Asia cup 2022: ഇന്ത്യക്കു തലയുയര്‍ത്തി മടക്കം, ജപ്പാനെ വീഴ്ത്തി വെങ്കലം

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷ നേരത്തേ അസ്തമിച്ചിരുന്നുവെങ്കിലും തലയുയര്‍ത്തി തന്നെ ഇന്ത്യക്കു മടക്കം. മൂന്നാംസ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ജപ്പാനെ വീഴ്ത്തിയാണ് ഇന്ത്യയുടെ നേട്ടം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യന്‍ വിജയം. കളി തുടങ്ങി ഏഴാം മിനിറ്റില്‍ത്തന്നെ രാജ്കുമാര്‍ പല്‍ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്. ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രതിരോധനിര ഉജ്ജ്വല പ്രകടനം തന്നെ പുറത്തെടുത്തു.
ഇന്ത്യ വളരെ ശ്രദ്ധയോടെയാണ് മല്‍സരം തുടങ്ങിയത്. മധ്യനിരയില്‍ ആധിപത്യം നേടി കളിക്കുകയെന്ന ശൈലിയാണ് ഇന്ത്യ സ്വീകരിച്ചത്. ഏഴാം മിനിറ്റില്‍ ജപ്പാനെ ഞെട്ടിച്ച് ഇന്ത്യ കളിയില്‍ മുന്നിലെത്തുകയും ചെയ്തു. വലതു വിങിലൂടെ ഉത്തം സിങ് നടത്തിയ അതിവേഗ നീക്കമായിരുന്നു ഇന്ത്യയുടെ ഗോളിനു വഴിയൊരുക്കിയത്. സിങ് നല്‍കിയ ബോള്‍ സര്‍ക്കിളിനുള്ളില്‍ വച്ച് രാജ്കുമാര്‍ പല്‍ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യക്കു തുടരെ പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ജപ്പാന്‍ ഇവയെ മികച്ച പ്രതിരോധത്തിലൂടെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
രണ്ടാം ക്വാര്‍ട്ടറില്‍ ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ ഇന്ത്യ രണ്ടാം ഗോളിനായി കിണഞ്ഞു ശ്രമിച്ചകൊണ്ടിരുന്നു. ഇതിനിടെ ജപ്പാനും കൗണ്ടര്‍അറ്റാക്കുകളിലൂടെ മറുപടി നല്‍കി. തുടരെ രണ്ടു പെനല്‍റ്റി കോര്‍ണറുകള്‍ അവര്‍ക്കു ലഭിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. തുടര്‍ന്നും ജപ്പാന്‍ സമനിലയ്ക്കായി ഇന്ത്യക്കു മേല്‍ ആക്രമണമഴിച്ചുവിട്ടു. എന്നാല്‍ 1-0ന്റെ ലീഡ് ആദ്യ പകുതിയില്‍ നിലനിര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചു. രണ്ടാം പകുതിയില്‍ ഇടതു വിങ് കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റങ്ങള്‍. ഇതിനിടെ സമനിലയ്ക്കായി ജപ്പാന് ഒരു പെനല്‍റ്റി കോര്‍ണറും ലഭിച്ചു. പക്ഷെ ഇന്ത്യന്‍ പ്രതിരോധം ഇത്തവണ വിട്ടുകൊടുത്തില്ല. ഫൈനല്‍ ക്വാര്‍ട്ടഫിലും ജപ്പാനു പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും അതു ഇന്ത്യയുടെ മന്‍ജീത് ബ്ലോക്ക് ചെയ്യുകയായിരുന്നു.

ടൂര്‍ണമെന്റില്‍ പൂള്‍ ബിയിലായിരുന്നു ഇന്ത്യ ഉള്‍പ്പെട്ടത്. മൂന്നു മല്‍സരങ്ങളില്‍ ഓരോ ജയവും തോല്‍വിയും സമനിലയുമടക്കം നാലു പോയിന്റ് നേടിയ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യ അടുത്ത റൗണ്ടിലേക്കു മുന്നേറിയത്. നാലു ടീമുകളായിരുന്നു രണ്ടാം റൗണ്ടിലുണ്ടായിരുന്നത്. പക്ഷെ മൂന്നു മല്‍സരങ്ങളില്‍ ഒരു ജയവും രണ്ടു തോല്‍വിയുമടക്കം അഞ്ചു പോയിന്റ് ലഭിച്ച ഇന്ത്യക്കു മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടി വന്നു. ആദ്യ രണ്ടു സ്ഥാനക്കാരായ മലേഷ്യയും സൗത്ത് കൊറിയയുമാണ് ഫൈനലില്‍ കടന്നത്. ഇന്ത്യക്കും ജപ്പാനും മൂന്നാംസ്ഥാനത്തിനു വേണ്ടി പോരടിക്കേണ്ടി വരികയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications