വിയെന്ന: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മല്‍സരങ്ങളില്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന റഷ്യക്കും ഏഷ്യന്‍ വമ്പന്‍മാരായ ജപ്പാനും ഞെട്ടിക്കുന്ന തോല്‍വി. റഷ്യന്‍ ലോകകപ്പിന് യോഗ്യത ലഭിക്കാത്ത ഓസ്ട്രിയയോടും ഘാനയോടുമാണ് റഷ്യയും ജപ്പാനും പരാജയം ഏറ്റുവാങ്ങിയത്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഓസ്ട്രിയ റഷ്യയെ തോല്‍പ്പിച്ചത്. 28ാം മിനിറ്റില്‍ അലെസാന്‍ഡ്രോ സ്‌കൂഫിന്റെ വകയായിരുന്നു ഓസ്ട്രിയയുടെ വിജയഗോള്‍.

എന്നാല്‍, സ്വന്തം തട്ടകത്തില്‍ ജപ്പാന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഘാനയ്ക്കു മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഒമ്പതാം മിനിറ്റില്‍ തോമസ് ടെയെ പര്‍ട്ടേയും 51ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ വാമെ ബോട്ടെങുമാണ് ഘാനയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. പുതിയ പരിശീലകനായ അകിറ നിഷിനോയുടെ കീഴില്‍ ജപ്പാന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.
മറ്റൊരു സൗഹൃദ മല്‍സരത്തില്‍ എസ്‌റ്റോണിയ എതിരില്ലാത്ത രണ്ട് ഗോളിന് ലിത്വാനിയയെ തോല്‍പ്പിച്ചു. ഇരു ടീമിനും റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.