വണ്ടിപ്പെരിയാര്‍: കേരളത്തിന്റെ കായിക ഭൂപടത്തില്‍ വലിയ സ്ഥാനമില്ലാത്ത ഇനങ്ങളിലൊന്നാണ് കബഡി. ക്രിക്കറ്റിനേയും ഫുട്ബോളിനേയും ടെന്നിസിനേയും ഹോക്കിയേയുമെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കേരളത്തിലെ കായിക ആരാധകര്‍ കബഡിയെ ഒരു കായിക ഇനമായിപ്പോലും അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാലും തെറ്റാകില്ല. കബഡിയിലൂടെ വലിയ കരിയര്‍ സൃഷ്ടിച്ച കേരള താരങ്ങളെ നോക്കുമ്പോള്‍ ഒന്നോ രണ്ടോ പേരെ മാത്രമാണ് കാണാനാവുക.
ഇപ്പോഴിതാ കബഡിയിലൂടെ ജീവിതം പച്ചപിടിപ്പിച്ചവരില്‍ പ്രതീക്ഷവെച്ച് വണ്ടിപ്പെരിയാറിലെ ഒരു അച്ഛനും മകനും കബഡിയിലൂടെ വലിയ സ്വപ്നം കാണുകയാണ്. ഇടുക്കിയിലെ മലയോര പ്രദേശമായ വണ്ടിപ്പെരിയാറിലെ തോട്ടം തൊഴിലാളിയായ സുരേഷിന്റേയും ഭാര്യ മഹേശ്വരിയുടേയും മകന്‍ എസ് അശ്വിന്റേയും ജീവിതം തന്നെ കബഡിയാണെന്ന് പറയാം. ചെറുപ്പം മുതല്‍ കബഡി കളിച്ചിട്ടും പ്രതീക്ഷിച്ച ഉയരങ്ങളിലേക്കെത്താന്‍ സാധിക്കാതെ പോയ സുരേഷ് തന്റെ മകനിലൂടെ തനിക്ക് കൈവിട്ടുപോയ വലിയ നേട്ടങ്ങള്‍ സ്വപ്നം കാണുകയാണ്.
അശ്വിന്‍ കേരളത്തിന്റെ കബഡി ടീമില്‍
ഇല്ലായ്മകളോട് പടവെട്ടുന്നവരാണ് തോട്ടം തൊഴിലാളികള്‍. അന്നന്നത്തെ അത്താഴത്തിനായി എല്ലുമുറിയെ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കബഡി കേവലം കായിക ഇനം മാത്രമല്ല, മറിച്ച് അവരുടെ ജീവിത പ്രതിസന്ധികളുടെ കയ്പേറിയ വേദനകള്‍ മറക്കാനുള്ള ഉപാധികൂടിയാണ്. തോട്ടം തൊഴില്‍ നോക്കിയും കൂലിപ്പണിയെടുത്തുമാണ് സുരേഷ് തന്റെ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. തന്റെ മകനെ വലിയ കബഡി താരമാക്കണമെന്ന് ആഗ്രഹിക്കുന്ന അച്ഛന്റെ ആഗ്രഹത്തിനൊപ്പം താനുണ്ടെന്ന് തെളിയിക്കുകയാണ് അശ്വിന്‍.
പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് കബഡി കളിച്ച് വളര്‍ന് അശ്വിന്‍ സബ്ജൂനിയര്‍ വിഭാഗം കേരള കബഡി ടീമിലാണ് ഇടം നേടിയെടുത്തത്. വണ്ടിപ്പെരിയാറിലെ ഗവ. യുപി സ്‌കൂളിലെ ഏഴാം ക്ലാസുകാരനാണ് അശ്വിന്‍. പോബ്സ് ഗ്രൂപ്പിന്റെ നെല്ലിമല എസ്റ്റേറ്റിലെ ലയത്തിലാണ് അശ്വിനും കുടുംബവും താമസിക്കുന്നത്. സാങ്കേതികമായ വലിയ പിന്തുണയും വലിയ പരിശീലന സാഹചര്യങ്ങളുമില്ലാതെയാണ് അശ്വിന്‍ കബഡിയിലൂടെ മുന്നേറാന്‍ ശ്രമിക്കുന്നത്. അതിന്റെ ആദ്യ ചുവടുവെപ്പാണിതെന്ന് പറയാം.

അച്ഛന്‍ കണ്ട സ്വപ്നത്തിലേക്ക് മകന്‍
അശ്വിന്‍ കേരള ടീമിന്റെ ഭാഗമാവുമ്പോള്‍ അച്ഛന്‍ സുരേഷിന് അത് അഭിമാന നിമിഷമാണ്. കാരണം സുരേഷിന്റെ കബഡിയോടുള്ള അടങ്ങാത്ത സ്നേഹവും കഠിനാധ്വാനവുമാണ് കബഡിയിലെ മകന്റെ വളര്‍ച്ചക്കുള്ള ഊര്‍ജ്ജം. കൂലിപ്പണിക്കിടയിലും വണ്ടിപ്പെരിയാറിലെ സ്‌കൂളില്‍ കബഡി ക്യാംപ് സംഘടിപ്പിച്ച് താല്‍പര്യമുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ് സുരേഷ്. സാമ്പത്തിക പ്രശ്നങ്ങളേറെയുണ്ടെങ്കിലും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് സുരേഷ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.
അച്ഛന്റെ ശിക്ഷണത്തിന് കീഴിലാണ് അശ്വിനും കളിച്ച് വളര്‍ന്നത്. അതുകൊണ്ടുതന്നെ മകന്റെ നേട്ടത്തില്‍ പിതാവെന്ന നിലയിലും പരിശീലകനെന്ന നിലയിലും താന്‍ സന്തോഷവാനാണെന്നാണ് സുരേഷ് പറയുന്നത്. സ്‌കൂള്‍ തലം മുതല്‍ കബഡി കളിക്കുകയും സംസ്ഥാന തല മത്സരങ്ങള്‍ പലതും കളിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ജീവിതം കരകയറ്റാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ മകനിലൂടെ ഇത് സാധ്യമാകുമെന്നാണ് സുരേഷ് പ്രതീക്ഷിക്കുന്നത്. എത്ര കഷ്ടപ്പെട്ടായാലും മകന്റെ കബഡി മോഹത്തിനൊപ്പമുണ്ടെന്നാണ് സുരേഷ് പറയുന്നത്.

അധ്യാപകരുടെ പിന്തുണയും വളരെ വലുത്
പല സ്‌കൂളുകളും കബഡിയെ പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യം കാട്ടാറില്ല. അവിടെയാണ് വണ്ടിപ്പെരിയാറിലെ ഗവ. സ്‌കൂള്‍ വ്യത്യസ്തമാകുന്നത്. പ്രധാന അധ്യാപകന്‍ എസ്ടി രാജും കായിക അധ്യാപകന്‍ തിരുവനന്തപുരം സ്വദേശി ശ്യാംകുമാറും അശ്വിന് നല്‍കുന്ന പൂര്‍ണ്ണ പിന്തുണയാണ് അശ്വിന് കരുത്താവുന്നത്. പഠനനത്തോടൊപ്പം കബഡിയിലും മികവ് കാട്ടാന്‍ അശ്വിന് എല്ലാ പ്രോത്സാഹനവും ഈ അധ്യാപകര്‍ നല്‍കുന്നു. കൂടുതല്‍ പ്രതിഭകളെ കബഡിയില്‍ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ സ്‌കൂളിലെ അധ്യാപകര്‍.