Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Year Ender 2024: കവടി നിരത്തിയിട്ടും ഇന്ത്യന്‍ ഫുട്ബോള്‍ സ്വാഹ!! സന്തോഷിക്കാന്‍ ഒറ്റക്കാര്യം

കൊച്ചി: അടുത്ത വര്‍ഷം കേരളത്തിലെത്തുന്ന അര്‍ജന്റീന ടീമിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകവും കാല്‍പന്തുകളിയുടെ ആരാധകരും. ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിനുള്ള യോഗ്യതാ മത്സരങ്ങളില്‍ വര്‍ധിത വീര്യത്തോടെ മുന്നേറുന്ന മെസ്സിയും കൂട്ടരും കേരളത്തിലേക്കെത്തുന്ന കാര്യം സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാന്‍ സ്ഥിരീകരിച്ചപ്പോള്‍ കേരളം മാത്രമല്ല കൊണ്ടാടിയത്. രാജ്യമാകെ സന്തോഷത്തിലായി. അതിഥികളോടുള്ള ആരാധന മാത്രമല്ല കാരണം. 2024ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തിന് സന്തോഷിക്കാനുണ്ടായിരുന്ന ഏക കാര്യം അതായിരുന്നു എന്നതാണ്.

ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളിലെത്താന്‍ കഴിഞ്ഞ സന്തോഷത്തിന് ഒരു കൊല്ലത്തിന്റെ പോലും ആയുസ്സുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളിലെത്താന്‍ ഇന്ത്യക്ക് പറ്റിയത് സാഫ് കപ്പും ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും നേടിയതായിരുന്നു.

എന്നാല്‍ 2024ല്‍ ഒറ്റ കളി പോലും ജയിക്കാത്ത ടീം ഇന്ത്യ റാങ്കിങ്ങില്‍ 127ആം സ്ഥാനത്തേക്ക് തലയും കുത്തിവീണു. കളിച്ച 14 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒന്നു പോലും ജയിച്ചില്ല. ഇങ്ങനെയൊരു സമ്പൂര്‍ണ തോല്‍വി ഇതിന് മുമ്പുണ്ടായത് ഒരു പതിറ്റാണ്ട് മുമ്പായിരുന്നു. അന്ന്, 2014ല്‍ കളിച്ച രണ്ട് മത്സരവും ടീം തോറ്റു.

INDIAN FOOTBALL TEAM

ലോകകപ്പ് യോഗ്യതയും ജ്യോതിഷിയും

2023 നവംബറില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തുടക്കം പ്രതീക്ഷയോടെയായിരുന്നു. രണ്ട് പതിറ്റാണ്ടിനിപ്പുറം വിദേശ മണ്ണില്‍ ആദ്യമായൊരു ജയം. കുവൈറ്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച ഇന്ത്യയെ അല്ല പിന്നീടങ്ങോട്ട് കണ്ടത്. അഫ്ഗാനിസ്ഥാനോടും ഖത്തറിനോടുമൊക്കെ തോല്‍വി വഴങ്ങി. നിരാശയോടെ ടീം ഇന്ത്യ മടങ്ങി.

എഎഫ്‌സി ഏഷ്യകപ്പിലും സ്ഥിതി മഹാമോശമായിരുന്നു. ഒറ്റ ഗോളും ഇന്ത്യന്‍ ബൂട്ടുകളില്‍ നിന്ന് വീണില്ല, ഒറ്റ പോയിന്റും ടാലിയിലെത്തിയില്ല. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും സ്ഥിതി തഥൈവ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെ വന്നപ്പോള്‍ കോച്ച് മാറി. ഇഗോര്‍ സ്റ്റിമാച്ചിന് പകരം മനോള മാര്‍ക്വേസ് എത്തി.

