ലോകകപ്പ്: ക്രൊയേഷ്യക്കെതിരേ അര്‍ജന്റീനയ്ക്ക് പിഴച്ചതെവിടെ? ഇതാണ് തോല്‍വിയുടെ അഞ്ച് കാരണങ്ങള്‍
റഷ്യന്‍ ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പ് കിരീട ഫേവറിറ്റുകളിലൊന്നായി വിലയിരുത്തപ്പെട്ടിരുന്ന ടീമാണ് സൂപ്പര്‍താരം ലയണല്‍ മെസ്സി പടനയിക്കുന്ന അര്‍ജന്റീന. പക്ഷേ, ഗ്രൂപ്പ്ഘട്ടത്തിലെ രണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിത തിരിച്ചടികളില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവലിന്റെ വക്കിലാണ് കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്‌സപ്പായ അര്‍ജന്റീന. ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡിനെതിരേ അപ്രതീക്ഷിത 1-1ന്റെ സമനില വഴങ്ങിയ അര്‍ജന്റീന ക്രൊയേഷ്യക്കെതിരായ രണ്ടാമങ്കത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ലൂക്കാ മോഡ്രിച്ച് പടനയിക്കുന്ന ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിയും സംഘവും നാണംകെട്ടത്.
തോല്‍വിയോടെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത തുലാസിലായിരിക്കുകയാണ്. 26ന് നൈജീരിയക്കെതിരായ മല്‍സരം അര്‍ജന്റീനയ്ക്ക് ജീവന്മരണപ്പോരാട്ടമായിരിക്കുകയാണ്. നൈജീരിയക്കെതിരേ വിജയിച്ചാലും മറ്റു ടീമുകളുടെ മല്‍സര ഫലത്തെ ആശ്രയിച്ചായിരിക്കും അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി.

വില്ലനായി സാംപോളിയുടെ അതിബുദ്ധി
അര്‍ജന്റീനയുടെ തോല്‍വിയുടെ ഒന്നാമത്തെ കാരണക്കാരാന്‍ പരിശീലകന്‍ ജോര്‍ജ് സാംപോളി തന്നെയാണ്. ടീം ലൈനപ്പില്‍ സാംപോളിയുടെ അഴിച്ചുപണിയാണ് അര്‍ജന്റീനയെ ദയനീയ പരാജയത്തിലേക്ക് തള്ളിയിട്ടത്. ഗോണ്‍സാലോ ഹിഗ്വയ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, പൗലോ ദിബാല എന്നിവരെ ആദ്യ ഇലവനില്‍ പുറത്തിരുത്തിയത് തുടക്കത്തില്‍ തന്നെ എതിരാളികള്‍ക്കു മേല്‍ മേധാവിത്വം നേടാനുള്ള അര്‍ജന്റീനയുടെ അവസരങ്ങളെയാണ് നഷ്ടപ്പെടുത്തിയത്. രണ്ടാംപകുതിയില്‍ ഹിഗ്വയ്‌നെയും ദിബാലയെയും കളത്തിലിറക്കിയെങ്കിലും അത് അര്‍ജന്റീനയ്ക്ക് നേട്ടമായി മാറിയില്ല. 3-4-3 എന്ന സാംപോളിയുടെ ശൈലിയും ക്രൊയേഷ്യക്കെതിരേ പാളിപ്പോയി.

കബാല്ലെറോയുടെ പിഴവുകള്‍
ആദ്യപകുതിയില്‍ ഗോള്‍രഹിതമായി പിരിഞ്ഞ മല്‍സരത്തില്‍ രണ്ടാംപകുതിയില്‍ ക്രൊയേഷ്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത് അര്‍ജന്റീന ഗോള്‍കീപ്പര്‍ വില്ലി കബാല്ലെറോയുടെ പിഴവായിരുന്നു. ഡിഫന്‍ഡര്‍ ഗബ്രിയേല്‍ മെര്‍കാഡോയുടെ മൈനസ് പാസ് ക്ലിയര്‍ ചെയ്യാനുള്ള ഗോള്‍കീപ്പര്‍ കബാല്ലെറോയുടെ നീക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഗോള്‍ മുഖത്തുനിന്ന് ലഭിച്ച പന്ത് ആന്റെ റെബിച്ചിന് അര്‍ജന്റീനയുടെ ഗോള്‍വലയിലേക്ക് തട്ടിയിടാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രൊയേഷ്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകളിലും കബാല്ലെറോയുടെ പിഴവ് പ്രകടമായിരുന്നു..

