ഗ്രൂപ്പ് ജിയിലെ ഗ്ലാമര്‍ പോരാട്ടമായിരുന്നു ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മിലുള്ളത്. ഗ്രൂപ്പ് ചാംപ്യന്‍മാരെ തിരഞ്ഞെടുക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് ബെല്‍ജിയം പരാജയപ്പെടുത്തുകയായിരുന്നു. 51ാം മിനിറ്റില്‍ അദ്‌നാന്‍ ജനുസായാണ് തകര്‍പ്പന്‍ ഷൂട്ടിലൂടെ ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. ഹാട്രിക്ക് വിജയത്തോടെ ഗ്രൂപ്പ് ജി ചാംപ്യന്‍മാരായി ബെല്‍ജിയം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്തു. തോറ്റെങ്കിലും ആദ്യ രണ്ട് മല്‍സരങ്ങളില്‍ വെന്നിക്കൊടി നാട്ടിയ ഇംഗ്ലണ്ട് നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇരു ടീമും കളത്തിലിറങ്ങിയത്.
എതിരാളികള്‍ക്ക് മുന്നറിയിപ്പായി ബെല്‍ജിയം
ഹാട്രിക്ക് വിജയവുമായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയ ബെല്‍ജിയം ഇത്തവണ അദ്ഭുതം കാണിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ എതിരാളികള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബെല്‍ജിയം.

പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും മേല്‍ക്കൈ നേടിയ ബെല്‍ജിയത്തിന്റെ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരേയുള്ളത്. മല്‍സരത്തില്‍ നിരവധി ഗോള്‍ അവസരങ്ങള്‍ ബെല്‍ജിയത്തിന് ലഭിച്ചിരുന്നു. ഗോളടി വീരന്‍മാരായ റൊമേലു ലുക്കാക്കുവിനും ഈഡന്‍ ഹസാര്‍ഡിനും മല്‍സരത്തില്‍ ബെല്‍ജിയം വിശ്രമം അനുവദിച്ചിരുന്നു.
പടനായകനില്ലാതെ ഇംഗ്ലണ്ട്
ടൂര്‍ണമെന്റിലെ ഗോള്‍വേട്ടയില്‍ മുന്‍പന്തിയിലുള്ള സ്റ്റാര്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ ഹാരി കെയ്‌നില്ലാതെയാണ് ഇംഗ്ലണ്ട് ബെല്‍ജിയത്തിനെതിരേ കളത്തിലിറങ്ങിയത്. ആദ്യ രണ്ട് മല്‍സരങ്ങളെ അപേക്ഷിച്ച് ഇംഗ്ലണ്ട് കുറച്ചു പിന്നിലേക്ക് പോവുന്ന കാഴ്ചയാണ് കണ്ടത്. ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇംഗ്ലണ്ടിന് അവ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ബെല്‍ജിയത്തിനെതിരേ ഇംഗ്ലണ്ട് പൊരുതി കളിക്കാന്‍ തയ്യാറായില്ലായെന്നതാണ് വാസ്തവം.