ദില്ലി: ഒരുകാലത്ത് ഹോക്കിയിലെ കിരീടംവെക്കാത്ത രാജാക്കന്മാരായിരുന്നു ഇന്ത്യ. ഏതു ടീമിനെയും നിലംപരിശാക്കുന്ന ഇന്ത്യ കളിയില്‍ പിന്നോക്കം പോയിട്ട് കാലമേറെയായി. ഇന്ത്യയുടെ അപ്രമാദിത്വം തിരിച്ചുപിടിക്കാനും ലോക ഹോക്കിയില്‍ മുന്‍നിരക്കാരാകാനും പല പരീക്ഷണങ്ങളും നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നുമാത്രം.
പുതുതായി ഒരു പരിശീലകനെത്തിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും പ്രതീക്ഷകളേറെയാണ്. ഹരേന്ദ്ര സിങ് കോച്ചിങ് സ്ഥാനത്തെത്തുമ്പോഴും ഒട്ടേറെ പ്രതീക്ഷകള്‍ ഇന്ത്യന്‍ കായിക പ്രേമികള്‍ക്കുണ്ട്. വരാനിരിക്കുന്ന വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ മിന്നുന്ന പ്രകടനം കാഴ്ചവെക്കുമെന്ന് പുതിയ കോച്ച് പറയുമ്പോള്‍ അത് വെറുംവാക്ക് ആകില്ലെന്ന് ആശിക്കാം.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണ മെഡല്‍ ജേതാക്കളാക്കുകയാണ് പ്രഥമ പരിഗണനയെന്ന് ഹരേന്ദ്ര സിങ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണം ഇന്ത്യയ്ക്ക് ടോക്കിയോ ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതകൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിനെ അതിന് പര്യാപ്തമാക്കുന്ന രീതിയിലേക്കുള്ള ഒരുക്കം തുടങ്ങിയതായും മുന്‍ ജൂനിയര്‍ ടീം പരിശീകന്‍ കൂടിയായ സിങ് വ്യക്തമാക്കി.
സ്വന്തം കഴിവില്‍ വിശ്വസിച്ച് എതിരാളികളെ നേരിടാനാണ് കോച്ചിന്റെ നിര്‍ദ്ദേശം. വമ്പന്‍ ടീമുകള്‍ക്കു മുന്നില്‍ ഭയക്കാതെ കളിക്കാന്‍ അത് തുണയാകും. പരിചയ സമ്പന്നരായ കളിക്കാരും യുവകളിക്കാരും ഒത്തുചേര്‍ന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീം. കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും പുതിയ പരിശീലകന്റെ കീഴില്‍ കുതിപ്പു നടത്താന്‍ ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ ടീം കടുത്ത പരിശീലനം തുടങ്ങിക്കഴിഞ്ഞു.