Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: 20 വര്‍ഷം, 336 മല്‍സരം, 15 മെഡല്‍!! മിസ് യു ശ്രീ, ഇനി 'വന്‍മതില്‍' ഇല്ലാത്ത ഇന്ത്യ

ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ ഇതിഹാസമെന്ന പദവിയോടെയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പിആര്‍ ശ്രീജേഷ് തന്റെ സ്വപ്‌നതുല്യമായ കരിയറിനു തിരശീലയിട്ടത്. ഹോക്കിക്കു വേരോട്ടമില്ലാത്ത കേരള മണ്ണില്‍ നിന്നുമെത്തിയ ശേഷം രാജ്യത്തിന്റെ ഏറ്റവും വിശ്വസ്തനായ ഗോള്‍കീപ്പറായി ദീര്‍ഘകാലം കളിക്കുകയെന്നത് അവിശ്വസനീയ നേട്ടം തന്നെയാണ്. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ശ്രീജേഷ്.

പാരീസ് ഒളിംപിക്‌സ് തന്റെ കരിയറിലെ അവസാനത്തേതു ആയിരിക്കുമെന്നു അദ്ദേഹം ഗെയിംസിനു തൊട്ടുമുമ്പാണ് പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ ഈ ഒളിംപിക്‌സ് മെഡല്‍ രാജ്യത്തിനു വേണ്ടി മാത്രമല്ല, തങ്ങളുടെ വിശ്വസ്തനായ കാവല്‍ഭടന് കൂടി വേണ്ടി നേടുകയെന്ന പ്രതിജ്ഞയെടുത്താണ് ഹര്‍മന്‍പ്രീത് സിങും സംഘവും ഇറങ്ങിയത്. ഒടുവില്‍ അവര്‍ വാക്കുപാലിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ഹോക്കിയിലെ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീക്കു ഏറ്റവും ഉചിതമായ യാത്രയയപ്പ് കൂടിയാണ് കൂട്ടുകാര്‍ നല്‍കിയിരിക്കുന്നത്.

PR SREEJESH INDIA

ഗെയിംസിലുടനീളം ഇന്ത്യന്‍ ഗോള്‍മുഖത്തെ നിറസാന്നിധ്യമായി ശ്രീയുണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന സേവുകളും ക്ലിയറന്‍സും കൊണ്ട് അദ്ദേഹം നിറഞ്ഞാടിയ ഒളിംപിക്‌സ് കൂടിയായിരുന്നു ഇത്. വളരെ അപൂര്‍വ്വമായി മാത്രമേ ശ്രീജേഷിനു പിഴവുകള്‍ സംഭവിക്കുകയും ചെയ്തുള്ളൂ. വെങ്കല മെഡല്‍ മാച്ചില്‍ സ്‌പെയിനിനെ 2-1നു വീഴ്ത്തി ഇന്ത്യ മെഡലണിഞ്ഞപ്പോള്‍ കമഴ്ന്നു കിടന്ന് ടര്‍ഫില്‍ ചുംബിച്ചായിരുന്നു ശ്രീ നന്ദി പറഞ്ഞത്.

പിന്നീട് ഗോള്‍ പോസ്റ്റിനു മേല്‍ കയറിയിരുന്ന് ശ്രീ കൈകളുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍ അഭിവാദ്യം ചെയ്ത് ടീമംഗങ്ങളും തല കുനിച്ചപ്പോള്‍ അതു ഇന്ത്യന്‍ കായിക ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായി മാറി. ശ്രീയെ തോളിലേറ്റി സ്‌റ്റേഡിയം വലം വച്ചായിരുന്നു ടീമംഗങ്ങള്‍ പ്രിയപ്പെട്ട കൂട്ടുകാരനെ യാത്രയാക്കിയത്.

PR SREEJESH INDIA

20 വര്‍ഷങ്ങള്‍ നീണ്ട അത്യുജ്ജ്വല കരിയറിനാണ് പാരീസില്‍ ശ്രീ അന്ത്യം കുറിച്ചിരിക്കുന്നത്. ഈ കാലയളവില്‍ അദ്ദേഹം രാജ്യത്തിനായി കളിച്ചത് 336 മല്‍സരങ്ങളാണ്. 15 മെഡലുകളും ശ്രീ കഴുത്തിലണിയുകയും ചെയ്തു. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലായിരുന്നു ശ്രീ തന്റെ ആദ്യത്തെ ഒളിംപിക് മെഡലില്‍ മുത്തമിട്ടത്. ഇത്തവണ വീണ്ടുമൊരു മെഡലുമായി അദ്ദേഹം ചരിത്രത്താളുകളില്‍ തന്റെ പേരും സുവര്‍ണ ലിപികളാല്‍ കുറിക്കുകയും ചെയ്തു.

രണ്ടു ഒളിംപിക് മെഡലുകള്‍ കൂടാതെ മൂന്ന് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍, രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍, അഞ്ച് ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി മെഡല്‍ (4 സ്വര്‍ണം, 1 വെള്ളി), ഒരു ഏഷ്യാ കപ്പ് വെള്ളി മെഡല്‍, രണ്ടു ചാംപ്യന്‍സ് ട്രോഫി വെള്ളി മെഡല്‍ എന്നിവയും ശ്രീജേഷിന്റെ കരിയറിന്റെ തിളക്കം ഇരട്ടിയാക്കുന്നു.

Story first published: Thursday, August 8, 2024, 20:44 [IST]
Other articles published on Aug 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+