ലോകകപ്പിന്റെ ആവേശം അഞ്ചാം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. നാലു ടീമുകളൊഴികെ ശേഷിച്ച ആറു പേരും അഞ്ചു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിലവില്‍ സെമി ഫൈനലിനു തൊട്ടരികിലെത്തി നില്‍ക്കുന്നത് ടീം ഇന്ത്യയാണ്. ഒരു മല്‍സരം കൂടി ജയിക്കാനായാല്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും സെമിയിലെത്തുന്ന ആദ്യത്തെ ടീമായി മാറാം. 10 പോയിന്റുമായാണ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്തു നില്‍ക്കുന്നത്. എട്ടു പോയിന്റ് വീതം നേടി സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്.
വലിയ പ്രതീക്ഷകളുമായി ലോകകപ്പിനെത്തിയ ശേഷം വന്‍ ദുരന്തമായി മാറിയ ചില ടീമുകളുണ്ട്. കിരീടഫേവറിറ്റുകളായ ടീമുകളും ഇക്കൂട്ടത്തിലുണ്ട്. താരങ്ങളുടെ ദയനീയ പ്രകടനത്തോടൊപ്പം മോശം ക്യാപ്റ്റന്‍സിയും ഈ ടീമുകള്‍ക്കു തിരിച്ചടിയായിട്ടുണ്ടെന്നു പറയാം. ലോകകപ്പിലെ ഏറ്റവും മോശം ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമാണ് ഇക്കൂട്ടത്തിലെ ഒരാള്‍. ടൂര്‍ണമെന്റ് ഇന്ത്യയിലായതിനാല്‍ തന്നെ വലിയ പ്രതീക്ഷകളോടെയായിരുന്നു ബാബറിനു കീഴില്‍ പാക് സംഘം ഇവിടെയത്തിയത്. എന്നാല്‍ ഇപ്പോള്‍ അവര്‍ സെമി ഫൈനലിലെത്തുമോയെന്ന കാര്യം പോലും സംശയമാണ്. അഞ്ചു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ പാക് ടീമിനു ജയിക്കാനായിട്ടുള്ളൂ. അവസാനത്തെ മൂന്നു കളിയിലും അവര്‍ തോല്‍ക്കുകയും ചെയ്തു.
ശേഷിക്കു നാലു മല്‍സരങ്ങളിലും ജയിക്കാനായാല്‍ മാത്രമേ പാകിസ്താനു ഇനി സെമി പ്രതീക്ഷയുള്ളൂ. അതോടൊപ്പം മറ്റു ചില മല്‍സരഫലങ്ങള്‍ അനുകൂലമായി വരികയും വേണം. ബാബറിന്റെ മോശം ക്യാപ്റ്റന്‍സിയും പാക് പതനത്തിനു തീര്‍ച്ചയായും കാരണമായിട്ടുണ്ട്. നായകനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാനോ അഗ്രസീവ് തീരുമാനങ്ങളെടുക്കാനോ അദ്ദേഹത്തിനു സാധിക്കുന്നില്ല.
മികച്ച ബാറ്റിങ് നിരയും ലോകോത്തര പേര് ബൗളിങ് നിരയുമുണ്ടായിട്ടും പാകിസ്താന്‍ ടീം പതറുന്നുവെങ്കില്‍ കുഴപ്പം ബാബറിന്റേത് തന്നെയാണെന്നു ഉറപ്പിച്ച് പറയാം. ബാറ്റിങിലും ബൗളിങിലും സ്ഥിരതയില്ലാത്ത പ്രകടനമാണ് പാക് ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നം. ലോകകപ്പില്‍ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായാല്‍ ബാബറിനെ നായകസ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. 2019ല്‍ നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്തിയ ഇംഗ്ലണ്ട് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യയിലെത്തിയത്. പക്ഷെ നാലു മല്‍സരങ്ങള്‍ക്കു ശേഷം പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്താണ് ഇംഗ്ലണ്ട്.
നാലു മല്‍സരങ്ങളില്‍ ഒരേയൊരു ജയം മാത്രമേ ഇംഗ്ലണ്ടിനു നേടാനായിട്ടുള്ളൂ. ബാക്കിയുള്ള മൂന്നു കളിയിലും അവര്‍ തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ബട്‌ലര്‍ക്കു കീഴില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ ഈ ലോകകപ്പിലും അവര്‍ പ്രകടനം ആവര്‍ത്തിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു.

ക്യാപ്റ്റന്റെ റോളില്‍ മാത്രമല്ല ബാറ്ററുടെ റോളിലും ബട്‌ലര്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. ടീം സെലക്ഷനിലും കളിക്കളത്തില്‍ നിര്‍ണായക ഘട്ടങ്ങളില്‍ മികച്ച തീരുമാനങ്ങളെടുക്കുന്നതിലും അദ്ദേഹം പരാജയമായി. ലോകകപ്പിലെ മോശം പ്രകടനം കാരണം ബട്‌ലറുടെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടിരുക്കുകയാണ്.
ശ്രീലങ്കന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ദസുന്‍ ഷനകയാണ് ഫ്‌ളോപ്പായ മൂന്നാമത്തെ നായകന്‍. നേരത്തേ ഏഷ്യാ കപ്പില്‍ ലങ്കയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. പക്ഷെ ഈ ലോകകപ്പില്‍ ഷനകയ്ക്കു ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടുനയിക്കാനായില്ല. നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിച്ച ലങ്കയ്ക്കു ശേഷം മൂന്നു കളികളിലും പരാജയം നേരിട്ടു.
ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും മോശം ബൗളിങും ഫീല്‍ഡിങുമാണ് ലങ്കയ്ക്കു തിരിച്ചടിയായി മാറിയത്. ക്യാപ്റ്റനെന്ന നിലയില്‍ ഷനകയുടെ പല തീരമാനങ്ങളും പിഴച്ചിരുന്നു. ഓള്‍റൗണ്ടറുടെ റോളില്‍ ഷനകയ്ക്കു കാര്യമായൊന്നും സംഭാവന ചെയ്യാനുമായില്ല. നിലവില്‍ പരിക്കേറ്റ് അദ്ദേഹം പിന്മാറിയതോടെ കുശാല്‍ മെന്‍ഡിസിനാണ് ശ്രീലങ്കയെ ടൂര്‍ണമെന്റില്‍ നിന്നും നയിച്ചുകൊണ്ടിരിക്കുന്നത്.