ടീമിനെ ജയിപ്പിക്കാന്‍ കഴിയാത്തത് മാത്രമല്ല സ്റ്റിമാച്ചിന്റെ പേര് മോശമാക്കിയത്. കളിക്കാരുടെ ശൈലിയും ശക്തിയും സിദ്ധിയും ഒക്കെ നോക്കിയല്ല സ്റ്റിമാച്ച് ടീം പൊസിഷന്‍ ചെയ്തത്. അസിസ്റ്റന്റ് കോച്ചുമാരല്ല, പകരം ജ്യോതിഷി ഭൂപേഷ് ശര്‍മയായിരുന്നു സ്റ്റിമാച്ചിന്റെ ഉപദേശകന്‍. ആര് ഡിഫന്‍ഡ് ചെയ്യണം, മിഡ്ഫീല്‍ഡില്‍ ആരാകണം, ആക്രമണത്തിന്റെ കുന്തമുനയാകേണ്ടത് ആരാണ് എന്നൊക്കെ ഭൂപേഷ് കവടി നിരത്തി പറഞ്ഞു, സ്റ്റിമാച്ച് കേട്ടു.

സ്റ്റാമിച്ചിന്റെ ചീട്ട് കീറി

വിവിധ ടീമുകളുടെ എണ്ണമറ്റ മത്സരങ്ങളുടെ വീഡിയോകള്‍ പലവട്ടം കണ്ടും വിശകലനം ചെയ്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ ഉപയോഗിച്ചും ടീമുകള്‍ തന്ത്രങ്ങള്‍ മെനയുമ്പോഴാണ് ഇവിടെ ഗ്രഹനില പരിശോധനയും കവടിയും. ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറിയുടെ തന്നെ പിന്തുണ ഉണ്ടായിരുന്നതു കൊണ്ട് സ്റ്റിമാച്ച് പിന്നെയും തുടര്‍ന്നു, പിന്നണിയില്‍ ഭൂപേഷും.

എന്തായായാലും യോഗ്യതാ മത്സരങ്ങളിലെ തോല്‍വി സ്റ്റിമാച്ചിന് പുറത്തേക്കുള്ള വാതില്‍ തുറന്നു. അതിലുമുണ്ടായിരുന്നു ട്വിസ്റ്റ്. 2026 വരെയുള്ള കരാര്‍ നേരത്തെ അവസാനിപ്പിക്കുന്നതിന് നഷ്ടപരിഹാരം നല്‍കണമെന്നായി സ്റ്റിമാച്ച്. മൂന്ന് കോടിയിലധികം രൂപ നല്‍കിയാണ് സ്റ്റിമാച്ച് എന്ന കുരുക്ക് ഫെഡറേഷന്‍ ഊരിയത്. താരങ്ങളുടെ സ്‌കൗട്ടിങ്ങിന് ചെലവാക്കിയിട്ടില്ലാത്ത തുക ജ്യോതിഷിക്കും കോച്ചിനുമൊക്കെ വേണ്ടി ചെലവാക്കി ഫെഡറേഷന്‍.

CHHETRI STIMAC

ഫെഡറേഷനിലെ തമ്മിലടി

ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം മെച്ചപ്പെടുത്തുകയാണോ വേണ്ടത്, അതോ ഫെഡറേഷനില്‍ ശുദ്ധികലശമാണോ അത്യാവശ്യം എന്നതായിരുന്നു അടുത്ത വിഷയം. ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേക്ക് എതിരെ ഫെഡറേഷന്റെ തന്നെ നിയമോപദേഷ്ടാവ് നിലാഞ്ജന്‍ ഭട്ടാചാര്യയാണ് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചത്. ആദ്യമായി നേരിടുന്ന അഴിമതി ആരോപണം അല്ലാത്തതു കൊണ്ട് ചൗബേക്ക് ഒരു കുലുക്കവുമുണ്ടായില്ല.

നല്ല ചിരിയുമായി തുടരുന്ന ചൗബേയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമായ ദീപക് ശര്‍മക്ക് എതിരെയുള്ള ലൈംഗിക പീഡനപരാതിയും നാട്ടുകാര്‍ക്ക് വിഷമമുണ്ടാക്കിയെന്നല്ലാതെ അസോസിയേഷന് കുലുക്കമൊന്നുമുണ്ടാക്കിയില്ല. നാണക്കേടിന്റെയും അഴിമതിയുടെയും കഥകള്‍ കോടതി കയറിയിട്ടും കാര്യമുണ്ടായില്ല. നിലാഞ്ജന് പണി പോയതു മാത്രം മിച്ചം.

എവിടെ ഛേത്രിയുടെ പിന്‍ഗാമി?

