ഹൈദരാബാദ്: പ്രോ കബഡി ലീഗിന്റെ 12ാം സീസണ്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കകം തന്നെ ബെംഗളൂരു ബുള്‍സ് ടീമിനകത്ത് പൊട്ടിത്തെറിയെന്നു സൂചന. അവരുടെ ക്യാപ്റ്റന്‍ അംഗുഷ് റാട്ടി ടീമിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഈ സീസണിലാണ് അദ്ദേഹം ബെംഗളൂരു ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടത്.
പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല ടീമിനു സീസണില്‍ ലഭിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തോറ്റു കൊണ്ടാണ് അവര്‍ സീസണ്‍ ആരംഭിച്ചത്. പിന്നീട് പുനേരി പള്‍ത്താനോടു ആവേശകരമായ ടൈബ്രേക്കറിനും തോല്‍വി രുചിച്ചു.
തുടര്‍ന്നു ദബാങ് ഡല്‍ഹിയോടു 41-34ന്റെ പരാജയവും ബെംഗളൂരു ടീമിനു നേരിടേണ്ടതായി വന്നു. ആദ്യ കളിയില്‍ ഭേദപ്പെട്ട പ്രകടനമാണ് അംഗുഷ് കാഴ്ചവച്ചത്. എന്നാല്‍ രണ്ടാമത്തേതില്‍ വലിയ ഇടിവാണ് പ്രകടനത്തില്‍ കണ്ടത്. ഒരു പോയിന്റ് പോലും അംഗുഷിനു നേടാനും സാധിച്ചില്ല.

ടീമുമായുള്ള പ്രശ്‌നമെന്ത്?
ബെംഗളൂരു ബുള്‍സ് ടീം മാനേജ്‌മെന്റിന്റെ ഒരു തീരുമാനമാണ് ക്യാപ്റ്റന്‍ അംഗുഷ് റാട്ടിയുടെ പിണക്കത്തിന്റെ കാരണമെന്നാണ് മനസ്സിലാവുന്നത്. യു മുംബയുമായി ഈ മാസം അഞ്ചിനു നടന്ന സീസണിലെ മൂന്നാമത്തെ മല്‍സരത്തിലെ സംഭവമാണ് ടേണിങ് പോയിന്റ്.
ഈ കളിയില്‍ ടീമിന്റെ നായകസ്ഥാനം വൈസ ക്യാപ്റ്റന്‍ കൂടിയായ ആകാശ് ഷിന്‍ഡെയെ ഏല്‍പ്പിക്കുകയായിരുന്നു. മല്‍സരത്തില്‍ പ്ലെയിങ് സ്‌ക്വാഡില്‍ പോലും അംഗുഷിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കൂടാതെ ബെഞ്ചിലും അദ്ദേഹത്തെ കാണാനായില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇതോടെയാണ് ടീമുമായി അംഗുഷ് അത്ര നല്ല രസത്തിലല്ലെന്നു ആരാധകരും സംശയിച്ചു തുടങ്ങിയത്.
ഇക്കാര്യം ശരി വച്ചുകൊണ്ടു പിന്നീട് ബെംഗളൂരു ടീമിനെ സോഷ്യല്‍ മീഡിയയില്‍ അംഗുഷ് അണ്‍ഫോളോയും ചെയ്തു. മാത്രമല്ല ടീമുമായി ബന്ധപ്പെട്ട മുഴുവന്‍ ഫോട്ടോസും മറ്റു കാര്യങ്ങളുമെല്ലാം പ്രൊഫൈലില്‍ നിന്നും അദ്ദേഹം ഡിലീറ്റാ്ക്കുകയുമായിരുന്നു.
അതേസമയം, അംഗുഷുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് കൂടുതലായൊന്നും പ്രതികരിക്കാന്‍ മുഖ്യ കോച്ച് ബിസി രമേഷ് തയ്യാറായില്ല. ഞാന്‍ ഒന്നും പറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ പിന്നീട് ഇക്കാര്യങ്ങളെല്ലാം ശരിയാക്കും. ഇപ്പോള്‍ ടീം നന്നായി കളിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ക്യാപ്റ്റന്‍
ബെംഗളൂരു ബുള്‍സ് ടീമിന്റെ പുതിയ ക്യാപ്റ്റനായി യോഗേഷ് ദഹിയയെ നിയമിച്ചിരിക്കുകയാണ്. അദ്ദേഹത്തിനു കീഴില്‍ പുത്തന്‍ ഊര്‍ജമാണ് ഇപ്പോള്‍ ടീമിനു ലഭിച്ചിരിക്കുന്നത്. ദാഹിയയുടെ കീഴില്‍ കളിച്ച ആദ്യ മല്‍സരത്തില്‍ തന്നെ വിിജയം കൊയ്യാനും ബെംഗളൂരുവിനു സാധിച്ചിരിക്കുകയാണ്.