For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തില്‍ പ്രതിഭകളുണ്ട്, പക്ഷെ അവസരമില്ല! പ്രോ കബഡി താരം ഷബീര്‍ ബാപ്പു പറയുന്നു

പ്രോ കബഡി ലീഗിന്റെ ആവേശം കത്തിക്കയറുകയാണ്. ഇന്ത്യയിലെ കബഡിയുടെ മുന്നേറ്റത്തിന് വലിയ കരുത്തായി മാറുകയാണ് പ്രോ കബഡി ലീഗ്. ഇന്ത്യയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോയ കബഡിയെ കൈപിടിച്ചുയര്‍ത്താന്‍ പ്രോ കബഡി ലീഗിലൂടെ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കബഡിക്ക് ഇപ്പോള്‍ ലഭിക്കുന്ന വലിയ സ്വീകാര്യതക്ക് പിന്നില്‍ പ്രോ കബഡി ലീഗിന്റെ പങ്ക് വളരെ വലുതാണെന്ന് തന്നെ പറയാം.

ഇന്ന് പല സംസ്ഥാനങ്ങളിലും പ്രോ കബഡി ലീഗിനും കബഡി താരങ്ങള്‍ക്കും വലിയ സ്വീകാര്യതയും പിന്തുണയും ലഭിക്കുമ്പോഴും കേരളം പിന്നോട്ട് നില്‍ക്കുകയാണ്. കേരളത്തില്‍ നിന്ന് കബഡി താരങ്ങള്‍ക്ക് വളര്‍ന്ന് വരാനുള്ള അവസരങ്ങളോ പിന്തുണയോ ലഭിക്കുന്നില്ല. കേരളത്തിലെ കബഡി താരങ്ങളുടെ പ്രതിസന്ധികളെക്കുറിച്ചും കബഡിയിലെ ഭാവിയെക്കുറിച്ചുമെല്ലാം മൈഖേല്‍ മലയാളത്തോട് മനസ് തുറന്നിരിക്കുകയാണ് മുന്‍ പ്രോ കബഡി താരവും മലയാളിയുമായ ഷബീര്‍ ബാപ്പു ഷറഫുദ്ദീന്‍.

കബഡിയിലേക്ക് എത്തിയത് യാദൃശ്ചികമായല്ല

പാലക്കാട് റെയില്‍വേ കോളനിയിലാണ് ഞാന്‍ താമസിച്ചിരുന്നത്. അവിടെ ചെറുപ്പം മുതല്‍ കബഡി കളിച്ചിരുന്നു. പാലക്കാട് പിഎംജി സ്‌കൂളില്‍ പഠിക്കുമ്പോള്‍ വിജയ് കുമാര്‍ എന്ന പരിശീലകനാണ് കബഡിയുടെ പ്രധാന പാഠങ്ങള്‍ നല്‍കിയതും കബഡി താരമെന്ന നിലയില്‍ വളരാനുള്ള ആത്മവിശ്വാസം നല്‍കിയതും. സ്‌കൂള്‍ കാലം മുതല്‍ കബഡിയെ ഇഷ്ടപ്പെടുകയും കളിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ നാട്ടില്‍ പികെകെപി എന്ന ക്ലബ്ബുണ്ടായിരുന്നു.

ഇതിന് കീഴില്‍ ശക്തമായൊരു കബഡി ടീം ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം കളിച്ചാണ് വളര്‍ന്നത്. ഇവിടെ നിന്ന് ചെന്നൈ സായിയിലേക്കെത്തിപ്പെടാന്‍ അവസരം ലഭിച്ചു. ഇതാണ് കരിയറിലെ ആദ്യത്തെ വഴിത്തിരിവ്. ഇവിടുത്തെ പരിശീലനങ്ങളാണ് പ്രൊഫഷനല്‍ കബഡി താരമെന്ന നിലയില്‍ വളരാനുള്ള ഊര്‍ജ്ജം നല്‍കിയതും എന്നെ രൂപപ്പെടുത്തിയെടുത്തതും-ഷബീര്‍ ബാപ്പു പറഞ്ഞു

shabeer bappu

കരിയറിലെ വഴിത്തിരിവ് അവിടെവെച്ച്

സായിയിലെ പഠനത്തിന് ശേഷം കബഡിയുടെ മികവില്‍ ഇന്ത്യന്‍ സൈനീക സേനയിലേക്ക് അവസരം ലഭിച്ചു. ഇതാണ് കരിയറില്‍ വലിയ വഴിത്തിരിവായത്. ഭാസ്‌ക്കരന്‍ സാറും ജഗദീഷ് കുമ്പള സാറും ചേര്‍ന്ന് നല്‍കിയ പരിശീലനമാണ് കരിയറില്‍ വളര്‍ച്ചക്കുള്ള വഴിതുറന്നത്. 2010ല്‍ ഇന്ത്യന്‍ കബഡി ടീമിന്റെ ക്യാംപിലേക്കെത്താന്‍ സാധിച്ചു. 2017വരെ ഇന്ത്യയുടെ പരിശീലക ക്യാംപിലുണ്ടായിരുന്നു. അവിടുത്ത ജീവിതമാണ് പ്രൊഫഷണല്‍ കരിയറില്‍ ഉയര്‍ച്ച നല്‍കിയത്.

പ്രോ കബഡിയിലേക്ക് എങ്ങനെ എത്തി?

