കായിക പ്രേമികള്‍ക്ക് ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച ആഘോഷത്തിന്റെ ദിവസം. പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലെ പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ നേരിടുന്നു. ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ മത്സരങ്ങളും വ്യാഴാഴ്ചയാണ്. സെമി കളിക്കുന്ന നാല് ടീമുകളില്‍ മൂന്നും ഇന്ത്യയില്‍ നിന്നാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് ഇലവന്‍ എന്നിവയാണ് ആ ടീമുകള്‍.
1998 ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയത്. ബാങ്കോക്ക് ഏഷ്യാഡില്‍ ധന്‍രാജ് പിള്ളയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു അത്. 1982 ലെ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനോട് തോറ്റ് കിരീടം കൈവിട്ടുപോയതിന്റെ പ്രതികാരവും ഇന്ത്യക്ക് വീട്ടാനുണ്ട്. ഫൈനലില്‍ ജയിച്ചാല്‍ 2016 റിയോ ഡി ജെനീറോ ഒളിംപിംക്‌സിലേക്ക് ഡയറക്ട് എന്‍ട്രി കൂടിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഉച്ചതിരിഞ്ഞ് 3.30 നാണ് കളി.

ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിലാകട്ടെ ഇന്ത്യന്‍ ടീമുകളുടെ അപ്രമാദിത്തമാണ് കാണാനുള്ളത്. മൂന്ന് ഇന്ത്യന്‍ ടീമുകളാണ് ലീഗ് കളിക്കാന്‍ യോഗ്യത നേടിയത്. ഈ മൂന്ന് ടീമുകളും സെമിയിലെത്തുകയും ചെയ്തു. ഒരൊറ്റ തോല്‍വി പോലും അറിയാതെയാണ് കൊല്‍ക്കത്തയും പഞ്ചാബും സെമിയിലെത്തിയത്. ഒരു കളി മാത്രമാണ് ചെന്നൈ തോറ്റത്. അതാകട്ടെ ഇന്ത്യന്‍ ടീമായ കൊല്‍ക്കത്തയോടും.
ഹൈദരാബാദിലെ ഉപ്പല്‍ സ്‌റ്റേഡിയത്തില്‍ വൈകുന്നേരം നാല് മണിക്കാണ് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ സെമി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഓസ്‌ട്രേലിയന്‍ ടീമായ ഹൊബാര്‍ട്ട് ഹുരിക്കെയ്ന്‍സാണ് എതിരാളികള്‍. രണ്ടാം സെമി എട്ട് മണിക്ക്. ഐ പി എല്‍ ടീമുകളായ പഞ്ചാബ് കിംഗ്‌സ് ഇലവനും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഈ മത്സരം.