ഭുവനേശ്വര്‍: ഈ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ദുര്‍ബലമായ ഗ്രൂപ്പിലാണ് ഇന്ത്യ ഇത്തവണ ഉള്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ അടുത്തറൗണ്ടില്‍ കടക്കാന്‍ ഇന്ത്യക്കു കാര്യമായ ബുദ്ധിമുട്ടുണ്ടാവില്ല. റിയോ ഒൡപിക്‌സിലെ വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പില്‍ ഇന്ത്യക്ക് ഏക വെല്ലുവിളിയും ബെല്‍ജിയം തന്നെയാണ്.
2010ലാണ് ഇന്ത്യ അവസാനമായി ഹോക്കി ലോകകപ്പിനു വേദിയാവുന്നത്. എട്ടു വര്‍ഷത്തിനു ശേഷം വിരുന്നെത്തിയ ലോകകപ്പ് ഇത്തവണ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെയാണ് നടക്കുന്നത്. 19 ദിവസം നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ലോകത്തിലെ മികച്ച 16 ടീമുകള്‍ മാറ്റുരയ്ക്കും. ഒഡീഷയിലെ ഭുവനേശ്വറിലാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്.

നാലു ടീമുകള്‍ വീതമുള്‍പ്പെടുന്ന നാലു പൂളുകളിലായാണ് 16 ടീമുകളെ തരംതിരിച്ചിരിക്കുന്നത്., നിലവിലെ ഒളിംപിക് ജേതാക്കളായ അര്‍ജന്റീനയ്‌ക്കൊപ്പം ന്യൂസിലന്‍ഡ്, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. നിലവിലേ ലോകചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയിലാണ്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ചൈന എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് സിയില്‍ ഇന്ത്യക്കൊപ്പം ബെല്‍ജിയം, ദക്ഷിണാഫ്രിക്ക, കാനഡ എന്നിവരുണ്ട്.
യൂറോപ്യന്‍ ചാംപ്യന്‍മാരായ ഹോളണ്ട്, രണ്ടു തവണ വിശ്വവിജയികളായ ജര്‍മനി, മലേഷ്യ, നാലു തവണ ജേതാക്കളായ പാകിസ്താന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയാണ് ടൂര്‍ണമെന്റിലെ മരണഗ്രൂപ്പ്. നവംബര്‍ 28ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മല്‍സരം. തുടര്‍ന്ന് ഡിസംബര്‍ രണ്ടിന് ബെല്‍ജിയത്തെയും എട്ടിനു കാനഡയെയും ഇന്ത്യ നേരിടും.