പാരിസ്/ലിസ്ബണ്‍: റഷ്യന്‍ ഫിഫ ലോകകപ്പിന് മുമ്പുള്ള സൗഹൃദ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ് വിജയക്കൊടി നാട്ടിയപ്പോള്‍ ശക്തരായ പോര്‍ച്ചുഗലിന് സമനില കുരുക്ക് നേരിട്ടു. ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. ഫ്രാന്‍സിനു വേണ്ടി ഒലിവര്‍ ജിറോഡ് (40ാം മിനിറ്റ്), നാബില്‍ ഫെക്കിര്‍ (44) എന്നിവരാണ് ലക്ഷ്യംകണ്ടത്.

എന്നാല്‍, ടുണീഷ്യക്കെതിരേ രണ്ട് ഗോളിനു മുന്നില്‍ നിന്നതിനു ശേഷമാണ് പോര്‍ച്ചുഗല്‍ സമനില വഴങ്ങിയത്. ആന്ദ്രെ സില്‍വ (22ാം മിനിറ്റ്), ജോഹോ മാരിയോ (34) എന്നിവരാണ് പോര്‍ച്ചുഗലിനു വേണ്ടി ലക്ഷ്യംകണ്ടത്. അനിസി ബഡ്രി (39ാം മിനിറ്റ്), ഫെഖര്‍ദിനെ ബെന്‍ യൂസഫ് (64) എന്നിവരിലൂടെയാണ് ടുണീഷ്യ ഗോളുകള്‍ മടക്കിയത്. റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തിലാണ് പോര്‍ച്ചുഗല്‍ ടുണീഷ്യക്കെതിരേ കളത്തിലിറങ്ങിയത്.
മറ്റു മല്‍സരങ്ങളില്‍ ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാത്ത ഇറ്റലിയും തുര്‍ക്കിയും റഷ്യന്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന ഇറാനെയും സൗദി അറേബ്യയെയും തോല്‍പ്പിച്ചു. തുര്‍ക്കി 2-1ന് ഇറാനെയും ഇറ്റലി ഇതേ സ്‌കോറിന് സൗദിയെയും പരാജയപ്പെടുത്തുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ദക്ഷിണ കൊറിയ 2-0ന് ഹോണ്ടുറാസിനെ തോല്‍പ്പിച്ചു.