പ്രതിരോധിക്കാത്ത പ്രതിരോധനിര
അര്‍ജന്റീന ഗോള്‍കീപ്പറുടെ പിഴവിനെ മാത്രം പഴിച്ചിട്ട് കാര്യമില്ല. ക്രൊയേഷ്യന്‍ മുന്നേറ്റനിരയെ രണ്ടാംപകുതിയില്‍ തുറന്നുവിട്ട അര്‍ജന്റീന പ്രതിരോധനിരയും കനത്ത തോല്‍വിയിലെ മുഖ്യ കാരണക്കാരാണ്. നിക്കോളാസ് ഒട്ടാമെന്‍ഡി, ഗബ്രിയേല്‍ മെര്‍കാഡോ, നിക്കോളാസ് ടഗ്ലിയാഫിക്കോ എന്നിവരായിരുന്നു അര്‍ജന്റീനയുടെ പ്രതിരോധ താരങ്ങള്‍.

നിരാശപ്പെടുത്തി മെസ്സിയും മുന്നേറ്റനിരയും
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സൂപ്പര്‍താരം ലയണല്‍ മെസ്സി നിറംമങ്ങിയത് അര്‍ജന്റീനയുടെ തോല്‍വിയുടെ ആഘാതം കൂട്ടി. ഒന്ന് രണ്ട് നീക്കങ്ങള്‍ ഒഴിച്ചുനിറുത്തിയാല്‍ മെസ്സി കളിക്കളത്തില്‍ ശരിക്കും കാഴ്ചക്കാരനെ പോലെയായിരുന്നു.
മെസ്സിക്കു പുറമേ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ, മിഡ്ഫീല്‍ഡര്‍ എന്‍സോ പെരസ്, സ്‌ട്രൈക്കര്‍ മാക്‌സിമിലിയാനോ മെസ്സ എന്നിവരും മല്‍സരത്തില്‍ നിരാശപ്പെടുത്തി. അഗ്വേറോയ്ക്ക് പന്തെത്തിച്ചു കൊടുക്കുന്നതില്‍ അര്‍ജന്റീനയുടെ മധ്യനിര പരാജയപ്പെട്ടു. ഒന്നാംപകുതിയിലെ അവസാന 21 മിനിറ്റില്‍ ഒരിക്കല്‍പ്പോലും അഗ്വേറോയ്ക്ക് പന്ത് ലഭിക്കാതെ പോയത് അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു.

മോഡ്രിച്ചിനെ പിടിച്ചുകെട്ടുന്നതിലെ പരാജയം
ക്രൊയേഷ്യന്‍ മുന്നേറ്റനിരയ്ക്ക് പന്തെത്തിച്ചു കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റനും സ്റ്റാര്‍ മിഡ്ഫീല്‍ഡറുമായ ലൂക്കാ മോഡ്രിച്ചിനെ പിടിച്ചു കെട്ടുന്നതില്‍ അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു. മോഡ്രിച്ചിന്റെ മുന്നേറ്റങ്ങളാണ് പലപ്പോഴും അര്‍ജന്റീന ഗോള്‍മുഖത്ത് ഭീതി സൃഷ്ടിച്ചത്. മല്‍സരത്തില്‍ ബുള്ളറ്റ് ഷോട്ടിലൂടെ ഒരു ഗോള്‍ നേടുകയും ചെയ്ത മോഡ്രിച്ച് തന്നെയായിരുന്നു കളിയിലെ കേമനും.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications