റ്റന്‍ സുമിത് സാങ്വാനാണ് പ്രതിരോധത്തില്‍ അവരുടെ വജ്രായുധം. ഒരു കളിയില്‍ അഞ്ചു ടാക്കിള്‍ പോയിന്റെന്ന ശരാശരിയില്‍ രണ്ടു ഹൈ ഫൈവ്‌സും 15 ടാക്കിള്‍ പോയിന്റും അദ്ദേഹം ഇതിനകം സ്വന്തം പേരില്‍ ചേര്‍ത്തു കഴിഞ്ഞു.
വൈസ് ക്യാപ്റ്റന്‍ അഷു മാലിക്കില്‍ നിന്നും മികച്ച പിന്തുണയും അദ്ദേഹത്തിനു ലഭിക്കുന്നുണ്ട്. ഒരു കളിയില്‍ ശരാശരി 2.67 ടാക്കിള്‍ പോയിന്റെന്ന നിലയിലാണ് അഷു സ്വന്തമാക്കിയത്. പ്രതിരോധത്തില്‍ സാങ്വാനും മാലിക്കും ചേരുന്നതോടെ എല്ലാ ടീമുകളുടെയും പേടിസ്വപ്‌നമായി യുപി യോദ്ധാസ് മാറിയിരിക്കുകയാണ്. സീസണില്‍ ഇതിനകം വിജയകരമായ 29 ടാക്കിളുകളും 31 ടാക്കിള്‍ പോയിന്റുകളും അവര്‍ കൈക്കലാക്കി കഴിഞ്ഞു.
ഇനി റെയ്ഡിലേക്കു വന്നാല്‍ അവിടെയും യുപി യോദ്ധാസാണ് കിടുവാണ്. രണ്ടു സൂപ്പര്‍ 10 ഉള്‍പ്പെടെ 34 ടാക്കിള്‍ പോയിന്റുമായി ഗഗന്‍ ഗൗഡയാണ് യോദ്ധാസിന്റെ സൂപ്പര്‍ ഹീറോ. ഒരു മല്‍സരത്തില്‍ ശരാശരി 11.33 എന്ന രീതിയിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ സീസണിലെ ഏറ്റവുമുയര്‍ന്ന അഞ്ചാമത്തെ ശരാശരി കൂടിയാണിത്.
ഗൗഡയെ കൂടാതെ ഭവാനി രാജ്പുത്, ഗുമന്‍ സിങ് എന്നിവരും റെയ്ഡര്‍മാരായി വിലസുകയാണ്. 10 റെയ്ഡ് പോയിന്റ് വീതം ഇരുവരും ഇതിനകം ടീമിനായി സ്‌കോര്‍ ചെയ്തു കഴിഞ്ഞു. സീസണില്‍ ടീമിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് അസിസ്റ്റന്റ് കോച്ച് കൂടിയായ ഉപേന്ദ്ര മാലിക്ക്.
ഞങ്ങള്‍ക്കു വൈവിധ്യമാര്‍ന്ന റെയ്ഡര്‍മാരുടെ നിരയുണ്ട്. പക്ഷെ ഗഗന്‍ എല്ലായ്‌പ്പോഴും വളരെ കരുത്തോടെയാണ് തുടങ്ങുന്നത്. റെയ്ഡില്‍ നിന്നും ഒരുപാട് പോയിന്റുകള്‍ നേടാനുുള്ള ശേഷിയുമുണ്ട്. പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം കാഴ്ചവച്ച് ഗഗന്‍ എല്ലാവരെയും തുടര്‍ച്ചയായ സര്‍പ്രൈസ് ചെയ്തു കൊണ്ടിരിക്കുകയാണെന്നും കോച്ച് വിശദമാക്കി.