ഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ കാണാതെ പുറത്താകേണ്ടിവന്നതില്‍ ഡല്‍ഹി കോച്ച് ജിയാന്‍ലൂക സംബ്രോട്ടയുടെ ചങ്ക് തകര്‍ന്നിട്ടുണ്ട്. പക്ഷേ, ലോകഫുട്‌ബോളില്‍ ഇത്തരം സാഹചര്യങ്ങള്‍ പലവട്ടം തരണം ചെയ്ത ഇറ്റലിയുടെ ഇതിഹാസ താരമാണ് സംബ്രോട്ട. അതുകൊണ്ടു തന്നെ ഈ പരാജയം അടുത്ത ദിവസങ്ങളില്‍ വിസ്മൃതിയിലാകും. എന്നാല്‍, സംബ്രോട്ടയെ ശരിക്കും വിഷമിപ്പിച്ചത് ഷൂട്ടൗട്ട് തോല്‍വിയല്ല. കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ നിന്നുണ്ടായ മോശം പെരുമാറ്റമാണ്. തന്റെ എതിര്‍ടീമില്‍ നിന്ന് ഒന്ന് മാത്രമേ പ്രതീക്ഷിക്കാറുള്ളൂ.
അത് ബഹുമാനമാണ്. ദൗര്‍ഭാഗ്യവശാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചില കളിക്കാരില്‍ നിന്ന് വളരെ മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. ഡല്‍ഹി കളിക്കാരോട് അവര്‍ മത്സരശേഷം പെരുമാറിയത് തീര്‍ത്തും അപലപനീയമായ സംഭവമാണ്. ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിന്റെ മനോഭാരവുമായി നില്‍ക്കുന്ന കളിക്കാരോട് ഒരിക്കലും ഒരു എതിര്‍ടീമും ഈ വിധം പെരുമാറില്ല. ഫുട്‌ബോളിനൊരു സ്പിരിറ്റുണ്ട്. അത് തിരിച്ചറിയാതെ പോകരുത് - സംബ്രോട്ട പറഞ്ഞു.

തന്റെ കളിക്കാരെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. പത്ത് പേരുമായി അവര്‍ കാണിച്ച പോരാട്ടവീര്യം അഭിമാനത്തിന്റെ തോത് പതിന്‍മടങ്ങാക്കുന്നുവെന്ന് പറയാതെ വയ്യ. മികച്ച സീസണായിരുന്നു ഇത്. തുടക്കം തൊട്ട് ഒരേ നിലവാരത്തില്‍ കളിച്ചു വന്നു. ഹോംഗ്രൗണ്ടില്‍ തോല്‍ക്കാതെയാണ് സീസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്. ലീഗിലെ ടോപ് സ്‌കോറര്‍ തന്റെ ടീമിലാണുള്ളത്. കളിക്കാരോട് താന്‍ നന്ദി പറയുന്നു. അതുപോലെ എല്ലാ വിധ പിന്തുണയും നല്‍കിയ കോച്ചിംഗ് സ്റ്റാഫുകളോടും ക്ലബ്ബിലെ മറ്റ് അംഗങ്ങളോടും കാണികളോടും എല്ലാം.
ഡല്‍ഹിക്കൊപ്പം തുടരുമോ എന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കേണ്ടതുണ്ട്. ഭാവിപദ്ധതികള്‍ ആരംഭിക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വേണം. നാളെ തുടങ്ങിയാലെ അടുത്ത തവണ ചാമ്പ്യന്‍മാരാകാന്‍ സാധിക്കൂ - സംബ്രോട്ട തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയ ശേഷമാണ് താത്കാലികമായെങ്കിലും സീസണ്‍ പൂര്‍ത്തിയാക്കി ഇന്ത്യ വിടുന്നത്.