പ്രോ കബഡി ലീഗിലേക്കുള്ള വഴിതുറന്ന് ഇന്ത്യന്‍ ടീം ക്യാംപാണ്. 2014ല്‍ പ്രോ കബഡി ലീഗ് വരുമ്പോള്‍ ഞാനും ഇന്ത്യന്‍ ക്യാംപിലുണ്ടായിരുന്നു. ഇന്ത്യന്‍ ക്യാംപില്‍ നിന്ന് മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് പ്രോ കബഡിയില്‍ അവസരം ലഭിച്ചപ്പോള്‍ എനിക്കും അവസരം ലഭിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം മികച്ച പ്രകടനം നടത്താന്‍ സാധിച്ചതും പ്രോ കബഡി ലീഗിലേക്കുള്ള വഴി തുറന്നു. കബഡി നാഷന്‍സ് കപ്പ് നേടാനും ദേശീയ ഗെയിംസില്‍ റണ്ണറപ്പാവാനും സാധിച്ചു. ഈ പ്രകടനങ്ങളും പ്രോ കബഡിയിലേക്കുള്ള വഴി തുറന്നു.

കര്‍ണാടകയുടെ ക്യാപ്റ്റനായിരുന്നു

കേരളക്കാരനായ ഷബീര്‍ ബാപ്പു നിലവില്‍ എസ്ബിഐ ബാങ്കിലെ ജോലിക്കാരനാണ്. ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. കേരളം തഴഞ്ഞ ഷബീറിന്റെ മികവിനെ കര്‍ണാടക അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. 'കേരളത്തില്‍ നിന്ന് വലിയ അംഗീകാരമോ പിന്തുണയോ ലഭിച്ചിട്ടില്ല. എന്നാല്‍ കര്‍ണാടകയിലെ കബഡി അല്‍പ്പം കൂടി സജീവമാണ്. കര്‍ണാടകയിലെ അസോസിയേഷന്‍ കബഡിയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ അവസരം നല്‍കി. കര്‍ണാടക കബഡി ടീമിന്റെ നായകനായി രണ്ട് വര്‍ഷത്തോളം കളിച്ചു. എന്നാല്‍ ഇത്തരമൊരു അംഗീകാരമോ പിന്തുണയോ കേരളത്തില്‍ നിന്ന് ലഭിച്ചിട്ടില്ല.

shabeer bappu

കേരളത്തില്‍ എന്തുകൊണ്ട് കബഡി വളരുന്നില്ല

കേരളത്തിലെ കബഡി വളരാത്തതിന്റെ പ്രധാന കാരണം അസോസിയേഷനുകളുടെ തമ്മിലടിയാണ്. അവര്‍ക്ക് കബഡി വളര്‍ത്താന്‍ താല്‍പര്യമില്ല. കബഡി ടൂര്‍ണമെന്റുകളുടെ കുറവാണ് പ്രധാന പ്രശ്‌നം. പ്രൊഫഷണല്‍ രീതിയില്‍ കേരളത്തില്‍ എവിടേയും കബഡി നടക്കുന്നില്ല. കാസര്‍കോഡ് മേഖലയിലും പാലക്കാട്, കണ്ണൂര്‍ മേഖലകളിലുമാണ് അല്‍പ്പമെങ്കിലും ടൂര്‍ണമെന്റ് നടക്കുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് വളര്‍ന്ന് വരാനുള്ള ശരിയായ അവസരം ലഭിക്കുന്നില്ല.

കബഡി ടീം മത്സരമാണ്. അതുകൊണ്ടുതന്നെ ഒന്നിച്ച് പരിശീലിക്കാനും മത്സരിക്കാനുമുള്ള ക്യാംപുകള്‍ സംഘടിപ്പിക്കപ്പെടണം. നിലവില്‍ അതുണ്ടാവുന്നില്ല. ഇതാണ് കേരളത്തിലെ കബഡി ടീമിന് വളര്‍ന്നുവരാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം. ലഭിക്കേണ്ട സൗകര്യങ്ങളും പിന്തുണയും കായിക താരങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്നില്ല.

കേരളത്തിന്റെ പരിശീലകനാവാം

38കാരനായ ഷബീര്‍ ബാപ്പു നിലവില്‍ കബഡിയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ്. 2015ല്‍ കബഡി കളിക്കുന്നതിനിടെ റൈഡറായ ഷബീറിന്റെ കൈക്ക് പൊട്ടലേറ്റിരുന്നു. എന്നിട്ടും ഏഴ് വര്‍ഷത്തോളം അദ്ദേഹം കളി തുടര്‍ന്നു. എന്നാല്‍ പരിക്ക് കാര്യമായി ബാധിച്ചതോടെ കബഡിയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇപ്പോള്‍ കബഡിയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കേരളത്തിന്റെ പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിന്റെ പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും സ്വീകരിക്കും. വലിയ ആഗ്രഹങ്ങളിലൊന്നാണത്. കേരളത്തില്‍ മികച്ച താരങ്ങളുണ്ട്. അവര്‍ക്ക് വളര്‍ന്നുവരാനുള്ള വേദി ഒരുക്കുകയാണ് വേണ്ടത്' ഷബീര്‍ ബാപ്പു പറഞ്ഞു നിര്‍ത്തി.

പ്രോ കബഡി ലീഗില്‍ നാല് ടീമുകള്‍ക്കായാണ് ഷബീര്‍ ബാപ്പു കളിച്ചത്. യു മുംബ, ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്, ദബാങ് ഡല്‍ഹി, തമിഴ് തലൈവാസ് ടീമുകള്‍ക്കായാണ് അദ്ദേഹം കളിച്ചത്. കേരളത്തില്‍ നിന്ന് കബഡിയില്‍ ഉന്നതങ്ങള്‍ കീഴടക്കിയ ഷബീറിന് സ്വന്തം നാട്ടിലെ കബഡിയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുമോയെന്നത് കണ്ടറിയാം.

Story first published: Wednesday, October 30, 2024, 9:17 [IST]
Other articles published on Oct 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+