പ്രോ കബഡി ലീഗിന്റെ (PKL) ചരിത്രത്തിലെ എക്കാലക്കെയും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ഓള്‍ടൈം 7നെ തിരഞ്ഞെടുത്തിരിക്കുകയാണ് യുപി യോദ്ധാസിന്റെ മിന്നും താരം ഭവനി രാജ്പുത്. യോദ്ധാസ് ടീമിന്റെ റൈഡറായ അജയ് ടാക്കൂര്‍ ടീമില്‍ ഇടം നേടിയപ്പോള്‍ സൂപ്പര്‍ താരങ്ങളായ പവന്‍കുമാര്‍ സെഹ്‌റാവത്തും രാഹുല്‍ ചൗധരിയും തഴയപ്പെടുകയും ചെയ്തു. സ്‌പോര്‍ട്‌സ്‌കീഡയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ടീമിലെ ഏറ്റവും മികച്ച ഏഴു പേര്‍ ആരൊക്കെയാവണമെന്നു രാജ്പുത് തുറന്നു പറഞ്ഞത്.
ലെഫ്റ്റ് കവര്‍ ഏരിയയില്‍ ഓള്‍റൗണ്ടര്‍ മന്‍ജീത്ത് ചില്ലാറിനെയാണ് അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൈറ്റ് കവര്‍ ഡിഫന്‍ഡറായി നിലവിലെ യു മുംബ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ കുമാറാണ് ടീമിലേക്കു വന്നിട്ടുളളത്. കോര്‍ണര്‍ പൊസിഷനുകളില്‍ ഇതിഹാസ ജോടികളായ സുരേന്ദര്‍ നാഡ, മോഹിത് ചില്ലാര്‍ എന്നിവരുണ്ട്. രണ്ടാം സീസണിലെ പികെഎല്ലില്‍ മുംബയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങള്‍ കൂടിയാണ് ഇരുവരും.

അന്നു ചാംപ്യന്‍മാരായ മുംബ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന അനുപ് കുമാറിനെ തന്റെ മൂന്നു റൈഡര്‍മാരില്‍ ഒരാളായി രാജ്പുത് ഉള്‍പ്പെടുത്തുകയും ചെയ്തു. ടീമിലെ മറ്റു രണ്ടു റൈഡര്‍മാര്‍ അജയ് ടാക്കൂറും പര്‍ദീപ് നര്‍വാളുമാണ്.
എക്കാലത്തെയും മികച്ച റൈഡറെന്നു വിശേഷിപ്പിക്കപ്പെടുന്ന നര്‍വാളിനെ ടീമിലുള്‍പ്പെടുത്തിയെങ്കിലും മറ്റു രണ്ടു സൂപ്പര്‍ റൈഡര്‍മാരായ പവന്‍കുമാര്‍ സെഹ്‌റാവത്തിനും രാഹുല്‍ ചൗധരിക്കും ടീമില്‍ ഇടം ലഭിച്ചതുമില്ല. ദീര്‍ഘകാലമായി റൈഡമാര്‍മാരുടെ ടോപ്പ് 10ല്‍ ഇടം പിടിച്ചിട്ടുള്ള രണ്ടു താരങ്ങള്‍ കൂടിയാണ് ഇരുവരും.
ഭവനി രാജ്പുതിന്റെ ഓള്‍ടൈം 7
സുരേന്ദര്‍ നഡ (ഇടതു കോര്‍ണര്‍), അനുപ് കുമാര്‍ (ലെഫ്റ്റ് ഇന്‍), മന്‍ജീത്ത് ചില്ലാര്‍ (ലെഫ്റ്റ് കവര്‍), പര്‍ദീപ് നര്‍വാള്‍ (സെന്റര്‍), സുനില്‍ കുമാര്‍ (റൈറ്റ് കവര്‍), രാകേഷ് കുമാര്‍ (റൈറ്റ് ഇന്‍), മോഹിത് ചില്ലാര്‍ (റൈറ്റ് സെന്റര്‍).
പ്രോ കബഡി ലീഗിന്റെ തന്റെ ഓള്‍ടൈം 7ന്റെ ക്യാപ്റ്റനായി രാജ്പുത് തിരഞ്ഞെടുത്തിരിക്കുന്നത് അനുപ് കുമാറിനെയാണ്. യു മുംബയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തെപ്പോലെ താന്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും ഇതു വരെ അതിനു കഴിഞ്ഞിട്ടില്ലെന്നു രാജ്പുത് വെളിപ്പെടുത്തി.
തീര്‍ച്ചയായും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഏറ്റവും മികച്ച ചോയ്‌സ് അനുപ് കുമാര്‍ തന്നെയാണ്. അദ്ദേഹം നേടിയതു പോലെ ബോണസ് പോയിന്റ് സ്വന്തമാക്കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ടെങ്കിലും അതില്‍ പരാജയപ്പെടുകയായിരുന്നു. തനിക്കു ഒരിക്കലും അതിനു സാധിക്കില്ലെന്നും രാജ്പുത് ചിരിയോടെ കൂട്ടിച്ചേര്‍ത്തു.
ഈ സീസണിലെ പ്രോ കബഡി ലീഗില്‍ യുപി യോദ്ധാസിനു വേണ്ടി ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇനി ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ രാജ്പുതിന് കഴിയുമോയെന്നാണ് കബഡി പ്രേമികള്‍ ഉറ്റുനോക്കുന്നത്.