പാരീസ്: ടോക്കിയോ ഒളിംപ്കിസിനു പിന്നാലെ പാരീസിലും മെഡലെന്ന സ്വപ്‌നത്തിലേക്കു മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. സ്വര്‍ണ മെഡലെന്ന അന്തിമ ലക്ഷ്യത്തിനും ഇന്ത്യക്കുമിടയില്‍ ഇനി വെറും രണ്ടു ജയങ്ങളുടെ ദൂരം മാത്രമേയുള്ളൂ. സെമി ഫൈനലില്‍ കരുത്തരായ ജര്‍മനിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നാളെ (ചൊവ്വ) രാത്രി 10.30നാണ് ഈ പോരാട്ടം നടക്കാനിരിക്കുന്നത്. ജയിച്ച് ഫൈനലില്‍ കടക്കാനായാല്‍ ഇന്ത്യക്കു മെഡലുറപ്പിക്കാം.
നേരത്തേ കരുത്തരായ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ 4-2നു തകര്‍ത്താണ് സെമിയിലേക്കു ഇന്ത്യ ടിക്കറ്റെടുത്തത്. നിശ്ചിത സമയത്തു ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയതോടെയാണ് മല്‍സരം ഷൂട്ടൗട്ടിലെത്തിയത്. നിശ്ചിത സമയത്തും ഷൂട്ടൗട്ടിലുമെല്ലാ മിന്നുന്ന പ്രകടനം നടത്തിയ ഗോള്‍കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷാണ് ഇന്ത്യയുടെ ഹീറോയായത്. കളിയില്‍ 10ലേറെ സേവുകളാണ് അദ്ദേഹം നടത്തിയത്.

കളിയുടെ രണ്ടാം ക്വാര്‍ട്ടറില്‍ ഡിഫന്‍ഡര്‍ അമിത് രോഹിദാസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതിനെ തുടര്‍ന്നു 10 പേരെ വച്ചായിരുന്നു ഇന്ത്യ പോരാടിയത്. താരത്തിന്റെ ഹോക്കി സ്റ്റിക്ക് കളിക്കിടെ ബ്രിട്ടീഷ് താരത്തിന്റെ മുഖത്ത് അബദ്ധത്തില്‍ തട്ടിയിരുന്നു. ചുവപ്പ് കാര്‍ഡ് വാങ്ങിയതിനാല്‍ സസ്‌പെന്‍ഷന്‍ കാരണം സെമി ഫൈനലില്‍ രോഹിദാസിന്റെ സേവനം ഇന്ത്യക്കു ലഭിക്കില്ല. ഇതു ടീമിനു വലിയ ക്ഷീണം തന്നെയായിരിക്കും. കാരണം ഇന്ത്യന്‍ പ്രതിരോധത്തിലെ അവിഭാജ്യ ഘടകമാണ് അദ്ദേഹം.
സെമി പ്രവേശനം
നേരത്തേ ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയത്തിനു പിന്നില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്ത്യയുടെ സെമി പ്രവേശനം. ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ കരുത്തരായ അര്‍ജന്റീനയെ സമനിലയിലും തളച്ചിരുന്നു. ബെല്‍ജിയത്തോടു മാത്രമാണ് ഇന്ത്യക്കു തോല്‍വി നേരിട്ടത്.
ഓസീസിനെതിരേ ഇന്ത്യയുടെ ഇത്തവണത്തെ ജയത്തിനു ഒരു പ്രത്യേകത കൂടിയുണ്ട്. 52 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസിനെതിരേ ഇന്ത്യ വിജയം കൊയ്തത്. 1972ലെ മ്യൂണിക്ക് ഗെയിംസിലായിരുന്നു അവസാനമായി ഓസ്‌ട്രേലിയയെ ഇന്ത്യ കീഴടക്കിയത്.
മറുഭാഗത്തു ജര്‍മനിയുടെ കാര്യമെടുത്താല്‍ മൂന്നു തവണ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ടീമാണ് അവര്‍. ഗ്രൂപ്പ് എയിലാണ് ഇത്തവണ അവര്‍ ഉള്‍പ്പെട്ടത്. ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, സൗത്താഫ്രിക്ക, ബ്രിട്ടന്‍ എന്നിവരെയെല്ലാം തോല്‍പ്പിച്ച ജര്‍മനി ഒരു കളി മാത്രമേ തോറ്റിട്ടുള്ളൂ. സ്‌പെയിനിനെതിരേയായിരുന്നു ഇത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ 3-2നു മറികടന്നാണ് ജര്‍മനിയുടെ സെമി പ്രവേശനം.

ജര്‍മനിക്കെതിരായ റെക്കോര്‍ഡ്
ജര്‍മനിക്കെതിരേയുള്ള ഇന്ത്യയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് നോക്കിയാല്‍ അതു അത്ര സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. കാരണം കണക്കുകളില്‍ മുന്‍തൂക്കം അവര്‍ക്കാണ്. 35 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 16 എണ്ണത്തില്‍ ജയം ജര്‍മനിക്കായിരുന്നു.
ഇന്ത്യക്കു ജയിക്കാനായത് 12 മല്‍സരങ്ങളാണ്. ഏഴു കളികള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍ അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളെടുത്താല്‍ ഇന്ത്യക്കു നേരിയ മുന്‍തൂക്കമുണ്ട്. മൂന്നു കളിയില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ ജര്‍മനിയും വിജയം കൊയ്തു.