ലണ്ടന്‍: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന ഫുട്ബോള്‍ സൗഹൃദ മല്‍സരങ്ങളില്‍ വമ്പന്മാര്ക്ക് തകര്‍പ്പന്‍ ജയം. ഉറുഗ്വേ, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരാണ് വിജയത്തോടെ കരുത്ത് കാട്ടിയത്. ഉറുഗ്വേ 3-0ന് ഉസ്ബെക്കിസ്താനെയും ഇംഗ്ലണ്ട് 2-0ന് കോസ്റ്ററിക്കയെയും പോര്‍ച്ചുഗല്‍ 3-0ന് അള്ജീരിയെയുമാണ് തകര്‍ത്തത്. ദക്ഷിണ കൊറിയ-ബൊളീവിയ പോരാട്ടം 0-0നും ഐസ്ലന്ഡ്-ഘാന മല്‍സരം 2-2നും അവസാനിച്ചു.
ഉസ്ബെക്കിസ്താനെതിരേ ജിയോര്‍ജിയന്‍ ഡി അറസകെറ്റ (32ാം മിനിറ്റ്), ലയിസ് സുവാറസ് (53), ജോസ് ജിമിനെന്സ് (73) എന്നിവരാണ് ഉറുഗ്വേയ്ക്കു വേണ്ടി നിറയൊഴിച്ചത്. കോസ്റ്ററിക്കയ്ക്കെതിരേ മാര്‍കസ് റഷ്ഫോര്‍ഡ് (13ാം മിനിറ്റ്), ഡാനി വെല്‍ബാക്ക് (76) എന്നിവര്‍ ഇംഗ്ലണ്ടിനായി ലക്ഷ്യംകണ്ടു. എന്നാല്‍, ഇരട്ട ഗോള്‍ നേടിയ ഗോണ്‍സാലോ ഗുയിഡസാണ് അള്‍ജീരിയക്കെതിരേ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.
17, 55 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ബ്രൂണോ ഫെര്‍ണാണ്ടസാണ് (38ാം മിനിറ്റ്) പോര്‍ച്ചുഗലിന്റെ മറ്റൊരു ഗോള്‍ സ്കോറര്‍. റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ നിരയില്‍ തിരിച്ചെത്തിയിരുന്നു. പോര്‍ച്ചുഗലിനു വേണ്ടി താരത്തിന്റെ 150ാം മല്‍സരം കൂടിയായിരുന്നു ഇത്.