പികെഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടങ്ങള്‍ ആവേശവും പോരാട്ടവീര്യവും ഒത്തിണങ്ങിയതായിരുന്നു. ബംഗാള്‍ വാരിയേഴ്‌സിനെതിരെ 47-40 എന്ന സ്‌കോറിന് വിജയിച്ച ഗുജറാത്ത് ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ അടിവാരത്തില്‍ നിന്ന് കരകയറി. അതേസമയം, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനെതിരായ ആവേശകരമായ മത്സരത്തില്‍ പുനേരി പള്‍ട്ടാന്‍ 41-36 എന്ന സ്‌കോറിന് വിജയം നേടിക്കൊണ്ട് പട്ടികയില്‍ ഒന്നാമതെത്തി.
ഗുജറാത്തിന്റെ ഔള്‍റൗണ്ട് മികവ് വേറിട്ട് നിന്നെന്ന് കെബിഡി ലൈവില്‍ റിഷാങ്ക് ദേവാഡിഗ അഭിപ്രായപ്പെട്ടു. അതേസമയം ബംഗാളിന്റെ പ്രതിരോധ കാര്യക്ഷമതയില്ലായ്മയെ അദ്ദേഹം വിമര്‍ശിച്ചു. ജ്രയ്പൂരിനെതിരെ പുനേരി പല്‍ത്താന്റെ പങ്കജ് മോഹിതെയും ആദിത്യ ഷിന്‍ഡെയും ഉള്‍പ്പെടുന്ന ഫലപ്രദമായ റെയ്ഡിംഗ് ജോഡി മികച്ച പ്രകടനം കാഴ്ച വെച്ചു എന്നും അദ്ദേഹം പറഞ്ഞു.

ജയന്റ്‌സിനെതിരായ ബംഗാള്‍ വാരിയേഴ്സിന്റെ പ്രതിരോധം മങ്ങിയതായിരുന്നു എന്ന് ദേവഡിഗ പറഞ്ഞു. ബാക്ക്ലൈനിലെ ഒത്തിണക്കമില്ലായ്മയും അദ്ദേഹം ചൂണ്ടിക്കാട്ടി.
'റെയ്ഡുകളില്‍ എപ്പോഴും പോയിന്റുകള്‍ കൊണ്ടുവരുന്ന തരത്തിലുള്ള കളിക്കാരനാണ് ദേവാങ്ക് ദലാല്‍. അദ്ദേഹത്തിന് ഏത് ടീമിലും ചേരാന്‍ കഴിയും. എന്നാല്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് പ്രതിരോധത്തിന്റെ ഉത്തരവാദിത്തമാണ്, ഗുജറാത്ത് ജയന്റ്‌സിനെതിരെ ആ പിന്തുണ ഇല്ലായിരുന്നു. ബംഗാള്‍ വാരിയേഴ്സ് പ്രതിരോധം നിരാശാജനകമായിരുന്നു, മുഴുവന്‍ മത്സരത്തിലും അഞ്ച് ടാക്കിള്‍ പോയിന്റുകള്‍ മാത്രമേ നേടിയുള്ളൂ,' അദ്ദേഹം പറഞ്ഞു.
മറുവശത്ത്, ഗുജറാത്ത് സമ്പൂര്‍ണ്ണ ആധിപത്യം കാണിച്ചു, ഒത്തിണക്കമുള്ള പ്രതിരോധ യൂണിറ്റായി കളിച്ചു. രാകേഷ് കളി ആരംഭിച്ചപ്പോള്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. മുഹമ്മദ്റേസ ഷാഡ്ലൂയിയും ദേവാങ്ക് ദലാലും തമ്മിലുള്ള പോരാട്ടവും കാണാന്‍ ആവേശകരമായിരുന്നു, അദ്ദേഹം പറഞ്ഞു.
ഗുജറാത്തിന്റെ റൈഡര്‍മാരെ നിയന്ത്രിക്കാന്‍ ബംഗാളിന്റെ പ്രതിരോധക്കാര്‍ പാടുപെട്ടു. ഇത് ജയന്റ്‌സിന് തുടക്കത്തില്‍ തന്നെ മത്സരം നിയന്ത്രിക്കാന്‍ അവസരമൊരുക്കി. നേരെമറിച്ച്, മുഹമ്മദ്റേസ ഷാഡ്ലൂയിയുടെ നേതൃത്വത്തില്‍ ഗുജറാത്തിന്റെ പ്രതിരോധ സജ്ജീകരണം സുഗമമായി ഫലം കണ്ടു. ഗുജറാത്തിന്റെ ടീം പ്രകടനവും ഷാഡ്ലൂയിയുടെ അസാധാരണമായ ഇരുവശങ്ങളിലുമുള്ള പ്രകടനവുമാണ് ഗുജറാത്തിന്റെ വിജയത്തിന് കാരണമായത്.
'ബംഗാള്‍ വാരിയേഴ്‌സിനെതിരെ ഗുജറാത്ത് ജയന്റ്സ് ഒരു പൂര്‍ണ്ണ യൂണിറ്റ് പോലെ കളിച്ചു, അതാണ് അവരുടെ വിജയത്തിലേക്ക് നയിച്ചത്. ഓരോ പ്രതിരോധക്കാരനും പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു, മുഹമ്മദ്റേസ ഷാഡ്ലൂയി തുടക്കത്തില്‍ തന്നെ ബംഗാളിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ച രീതിയാണ് കളിയുടെ ഗതി നിര്‍ണ്ണയിച്ചത്. ആദ്യ ഘട്ടത്തില്‍, അദ്ദേഹം ദേവങ്ക് ദലാലിനെ ആക്രമിച്ചു.
അതേസമയം അങ്കിത് ദഹിയയും രണ്ടുതവണ ദേവങ്കിനെ ലക്ഷ്യം വച്ചു, അവിടെ നിന്ന് ഗുജറാത്ത് കളിയില്‍ പിടിമുറുക്കി. ഷാഡ്ലൂയി രണ്ട് ഡിപ്പാര്‍ട്ട്മെന്റുകളിലും സംഭാവന നല്‍കി രണ്ട് റെയ്ഡ് പോയിന്റുകളും അഞ്ച് ടാക്കിള്‍ പോയിന്റുകളും നേടി. ഈ ശക്തനായ കളിക്കാരന്‍ ശരിക്കും തന്റെ താളം കണ്ടെത്താന്‍ തുടങ്ങിയെന്ന് പറയാം എന്നും ദേവഡിഗ അഭിപ്രായപ്പെട്ടു.