Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചി കിടുക്കാന്‍ മെസ്സിപ്പട എത്തും!! ഇന്ത്യയിലേക്കു ഇതു രണ്ടാം വരവ്, അന്നു ജയിച്ചതാര്?

കോഴിക്കോട്: കേരളത്തിലെ കാല്‍പന്തുകളി ആരാധകരുടെ ആ സ്വപ്‌നം ഒടുവില്‍ യാഥാര്‍ഥ്യമാവുന്നു. ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരളായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പന്തു തട്ടാനെത്തുമെന്ന് ഉറപ്പായി. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മെസ്സിയുള്‍പ്പെട്ട അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദ മല്‍സരം കളിക്കാനെത്തുമെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇപ്പോഴാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്.

അടുത്ത വര്‍ഷം കൊച്ചിയിലായിരിക്കും അര്‍ജന്റീന ടീം രണ്ടു സൗഹൃദ മല്‍സരങ്ങള്‍ കളിക്കുക. വേദിയും തിയ്യതിയും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവും അര്‍ജന്റൈന്‍ ടീമിന്റെ അധികൃതര്‍ ഉടന്‍ കേരളത്തിലെത്തും.

അതിനു ശേഷമായിരിക്കും ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയെന്നാണ് അബ്ദുറഹ്മാന്‍ പറയുന്നത്. ഇതാദ്യമായിട്ടല്ല മെസ്സിയുള്‍പ്പെട്ട അര്‍ജന്റീനയുടെ പ്രധാന ടീം ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. നേരത്തേയും ഒരു തവണ അവര്‍ ഇവിടെ സൗഹൃദ മല്‍സരം കളിച്ചിട്ടുണ്ട്. അന്നു എന്താണ് സംഭവിച്ചതെന്നു നോക്കാം.

LIONEL MESSI

രണ്ടാം വരവ്

ലയണല്‍ മെസ്സിയുള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനെത്തുന്നത് ഇതാദ്യമാണെങ്കിലും ഇന്ത്യയില്‍ നേരത്തേ ഒരു തവണ അവര്‍ കളിച്ചിട്ടുണ്ട്. 2011ല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തിലാണ് മെസ്സിയുടെ അര്‍ജന്റൈന്‍ ടീം പോരിനിറങ്ങിയത്. ലാറ്റിനമേരിക്കയില്‍ നിന്നു തന്നെയുള്ള മറ്റൊരു ടീമായ വെനസ്വേലയായിരുന്നു സൗഹൃദ മല്‍സരത്തില്‍ അവരുടെ എതിരാളികള്‍.

75.000ത്തോളം കാണികളെ സാക്ഷി നിര്‍ത്തിയാണ് മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും ഗോണ്‍സാലോ ഹിഗ്വയ്‌നും ഹാവിയര്‍ മഷെറാനോയുമെല്ലാം ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ സൂപ്പര്‍ ടീം വെനസ്വേലയുമായി കൊമ്പുകോര്‍ത്തത്. ആവേശകമായ പോരാട്ടത്തില്‍ അര്‍ജന്റീന ടീം 1-0നു ജയിച്ചുകയറുകയും ചെയ്തു.

കളം നിറഞ്ഞ് മെസ്സിപ്പട

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിത്തിലേക്കു ഒഴുകിയെത്തിയ ഫുട്‌ബോള്‍ പ്രേമികളുടെ മനം നിറയ്ക്കുന്ന പ്രകടനമാണ് വെനസ്വേലയ്‌ക്കെതിരേ അര്‍ജന്റീനയുടെ സൂപ്പര്‍ ടീം പുറത്തെടുത്തത്. വെനസ്വേലയെ സമ്മര്‍ദ്ദത്തിലാക്കി ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ക്കാന്‍ ലയണല്‍ മെസ്സിക്കും സംഘത്തിനുമായിരുന്നു. പക്ഷെ ഗോള്‍ മാത്രം വന്നില്ല.

ലഭിച്ച ഗോളവസരങ്ങള്‍ അര്‍ജന്റീന മുതലാക്കിയിരുന്നെങ്കില്‍ 5-6 ഗോളുകള്‍ക്കെങ്കിലും ഉറപ്പായും ജയിക്കാന്‍ സാധിക്കുമായിരുന്നു. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങുമെന്നു ഭയപ്പെട്ട മല്‍സരത്തില്‍ ഒടുവില്‍ സമനിലപ്പൂട്ട് പൊട്ടിച്ചത് അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയായിരുന്നു.

70ാം മിനിറ്റില്‍ മെസ്സിയുടെ കോര്‍ണര്‍ കിക്ക് മിന്നുന്ന ഹെഡ്ഡറിലൂടെ ഒട്ടാമെന്‍ഡി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ അതുവരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന കാണികള്‍ ആവേശത്താല്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. 2014ല്‍ ഒരു അഭിമുഖത്തില്‍ ഇന്ത്യയില്‍ തനിക്കും അര്‍ജന്റീന ടീമിനും ലഭിച്ച പിന്തുണയെയും സ്‌നേഹത്തെയും കുറിച്ച് മെസ്സി തുറന്നു പറയുകയും ചെയ്തിരുന്നു.

ARGENTINA

അവസാനമായി ഞാന്‍ ഇന്ത്യയില്‍ കളിച്ചപ്പോള്‍ ഈ രാജ്യം കാണിച്ച ഊഷ്മളതയും അഭിനിവേശവും കാരണം ഞാന്‍ മതിമറന്നു. ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളാണ് എനിക്കു ഇവിടെയുള്ളത്. ഈ രാജ്യവുമായി എല്ലായ്‌പ്പോഴും ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ താനും കുടുംബവും എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നതായും മെസ്സി വെളിപ്പെടുത്തിയിരുന്നു.

Story first published: Wednesday, November 20, 2024, 13:40 [IST]
Other articles published on Nov 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+