ദില്ലി: റഷ്യയില്‍ നടക്കാനിരിക്കുന്ന 2018 ഫിഫ ലോകകപ്പ് ഏത് ടീം സ്വന്തമാക്കും?. ഈ ചോദ്യം ഉന്നയിച്ചാല്‍ ബ്രസീല്‍, അര്‍ജന്റീന എന്നിങ്ങനെ തങ്ങളുടെ പ്രിയ ടീമുകളുടെ പേരാണ് മനസ്സിലുയരുക. എന്നാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയോട് ഈ ചോദ്യം ചോദിച്ചാല്‍ മറുപടി ജര്മനിയെന്നാകും. ഒരു ടീമെന്ന നിലയില്‍ ജര്‍മനിയുടെ മികവിനെ താന്‍ ആരാധിക്കുന്നതായും ഛേത്രി വ്യക്തമാക്കുന്നു.
ജൂണ്‍ 14-നാണ് ഭൂമിയിലെ ഏറ്റവും വലിയ സ്പോര്‍ട്സ് മാമാങ്കങ്ങളില്‍ ഒന്നായ ഫിഫ ലോകകപ്പിന് പന്തുരുളുക. ആതിഥേയരായ റഷ്യയും, സൗദി അറേബ്യയും തമ്മില്‍ ലുസ്നികി സ്റ്റേഡിയത്തിലാണ് പ്രഥമ മത്സരം. ലയണല്‍ മെസിയുടെ അര്‍ജന്റീനയെ 1-0ന് തോല്‍പ്പിച്ച് ബ്രസീലിലെ റയോ ഡി ജനീറോയില്‍ വെച്ച് കപ്പും കൊണ്ടുപോയ ജേതാക്കളെന്ന നിലയിലാണ് ജര്‍മനി ടൂര്‍ണമെന്റിനെത്തുന്നത്. എക്സ്ട്രാ ടൈമിലാണ് മാരിയോ ഗോട്സെ ചരിത്ര ഗോളിലൂടെ രാജ്യത്തിന് നാലാം ലോകകപ്പ് സമ്മാനിച്ചത്.
താന്‍ നിഷ്പക്ഷമായി നില്ക്കുന്ന ഫുട്ബോള്‍ ആരാധകനാണെന്ന് സുനില്‍ ഛേത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. ജര്‍മന്‍ ടീമിന്റെ ഒത്തൊരുമയും, ബ്രസീലിന്റെ ആവേശവും, സ്പെയിനിന്റെ പന്തടക്കവും ഏറെ ഇഷ്ടമാണ്. ഓരോ ടീമുകളും വ്യത്യസ്തമാണ്. എന്നിരുന്നാലും ബെറ്റ് വെയ്ക്കാന്‍ പറ്റിയ ടീം ഏതെന്ന് ചോദിച്ചാല്‍ ജര്‍മനി തന്നെയാണ് ബെസ്റ്റ്.
ഈ ടൂര്‍ണമെന്റിലും അവര്‍ മികവ് പുലര്‍ത്തുമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതീക്ഷ. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ബി ടീമുമായി എത്തിയിട്ടും ജോവാക്വിം ലോവിന്റെ ജര്‍മനി കപ്പുമായാണ് തിരികെ പോന്നത്. അതുകൊണ്ട് തന്നെ ഈ ടീമിന്റെ മികവിനെക്കുറിച്ച് ആര്‍ക്കും സംശയം കാണില്ല, ഒപ്പം പ്രതീക്ഷകള്‍ ഏറെയുമാണ്.