ഫെഡറേഷന് അകത്ത് തന്നെ വിഷയങ്ങളൊഴിഞ്ഞിട്ട് സമയമില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, രാജ്യം കണ്ട ഏറ്റവും മികച്ച കളിക്കാരനും നായകനുമായ സുനില്‍ ഛേത്രി വിരമിച്ചെന്ന തിരിച്ചറിവോ, അദ്ദേഹത്തിന് പകരമായി ഗോളടിക്കാനും കുന്തമുനയാകാനും മറ്റൊരാളെ കണ്ടെത്തണമെന്നുള്ള ഉത്തരവാദിത്തമോ ഫെഡറേഷന്‍ ഇതുവരെ കാട്ടിയിട്ടില്ല.

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച, ഏറ്റവും കൂടുതല്‍ ഗോളടിച്ച, അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയിലെ നാലാമനായ ഛേത്രി 2024 ജൂണിലാണ് ഇന്ത്യന്‍ ജഴ്‌സി അഴിച്ചുവെച്ചത്. ജൂണില്‍ കുവൈറ്റിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം.

അതിന് ശേഷവും ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി പന്ത് തട്ടിയ ഛേത്രി അവിടെയും റെക്കോഡിട്ടു. ലീഗിലെ എല്ലാ എതിര്‍ ടീമിന്റെയും ഗോള്‍വല കുലുക്കിയ ആദ്യതാരമായി. ഏറ്റവും കൂടുതല്‍ ഗോളുമടിച്ചു. തനിക്ക് മുമ്പും ശേഷവും എന്ന് ഇന്ത്യന്‍ ഫുട്‌ബോളിനെ നിര്‍വചിച്ച ക്യാപ്റ്റന്‍ ഫന്റാസ്റ്റിക്കിന് പകരം ഇനി എന്ന ചോദ്യം ഫെഡറേഷന്റെയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെയും മുന്നിലെത്തിയിട്ട് മാസങ്ങള്‍ പിന്നിടുന്നു.

ആരാധകരെ ആവേശത്തിലാക്കുന്നതിനപ്പുറം ഫുട്‌ബോള്‍ ലോകത്ത് പുതിയ താരോദയങ്ങളെ കണ്ടെത്താന്‍, അടിത്തട്ടില്‍ നിന്ന് വളര്‍ത്തിക്കൊണ്ടുവരാന്‍, മികച്ച പരിശീലന കേന്ദ്രങ്ങള്‍ ഉറപ്പാക്കാന്‍ ഐഎസ്എല്‍ വഴിവെച്ചോ എന്ന ചോദ്യവും ബാക്കി.

കാല്‍പന്തുകളിയുടെ കാല്‍പനികതയും സൗന്ദര്യവും ഊര്‍ജവും ആസ്വദിക്കുന്നവരുടെ നാടാണിത്. ആരാധകരുടെ ആവേശത്തിന് ബൂട്ടും കെട്ടി പന്ത് തട്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ലോകകപ്പ് തന്നെ ഇന്നാട്ടിലെത്തിയേനെ. അങ്ങനെയൊരു സംഗതി പ്രായോഗികമല്ലാത്തതു കൊണ്ട് വീട്ടുമുറ്റങ്ങളിലും ഇടവഴികളിലും പന്തു തട്ടുന്ന കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഇതാ ഇങ്ങനെ എന്ന് പറഞ്ഞു കൊടുത്ത് മൈതാനങ്ങളിലേക്ക് അവരെ എത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മെനക്കെടണം.

അങ്ങനെ എത്തിക്കുന്നവരെ നന്നായി പരിശീലിപ്പിക്കണം, സൗകര്യങ്ങള്‍ കൊടുക്കണം, വളര്‍ത്തിയെടുക്കണം. നമുക്കുള്ള സംവിധാനങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയിരുന്നെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം ഇങ്ങനെ ചോദ്യങ്ങളാല്‍ വലയില്ലായിരുന്നു. ഇനിയിപ്പോള്‍ വരാനിരിക്കുന്ന വര്‍ഷം എന്താണ് തരിക? പുതിയ പ്രതീക്ഷകളോ ഉത്തരങ്ങളോ, അതോ പുതിയ ചോദ്യങ്ങളോ... കാത്തിരിക്കാം

Story first published: Sunday, December 22, 2024, 16:59 [IST]
Other articles published on Dec 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+