Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ഹോക്കിയില്‍ ഗോള്‍മഴ! ഉസ്‌ബെക്കിസ്താനെ ഇന്ത്യ മുക്കി (16-0)

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ ഗോള്‍മഴയോടെ തുടക്കം ഗംഭീരമാക്കി. പൂള്‍ എയിലെ ആദ്യ മല്‍സരത്തില്‍ ഉസ്‌ബെക്കിസ്താനെയാണ് ഇന്ത്യ തരിപ്പണമാക്കിയത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഹര്‍മന്‍പ്രീത് സിങ് നയിച്ച ഇന്ത്യ എതിരില്ലാത്ത 16 ഗോളുകള്‍ക്കു ഉസ്‌ബെക്ക് ടീമിനെ വാരിക്കളയുകയായിരുന്നു. ഇന്ത്യയുടെ അടുത്ത മല്‍സരം 26നു സിംഗപ്പൂരുമായിട്ടാണ്. തുടര്‍ന്നു ജപ്പാന്‍, പാകിസ്താന്‍, ബംഗ്ലദേശ് എന്നിവരുമായും ഇന്ത്യ കൊമ്പുകോര്‍ക്കും.

ഉസ്‌ബെക്കിസ്താനെതിരേ ആദ്യ ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകളുടെ ലീഡ് മാത്രമേ ഇന്ത്യക്കുണ്ടായിരുന്നുളളൂ. എന്നാല്‍ രണ്ടാമത്തെ കാര്‍ട്ടറില്‍ അഞ്ചു ഗോളുകള്‍ വാരിക്കൂട്ടിയ ഇന്ത്യ വിജയമുറപ്പാക്കി (7-0). മൂന്നാം ക്വാര്‍ട്ടറിലും അഞ്ചു ഗോളുകള്‍ ഇന്ത്യ എതിരാളകളുടെ വലയില്‍ നിക്ഷേപിച്ചു (12-0). അതുകൊണ്ടും ഗോളടി നിര്‍ത്താന്‍ ഇന്ത്യ തയ്യാറായില്ല.

INDIA HOCKEY

അവസാന ക്വാര്‍ട്ടറില്‍ നാലു ഗോളുകള്‍ കൂടി നേടി ഇന്ത്യ ഉസ്ബെക്കിസ്താന്‍റെ നാണക്കേട് പൂര്‍ത്തിയാക്കുകയായിരുന്നു. ലോക ഹോക്കി റാങ്കിങില്‍ ഇന്ത്യ മൂന്നാംസ്ഥാനത്തും ഉസ്‌ബെക്കിസ്താന്‍ 66ാം സ്ഥാനത്തുമാണ്. റാങ്കിങിലെ ഈ വ്യത്യാസം കളിക്കളത്തിലും പ്രകടമായിരുന്നു. നാലു ഗോളുകള്‍ വീതം നേടിയ ലളിത് ഉപാധ്യായയും വരുണ്‍ കുമാറുമാണ് ഇന്ത്യക്കു കൂറ്റന്‍ വിജയം സമ്മാനിച്ചത്.

ഏഴ്, 24, 37, 53 മിനിറ്റുകളിലായിരുന്നു ലളിത് സ്‌കോര്‍ ചെയ്തത്. വരുണ്‍ 12, 36, 50, 52 മിനിറ്റുകളിലും ലക്ഷ്യം കണ്ടു. മന്‍ദീപ് സിങ് ഹാട്രിക്കുമായും കസറി. 18, 27, 28 മിനിറ്റുകൡലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം. അഭിഷേക് (17ാം മിനിറ്റ്), അമിത് രോഹിദാസ് (38), സുഖ്ജീത് (42), ഷംഷേര്‍ സിങ് (43), സഞ്ജയ് (57) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍.

ഏഷ്യാഡില്‍ നാലാമത്തെ സ്വര്‍ണ മെഡല്‍ മോഹിച്ചാണ് ഇത്തവണ ഇന്ത്യന്‍ ഹോക്കി ടീം ചൈനയിലെത്തിയിരിക്കുന്നത്. 2014ലെ ഗെയിംസിലായിരുന്നു ഇന്ത്യയുടെ അവസാനത്തെ സ്വര്‍ണ മെഡല്‍ നേട്ടം. ജക്കാര്‍ത്തയിലെ കഴിഞ്ഞ ഏഷ്യാഡില്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യക്കു സ്വര്‍ണം നേടാന്‍ സാധിക്കാതെ പോയിരുന്നു. ഇത്തവണ ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീം.

Story first published: Sunday, September 24, 2023, 10:56 [IST]
Other articles published on Sep 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+