ഹൈദരാബാദ്: പ്രോ കബഡി ലീഗിന്റെ 12ാം സീസണില്‍ ദബാങ് ഡല്‍ഹി ടീമിന്റെ പടയോട്ടം തന്നെയാണ് കാണുന്നത്. തുടര്‍ച്ചയായ നാലാം ജയവുമായി കുതിക്കുകയാണ് അവര്‍. അതോടൊപ്പം 12 ടീമുകളുടെ ലീഗില്‍ ഡല്‍ഹി തലപ്പത്തേക്കു കയറുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സിനെതിരേ അനായാസ വിജയമാണ് ഡല്‍ഹി ടീം സ്വന്തമാക്കിയത്. 45-34 എന്ന സ്‌കോറിനായിരുന്നു അവരുടെ വിജയം.
അഷു മാലിക്ക് നയിക്കുന്ന ഡല്‍ഹി ടീമിന്റെ കംപ്ലീറ്റ് പ്രകടനം തന്നെയാണ് ഈ മല്‍സരത്തില്‍ കണ്ടതെന്നു പറയാം. അവരുടെ സ്റ്റാര്‍ റെയ്ഡര്‍ കൂടിയായ അദ്ദേഹം മിന്നുന്ന പ്രകടനവുമായി ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്തു. 16 പോയിന്റുകളാണ് അഷു മാലിക്ക്് ടീമിനു സമ്മാനിച്ചത്. അജിങ്ക്യ പവാറിന്റെ മികച്ച പിന്തുണയും അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.

ടീമിന്റെ സ്റ്റാര്‍ പ്ലെയര്‍ കൂടിയായ അഷു മാലിക്കിലൂടെയല്ല, മറിച്ച് നീരജ് നര്‍വാളിലൂടെയാണ് കളിയില്‍ ഡല്‍ഹി ടീം കുതിപ്പ് തുടങ്ങിയത്. അദ്ദേഹത്തിന്റെ മികച്ച റെയ്ഡ് ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. ദാക്കഡ് ദേവാങ് ദലാലിലൂടെ ബംഗാളും തിരിച്ചടിച്ചതോടെ മല്‍സരം കൂടുതല്‍ ആവേശകരമായി മാറി. കളി ടൈമൗട്ടിലെത്തിയപ്പോള്‍ സ്‌കോര്‍ 10-9ന് ഇഞ്ചോടിഞ്ചായിരുന്നു.
പിന്നീട് ഡല്‍ഹി കളിയില്‍ പിടിമുറുക്കുന്നതാണ് കണ്ടത്. 15 പോയിന്റെ മികച്ച ലീഡുമായി മുന്നില്‍ കയറിയ അവര്‍ പിന്നീട് എതിരാളികള്‍ക്കു തങ്ങള്‍ക്കൊപ്പമെത്താനുള്ള പഴുതുകളൊന്നും നല്‍കിയില്ല. ഒടുവില്‍ ഒമ്പതു പോയിന്റിന്റെ ലീഡുമായി കളിയും ഡല്‍ഹി അവരുടെ വരുതിയിലാക്കി.
അതേസമയം, സീസണില്‍ ഇതിനകം കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച ദബാങ് പികെഎല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുമ്പോള്‍ രണ്ടാംം സ്ഥാനത്തു യു മുംബ ടീമാണ്. നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലാണ് അവര്‍ക്കു വിജയിക്കാനായത്. ഒന്നില്‍ പരാജയം രുചിക്കുകയും ചെയ്തു. പുനേരി പള്‍ത്താനാണ് മൂന്നാംസ്ഥാനത്ത്. അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച അവര്‍ രണ്ടു കളിയില്‍ തോല്‍വിയും സമ്മതിച്ചു.
നിലവിലെ പിഎകെഎല്‍ ചാംപ്യന്‍മാരായ ഹരിയാന സ്റ്റീലേഴ്‌സ് പോയിന്റ് പട്ടികയില്‍ ടോപ്പ് ഫൈവില്‍ പോലും ഇപ്പോഴില്ല. ലീഗില്‍ ഏഴാം സ്ഥാനമാണ് അവര്‍ക്കുള്ളത്. നാലു മല്‍സരങ്ങള്‍ ഹരിയാന പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതില്‍ രണ്ടെണ്ണമാണ് വിജയിക്കാനായത്. ശേഷിച്ച രണ്ടെണ്ണത്തില്‍ പരാജയമായിരുന്നു ഫലം.