ടുറിന്‍: റഷ്യന്‍ ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മല്‍സരങ്ങളില്‍ ചിലിക്കും മൊറോക്കോയ്ക്കും വിജയം. ചിലി എതിരില്ലാത്ത ഒരു ഗോളിന് സെര്‍ബിയയെ തോല്‍പ്പിച്ചപ്പോള്‍ മൊറോക്കോ 2-1ന് സ്ലൊവാക്യയെ പരാജയപ്പെടുത്തുകയായിരുന്നു.
അതേസമയം, റഷ്യന്‍ ലോകകപ്പിന് യോഗ്യത ലഭിക്കാതെ പോയ ഗ്ലാമര്‍ ടീമുകളായ ഇറ്റലിയും ഹോളണ്ടും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുവരും തമ്മിലുള്ള സൗഹൃദ മല്‍സരം 1-1നാണ് അവസാനിച്ചത്. 67ാം മിനിറ്റില്‍ സിമോണി സാസയിലൂടെ ഇറ്റലിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 69ാം മിനിറ്റില്‍ ഡൊമെനികോ ക്രിസ്‌കിറ്റോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അസൂറികള്‍ 10 പേരായി ചുരുങ്ങി. 88ാം മിനിറ്റില്‍ നതാന്‍ അകെയിലൂടെ ഹോളണ്ട് സമനില ഗോളും കണ്ടെത്തുകയായിരുന്നു.

സെര്‍ബിയക്കെതിരേ 88ാം മിനിറ്റില്‍ ഗുയിലെര്‍മോ മാരിപനാണ് ചിലിയുടെ വിജയഗോള്‍ നേടിയത്. 59ാം മിനിറ്റില്‍ ജാന്‍ ഗ്രിഗസിന്റെ ഗോളിലൂടെ മുന്നിലെത്തിയ സ്ലൊവാക്യയെ മൊറോക്കോ 64ാം മിനിറ്റില്‍ അയൂബ് എല്‍ കാബി, 74ാം മിനിറ്റില്‍ യൂനസ് ബെല്‍ഹാന്‍ഡ എന്നിവരുടെ ഗോളിലൂടെ മറികടക്കുകയായിരുന്നു.